ADVERTISEMENT

ട്രാൻസ്ജെൻഡേഴ്സിനെ പൂർണമനസ്സോടെ ചേർത്തുനിർത്താൻ ഇപ്പോഴും മടി കാട്ടുന്നവരുണ്ട് സമൂഹത്തിൽ. പരിഹാസവും പുച്ഛവും നിറഞ്ഞ വട്ടപ്പേരുകളും പലപ്പോഴും ഇവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. സാമ്പ്രദായികമായ ആൺ–പെൺ കോളങ്ങളിൽ ഒതുങ്ങാത്ത ഇത്തരം ജീവിതങ്ങളെ ഔദ്യോഗികമായി ട്രാൻസ്ജൻഡർ എന്നു വിളിക്കുന്നു. പരിഹസിക്കും മുൻപ് ഇവരെ അറിയാൻ ശ്രമിക്കാം. 

ഒരു വ്യക്തിയുടെ ലിംഗം നിർണയിക്കുന്നത് ജീവശാസ്ത്രം, ക്രോമസോമുകൾ, ശരീരശാസ്ത്രം, ഹോർമോണുകൾ ഇതെല്ലാമാണ്. എന്നാൽ ഒരു വ്യക്തിയുടെ ജെൻഡർ ഐഡന്റിറ്റി– ആണോ പെണ്ണോ അതോ ആണും പെണ്ണുമോ എന്നുള്ള ഒരു ഉൾബോധം– ജീവശാസ്ത്രവുമായി എപ്പോഴും ചേരണമെന്നില്ല. ട്രാൻസ്ജെൻഡർ ആളുകൾ പറയും അവരുടെ സെക്സ് (ആണോ പെണ്ണോ എന്നത്) ശാരീരികമായി അവരെന്താണോ അതല്ല എന്നത്. അതായത് സെക്‌ഷ്വലി ആണായ ഒരാൾക്ക് തോന്നുകയാണ്, താൻ പെണ്ണാണെന്നും തന്റെ ചിന്തകൾ ഒരു പെണ്ണിന്റേതാണെന്നും. അതുപോലെ സെക്‌ഷ്വലി പെണ്ണ് ആയ ഒരാൾക്ക് തോന്നുകയാണ് താനൊരു പുരുഷനാണെന്ന്.

വളർച്ചയുടെ ഒരു ഘട്ടത്തിൽ, താൻ ജനിച്ചപ്പോഴുള്ള വ്യക്തിത്വവുമായി യോജിക്കാതെ വരുക എന്നതാണ് ട്രാൻസ്ജൻഡേഴ്സിന് കൊടുക്കുന്ന നിർവചനം. ട്രാൻസ്ജൻഡർ ആയ ഒരു വ്യക്തി കടുത്ത മാനസികവും ശാരീരികവും വൈകാരികവുമായ അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ട്. ട്രാൻസ് ആയ ഒരു വ്യക്തിയുടെ സ്വത്വം ചികിത്സ ചെയ്ത് മാറ്റാൻ ശ്രമിച്ചാലും മാറുകയില്ല. 

ഭൂരിപക്ഷത്തിൽനിന്നു വ്യത്യസ്തമായ ലൈംഗിക ചായ്‍വ് ഉള്ള ന്യൂനപക്ഷമായ എൽജിബിടി (Lesbian, Gay, Bisexual, Trans) യിലെ ‘ടി’ എന്ന വിഭാഗമാണ് ട്രാൻസ്ജൻഡേഴ്സ്. ട്രാൻസ്മാൻ, ട്രാൻസ് വുമൺ എന്നിങ്ങനെ ഇവരെ രണ്ടായി തിരിക്കാം. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവർ ട്രാൻസ് സെക്‌ഷ്വല്‍ എന്നറിയപ്പെടുന്നു. 

ഏതു പ്രായത്തിൽ ആണ് ‘ട്രാൻസ്’ ആവുക?

ചിലർ കുട്ടിക്കാലം മുതലെ ട്രാൻസ്ജെൻഡർ ആകാം. പക്ഷേ കൗമാര പ്രായം എത്തുമ്പോഴോ മുതിർന്ന വ്യക്തി ആകുമ്പോഴോ മാത്രമാകും തിരിച്ചറിയുക. കുട്ടിയുണ്ടായ ശേഷമോ ജോലിയിൽനിന്നു വിരമിച്ചതിനു ശേഷമോ ഈ വിഭാഗത്തിൽ എത്തുന്നവരും ഉണ്ട്. അവർക്ക് അവരെ വെളിപ്പെടുത്താൻ സാധിക്കാഞ്ഞിട്ടോ അല്ലെങ്കിൽ ജീവിതത്തിൽ വൈകി മാത്രം താൻ ട്രാൻസ് ആണെന്നും തിരിച്ചറിയുന്നതോ ആകാം കാരണം. 

ഒരു കുഞ്ഞിന് കുട്ടിക്കാലത്ത് തന്റെ ഐഡന്റിറ്റി വെളിപ്പെടണമെന്നില്ല. അവന് കൗമാരപ്രായം അല്ലെങ്കിൽ puberty എത്തുമ്പോഴാകും ചിന്തകൾ മാറുന്നത്. കുട്ടിയുടെ ചിന്തയെ ബഹുമാനിക്കുകയും അവന് സ്നേഹവും പിന്തുണയും നൽകുകയും ചെയ്യണം. ഒരിക്കലും ആണിനെപ്പോലെ അല്ലെങ്കിൽ പെണ്ണിനെപ്പോലെ പെരുമാറൂ എന്ന് നിർബന്ധിക്കരുത്. 

ചിലർ തങ്ങളുടെ ഉള്ളിലെ തോന്നലുകൾ അനുസരിച്ച് വസ്ത്രധാരണം, േപര്, തലമുടിയുടെ സ്റ്റൈൽ ഇതിലൊക്കെ മാറ്റം വരുത്തും. ചിലരാകട്ടെ ഹോർമോൺ ഉപയോഗിച്ചും ശസ്ത്രക്രിയ വഴിയും തന്റെ ചിന്തയിലെ രൂപത്തിലേക്കെത്തും. 

കമിങ് ഔട്ട്

തങ്ങളുടെ ജെൻഡർ ഐഡന്റിറ്റിയെപ്പറ്റി മറ്റുള്ളവരോട് പറയാൻ തീരുമാനിക്കുന്ന നിമിഷം– കമിങ് ഔട്ട് – എന്നാണ് ഈ ഘട്ടത്തെ വിളിക്കുന്നത്. ഒരു വലിയ പടിയാണ് അവർ താണ്ടുന്നത്. മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുമെന്ന് ഒരൂഹവും കാണില്ല. ചിലപ്പോൾ വീട്ടുകാരുൾപ്പെടെ ഇവരെ പിന്തുണയ്ക്കും. ചിലരാകട്ടെ തങ്ങളുടെ പ്രിയപ്പെട്ട മകനെ/മകളെ/ ബന്ധുവിനെ മനസ്സിലാക്കാൻ കുറച്ചു സമയമെടുക്കും. എന്നാൽ ചിലർ ഒരിക്കലും ഇവരെ മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. 

കൂടെ നിൽക്കാം

ട്രാൻസ്ജെൻഡർ പോളിസി ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. തുല്യനീതി, വ്യക്തിസ്വാതന്ത്ര്യം, മുഖ്യധാരയിലെ പങ്കാളിത്തം, തടസ്സങ്ങളില്ലാത്ത വിദ്യാഭ്യാസം ഇവയെല്ലാം ഉറപ്പു വരുത്തുന്നതാണ് ഈ നയം. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം നൽകുന്നതു കൂടാതെ ട്രാൻസ്ജെൻഡർ സെല്ലും സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സാമൂഹികനീതി വകുപ്പ് ഇവരുടെ സഹായത്തിനുണ്ട്. 

എന്നാൽ പൊതു സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഇവരെ ലൈംഗികത്തൊഴിലാളിയായും ഭിക്ഷക്കാരായും കരുതുന്നവരും പുച്ഛിച്ചു ചിരിക്കുന്നവരും ഇപ്പോഴും ഉണ്ട്. 

ആരെങ്കിലും നിങ്ങളോട് തങ്ങളുടെ ട്രാൻസ് വ്യക്തിത്വത്തെപ്പറ്റി മനസ്സു തുറക്കുകയാണെങ്കിൽ തീർച്ചയായും അവരെ സപ്പോർട്ട് ചെയ്യണം. ‍ജെൻഡർ ഏതുമായിക്കൊള്ളട്ടെ, അവരുടെ ഒരു നല്ല സുഹൃത്താവുക. അവർ സന്തോഷമായിരിക്കട്ടെ. എല്ലാവരുടെയും പിന്തുണയാണ് അവർക്ക് ആവശ്യം. 

ട്രാൻസ്ജെൻഡറിസം ഒരു മാനസിക രോഗമല്ല

കൗൺസലിങ് ആവശ്യപ്പെടുന്ന നിരവധി ട്രാൻസ് വ്യക്തികൾ ഉണ്ട്. എന്നാൽ ട്രാൻസ്ജെൻഡർ ആവുക എന്നത് ഒരു മാനസിക രോഗമല്ല. മിക്ക ട്രാൻസ് വ്യക്തികളും വിഷാദത്തിന് അടിപ്പെടുകയോ ഉത്കണ്ഠ ബാധിക്കുകയോ സാമൂഹികമായ ഒറ്റപ്പെടലിന് വിധേയരാകുകയോ ചെയ്യാറുണ്ട്. താൻ സ്നേഹിക്കുന്നവർ തന്നെ നിരസിക്കുമോ എന്ന ഭയമാണ് ഈ വികാരങ്ങൾക്കു പിന്നിൽ. താൻ എന്താണോ, അത് ആയിത്തീരാൻ സാധിക്കാത്തതു കൊണ്ടും വിഷാദം ബാധിക്കാം. ഇത് മദ്യം, ലഹരിമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തിലേക്കോ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കോ നയിക്കാം. എന്നാൽ ധാരാളം പേർ ഇതിൽ നിന്നു പുറത്തുവരാൻ (come out) ഉള്ള തീരുമാനം എടുക്കുന്നുണ്ട്. ഇത് അവർക്ക് ആശ്വാസവും അഭിമാനവും നൽകും. യഥാർഥ ജെൻഡറിൽ ജീവിക്കുന്നതിന്റെ സംതൃപ്തി നൽകും. 

പിന്തുണയ്ക്കാം

ട്രാൻസ് ആയ വ്യക്തിയെ മനസ്സിലാക്കാനും ബഹുമാനത്തോടെ അയാളോടിടപെടാനും നമുക്കു സാധിക്കണം. അവരെ തുറിച്ചു നോക്കലും കളിയാക്കലും പുച്ഛിച്ചു ചിരിക്കലും ഒഴിവാക്കാം. ട്രാൻസ് ആയ വ്യക്തിയോട് അയാളുടെ ജനനസമയത്തെ പേര് ചോദിക്കാതിരിക്കാം. 

ആണ് പെണ്ണാകുന്നു, പെണ്ണ് ആണാകുന്നു

ഹോർമോൺ ചികിത്സയ്ക്കു ശേഷം ശസ്ത്രക്രിയയിലൂടെ ആണിന് പെണ്ണാകാം. പെണ്ണിന് ആണുമാകാം. സ്വയം ഹോർമോൺ ചികിത്സയ്ക്കു മുതിരാതെ ഒരു എൻഡോ ക്രൈനോളജിസ്റ്റിന്റെ സഹായം തേടുന്നതാണ് നല്ലത്. പൂർണമായും ഒരു സ്ത്രീ അല്ലെങ്കിൽ പുരുഷൻ ആയി മാറണം എന്നാഗ്രഹിക്കുന്നവരാണ് ശസ്ത്രക്രിയയിലൂടെ ലിംഗമാറ്റം നടത്തുന്നത്. 

ഇന്ന് ഇന്ത്യയിലും കേരളത്തിലും ട്രാൻസ് ആയവരോടുള്ള സമീപനത്തിൽ കുറെയൊക്കെ മാറ്റം വന്നുതുടങ്ങി എന്നത് ആശ്വാസകരമാണ്. LGBT കമ്യൂണിറ്റി തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ജഡ്ജി, പൊലീസ് ഓഫിസർ, കോളജ് പ്രിൻസിപ്പൽ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന ട്രാൻസ് വിമൻ ഉണ്ട്. 

കേരളത്തിലും ട്രാൻസ് ആയവരെ അംഗീകരിക്കുന്ന സമൂഹവും അവരെ തങ്ങളോടൊപ്പം ചേർത്തു നിർത്തുന്ന മനുഷ്യരുമുണ്ട് എന്നത് നല്ല വാർത്തയാണ്. 

ശീതൾ ശ്യാം, അഞ്ജലി അമീർ, രഞ്ജി രഞ്ജിമാർ, സാറാ ഷെയ്ക്ക, ആദ്യ ട്രാൻസ് ദമ്പതിമാരായ സൂര്യ– ഇഷാൻ, വിമാനം പറത്താൻ യോഗ്യത നേടിയ ആദം, മെട്രോയിൽ ജോലി നേടിയ നിരവധി പേർ ഇവരെല്ലാം സ്വന്തം ഐഡന്റിറ്റി തെളിയിച്ച് അഭിമാനത്തോടെ ജീവിതവിജയം നേടിയവരാണ്. വേദനയും പരിഹാസവും അവഗണനയും ശാരീരിക മാനസിക പീഡനങ്ങളും നേരിട്ട് തങ്ങളുടെ സ്വപ്നങ്ങളിലേക്കെത്തിയവർ.

പേരറിയാത്ത, സ്വന്തം ജെന്‍ഡർ ഐഡന്റിറ്റി വെളിപ്പെടുത്താനാകാത്ത നിരവധി പേർ നമുക്കിടയിൽ ഉണ്ട്. അത് ചിലപ്പോൾ നിങ്ങളുടെ സഹോദരനോ സഹോദരിയോ സുഹൃത്തോ പരിചയക്കാരനോ ആവാം. അവനെ അല്ലെങ്കിൽ അവളെ അവഗണിക്കാതെ, ഉപദ്രവിക്കാതെ ചേർത്തു പിടിക്കുക, സ്നേഹിക്കുക, പിന്തുണയ്ക്കുക, കൂടെനിൽക്കുക. എല്ലാവരും മനുഷ്യരാണ് എന്നത് മറക്കാതിരിക്കുക. 

English summary: What it means to be Transgender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com