ADVERTISEMENT

ശ്വാസകോശത്തിലെ കാന്‍സര്‍ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയെയാണ് ശ്വാസകോശാർബുദം അഥവാ ലങ് കാന്‍സര്‍ എന്നു വിളിക്കുന്നത്‌. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല. പലപ്പോഴും രോഗം കണ്ടു തുടങ്ങിയതിനു ശേഷമാണ് ഇതിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങുക. എന്നാല്‍ വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസതടസ്സം എന്നിവ ഉണ്ടായാല്‍ ഡോക്ടറെ കണ്ടു നിര്‍ദേശം തേടണം. 

നെഞ്ചിനകത്ത് മുൻവശത്തു നെഞ്ചെല്ല്, വാരിയെല്ല് എന്നിവ കൊണ്ടും പിറകിൽ നട്ടെല്ല്, വാരിയെല്ല് എന്നിവ കൊണ്ടുമുള്ള പ്രത്യേക അറയിലാണ് ശ്വാസകോശം സ്ഥിതി ചെയ്യുന്നത്. ശ്വാസോച്ഛ്വാസത്തിന് ആവശ്യമായ അവയവം എന്നതിനാല്‍ ശ്വാസകോശം ഏറെ പ്രാധാന്യമുള്ളതാണ്. ശരീരത്തിലെ അസിഡിറ്റി നിയന്ത്രിക്കുന്നതും ഇതാണ്. പുകവലി, വായു മലിനീകരണം എന്നിവ ശ്വാസകോശ കാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്. 

ഏഷ്യന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഓങ്കോളജിസ്റ്റ് ഡോക്ടര്‍ രമാകാന്ത് ദേശ്പാണ്ഡേ എങ്ങനെയാണ് ശ്വാസകോശ കാന്‍സര്‍ നിര്‍ണയിക്കേണ്ടത് എന്നതിനെ കുറിച്ച് പറയുന്നു.

ശ്വാസകോശ കാന്‍സര്‍ രണ്ടുതരത്തിലാണ്. സ്മോള്‍ സെല്‍ ലങ് കാന്‍സര്‍ ആണ് ഒന്ന്. ഇത് പുകവലിക്കാര്‍ക്കാണ് കൂടുതല്‍ കാണപ്പെടുന്നത്. എല്ലാ ശ്വാസകോശ കാന്‍സറുകളും ഒരേപോലെയല്ല. ഏതുതരം കോശങ്ങളില്‍ നിന്നാണ് അവ ഉണ്ടാകുന്നതെന്നതിനെ ആശ്രയിച്ച് അഡിനോ കോശ കാന്‍സറുകള്‍, സ്‌ക്വാമസ് കോശ കാന്‍സറുകള്‍, ചെറുകോശ കാന്‍സറുകള്‍ എന്നിങ്ങനെ തരം തിരിക്കാം. രോഗ വ്യാപന വേഗം, ചികിത്സയോടുള്ള പ്രതികരണം എന്നീ കാര്യങ്ങളിലൊക്കെ ഇവ വ്യത്യസ്ത സ്വഭാവമാണു കാണിക്കാറുള്ളത്. ഇതിനുപുറമേ മറ്റു പലയിനം കാന്‍സറുകളും വിവിധ ശരീരഭാഗങ്ങളിലെ കാന്‍സറുകളും ശ്വാസകോശത്തെ ബാധിക്കുന്നതും സാധാരണമാണ്.

ലക്ഷണം 

ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ചുമ, നെഞ്ചുവേദന, പെട്ടെന്നു ഭാരം കുറയല്‍, ശരീരക്ഷീണം മുതലായ ലക്ഷണങ്ങളും കണ്ടേക്കാം. കാന്‍സര്‍ മറ്റു ഭാഗങ്ങളെയും ബാധിച്ചാല്‍ വയറ്റില്‍ വെള്ളം നിറഞ്ഞു വയറുവീര്‍ക്കല്‍, മുഖത്തു നീര്, നടുവേദന, പക്ഷാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൈയിലേയും കാലിലേയും നഖഭാഗം തടിക്കുന്നത് സാധാരണയാണ്.

കാരണങ്ങള്‍ 

പുകവലി ശ്വാസകോശകാന്‍സര്‍ സാധ്യത ഇരട്ടിപ്പിക്കുമെന്നു കണ്ടെത്തിയതാണ്. എന്നാല്‍ പുകവലിക്കാത്തവരിലും ശ്വാസകോശകാന്‍സര്‍ കണ്ടെത്തുന്നുണ്ട്. എക്‌സ്‌റേ, സിടി സ്‌കാന്‍, ബ്രോങ്കോസ് കോപ്പി എന്നിവയാണു പ്രധാന രോഗനിര്‍ണയ മാര്‍ഗങ്ങള്‍. പാരമ്പര്യഘടകങ്ങള്‍ ശ്വാസകോശകാന്‍സര്‍ സാധ്യത ചൂണ്ടിക്കാണിക്കുന്നുണ്ട്. രോഗവ്യാപ്തി, ഏതിനം കോശങ്ങളാണു കാന്‍സറിനു കാരണം, രോഗിയുടെ പൊതു ആരോഗ്യസ്ഥിതി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണു ചികിത്സ നിര്‍ണയിക്കുന്നത്.

രോഗം ശ്വാസകോശത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഒതുങ്ങി നില്‍ക്കുന്ന അവസ്ഥയാണെങ്കില്‍ ശസ്ത്രക്രിയ പ്രയോജനപ്പെടും. എന്നാല്‍, ഈ ഘട്ടത്തില്‍ മിക്കപ്പോഴും ശ്വാസകോശാര്‍ബുദം കണ്ടുപിടിക്കപ്പെടാറില്ല എന്നതാണു സത്യം. റേഡിയേഷന്‍ ചികിത്സ, കീമോ തെറാപ്പി എന്നിവയാണു നിലവിലുള്ള പ്രധാന ചികിത്സ മുറകള്‍.

പ്രതിരോധം 

പുകവലി ഒഴിവാക്കുന്നതിലൂടെ മാത്രം നല്ലൊരു ശതമാനം ശ്വാസകോശ കാന്‍സറുകളും നമുക്കു തടയാം. ഒപ്പം വായു മലിനീകരണം തടയാന്‍  സുരക്ഷാ മാനദണ്ഡങ്ങള്‍ വയ്ക്കുന്നതും ഏറെ ഗുണം ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, നല്ല ഡയറ്റ്, ആഹാരം എന്നിവ ശീലിക്കുന്നതും നല്ലത്.

English summary: Lung Cancer: Causes, Symptoms, Treatment and prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com