സിസേറിയൻ വേണ്ടിവരുന്ന ഈ സാഹചര്യങ്ങൾ അറിഞ്ഞിരിക്കാം

c-section
SHARE

അമ്മയുടെയോ കുഞ്ഞിന്റെയോ ജീവനോ ആരോഗ്യത്തിനോ ഭീഷണിയുണ്ടാകുമെന്ന സാഹചര്യത്തിലാണ് സിസേറിയൻ ആവശ്യമായി വരുന്നത്. കുഞ്ഞിന്റെ കിടപ്പ് സുഖപ്രവസവത്തിനു തടസ്സമാകും വിധം കുറുകെ കിടക്കുക, ഗർഭസ്ഥശിശുവിന് വലുപ്പം കൂടുക, രണ്ടോ അതിൽ കൂടുതലോ കുഞ്ഞുങ്ങൾ ഗർഭത്തിലുണ്ടാവുക, കുഞ്ഞിന് ഓക്സിജൻ കിട്ടാതെ വരിക, കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറയുക, പൊക്കിൾക്കൊടി ദേഹത്തിലോ കഴുത്തിലോ ചുറ്റി കുഞ്ഞിന്റെ ശരീരത്തിലുള്ള രക്തചംക്രമണം തടസ്സപ്പെടുക, അമ്മയുടെ യോനിപ്രദേശം വളരെ ഇടുങ്ങിയതാവുക, ഗർഭാശയത്തിൽ മുഴകളുണ്ടാവുക തുടങ്ങിയ ഒട്ടേറെ സാഹചര്യത്തിൽ സിസേറിയൻ ആവശ്യമായി വരാറുണ്ട്. മുൻപ് സിസേറിയൻ ചെയ്ത ഗർഭിണിയാണെങ്കിൽ രണ്ടാമതും വേണ്ടി വരും. 

ചിലപ്പോൾ സുഖപ്രസവം നടക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ഗർഭിണിക്ക് അടിയന്തര സാഹചര്യത്തിൽ സിസേറിയൻ ആവശ്യമായി വന്നേക്കാം. ഗർഭിണിക്കു രക്തസ്രാവമുണ്ടാവുകയും കുഞ്ഞിനു പ്ലാസന്റയിൽ നിന്നു ലഭിക്കുന്ന രക്തത്തിൽ കുറവു വന്ന് ഹൃദയമിടിപ്പ് കുറഞ്ഞുപോവുകയോ നിലയ്ക്കുകയോ ചെയ്യുന്ന അതീവ ഗുരുതരാവസ്ഥയിൽ സുഖപ്രസവം പ്രതീക്ഷിച്ചിരുന്നവർക്കു പോലും സിസേറിയൻ വേണ്ടി വരും. 

മുക്കാൽ മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നീണ്ടു നിൽക്കുന്നതാണ് സിസേറിയൻ ശസ്ത്രക്രിയ. അനസ്തീസിയ നൽകിയതിനുശേഷം ഗര്‍ഭിണിയുടെ വയറിൽ പതിനഞ്ച് സെന്റിമീറ്റർ വലുപ്പത്തിൽ മുറിവുണ്ടാക്കി കുട്ടിയെ പുറത്തെടുക്കുകയാണു ചെയ്യുക. പൊക്കിൾക്കൊടി മുറിച്ചതിനുശേഷം എല്ലാ ശസ്ത്രക്രിയാ ഉപകരണങ്ങളും എടുത്തു മാറ്റും. കുഞ്ഞിന്റെ സുരക്ഷയെക്കരുതിയാണ് അത്. അതിനുശേഷം കുഞ്ഞിനെ കരയിപ്പിച്ച്, തുടച്ച് വൃത്തിയാക്കി അമ്മയുടെ നെഞ്ചിൽ കിടത്തുകയാണ് ചെയ്യുക. 

സിസേറിയനായാലും സാധാരണപ്രസവമായാലും മൂർച്ചയുള്ള ഉപകരണങ്ങളായ കത്തി, കത്രിക തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടി വരും. കുഞ്ഞോ അമ്മയോ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഒന്നും തന്നെ കാണില്ല. അതിനാൽ സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികൾ അക്രമകാരികളാകുമെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. കുട്ടിയെ അത് മാനസികമായോ ശാരീരികമായോ ബാധിക്കുകയുമില്ല.  സിസേറിയൻ വഴി പുറത്തു വന്ന പല കുട്ടികളും നല്ല ഐക്യു ഉള്ള ബുദ്ധിശക്തിയുള്ള മിടുക്കന്മാരും മിടുക്കികളുമായി വളരുന്നത് കണ്ടിട്ടുണ്ട്. 

English Summary: Reasons for a Cesarean Birth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA