ADVERTISEMENT

കാൻസർ ചികിത്സയിൽ മഞ്ഞൾ ഉപയോഗിക്കാമെന്ന തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തലിന് യുഎസ് പേറ്റന്റ്. കാൻസർ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്കു പടരാതിരിക്കാനുള്ള കുർക്കുമിൻ വേഫർ സാങ്കേതിക വിദ്യയ്ക്കാണ് ഇപ്പോൾ പേറ്റന്റ് ലഭിച്ചിരിക്കുന്നത്.

കാൻസർ ചികിത്സയിൽ മഞ്ഞളിന്റെ ഉപയോഗത്തെക്കുറിച്ച് വർഷങ്ങൾക്കു മുൻപേ നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. യു എസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിലെയും നെമോർസ് ചിൽഡ്രൻസ്  ഹോസ്പിറ്റലിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ, കുട്ടികളിലുണ്ടാവുന്ന അർബുദം തടയാൻ മഞ്ഞളിന് ആവുമെന്നു കണ്ടെത്തിയിരുന്നു. മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സംയുക്തത്തിന് ന്യൂറോബ്ലാസ്റ്റോമ ബാധിച്ച കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയത്.

മഞ്ഞളിൽനിന്നു വേർതിരിച്ചെടുക്കുന്ന കുർകുമിൻ കാൻസർ ചികിത്സാരംഗത്ത് ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഗുവാഹത്തി ഐഐടിയിലെ പ്രഫസറും കാൻസർ മരുന്ന് ഗവേഷകനുമായ പ്രഫ. അജയ് ബി. കുന്നുമ്മക്കരയും അഭിപ്രായപ്പെട്ടിരുന്നു. കുർകുമിന്റെ ജീവശാസ്ത്രപരമായ ഉപയോഗം മെച്ചപ്പെടുത്താനും കാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള ശേഷി കൂട്ടാനും വേണ്ടി ജെംസിറ്റബൈൻ സംയോജിപ്പിച്ചുള്ള മരുന്ന് ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. 

അമേരിക്കയിലെ എമോറ യൂണിവേഴ്സിറ്റിയിൽ നടന്ന പരീക്ഷണത്തിൽ, വായിലുണ്ടാകുന്ന കാൻസർ തടയാൻ മഞ്ഞൾ ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. വായിലെയും ഗർഭാശയത്തിലെയും അർബുദത്തിനു കാരണമാകുന്നത് ഹ്യൂമൻ പാപ്പിലോമ എന്ന വൈറസ് ആണ്. ഈ വൈറസിന്റെ പ്രവർത്തനങ്ങളെ തടയാൻ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റായ കുർകുമിന് കഴിയുമെന്നായിരുന്നു ഗവേഷകർ കണ്ടെത്തിയത്.

കാൻസർ ചികിത്സാരംഗത്തു മാത്രമല്ല, ചർമരോഗം തടയാനും സൗന്ദര്യസംരക്ഷണത്തിലും പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാനും മറവിരോഗത്തെ ചെറുക്കാനും കരളിനെ കാക്കാനുമെല്ലാം മികച്ച ഔഷധമാണ് മഞ്ഞൾ.

English Summary: Turmeric in Cancer treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com