ADVERTISEMENT

ലോകമെമ്പാടുമുള്ളവരെ ഭീതിയിലാഴ്ത്തി പുതിയ വൈറസ് ബാധ. ജപ്പാനിലാണ് ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ ഈ വൈറസ് 41 പേരെ ബാധിച്ചിട്ടുള്ളതായും റിപ്പോർട്ടുകൾ ഉണ്ട്. പ്രായം മുപ്പതുകളിലുള്ള, ജപ്പാനിലെ കംഗാവയിൽ ജീവിക്കുന്ന ചൈനക്കാരനാണ് കൊറോണ വൈറസ് ബാധിതനായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാൾ ചൈനയിലെ വുഹാനിൽ നിന്നും ജനുവരി 6–ാം തീയതി ജപ്പാനിൽ തിരിച്ചെത്തി ജനുവരി പത്തിന് ആശുപത്രിയിലായ ഇയാൾ അഞ്ചു ദിവസത്തിനുശേഷം സുഖം പ്രാപിച്ചതായി ജപ്പാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ചൈനയിലെ സീഫുഡ് മാർക്കറ്റുകളൊന്നും ഇയാൾ സന്ദർശിച്ചിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. ജീവനുള്ള മത്സ്യങ്ങളും മൃഗങ്ങളും പക്ഷികളും ഉൾപ്പെടെ വിൽക്കപ്പെടുന്ന ചൈനയിലെ മഹാനിലെ സീഫുഡ് മാർക്കറ്റിൽ നിന്നാകാം വൈറസ് ബാധ പടർന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ചൈനയിൽ ആയിരിക്കുമ്പോൾ ശ്വാസകോശരോഗമുള്ള ആളുമായി അടുത്ത സമ്പർക്കം രോഗി പുലർത്തിയിരിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം പ്രസ്താവിച്ചു. 

ചൈനയ്ക്ക് പുറത്ത് കൊറോണവൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് രണ്ടാമതാണ്. കഴിഞ്ഞ ദിവസം തായ്‍ലൻഡിൽ താമസമാക്കിയ 61 കാരിയായ ചൈനീസ് സ്ത്രീയ്ക്കും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. 

തായ്‍ലൻഡിലെയും ജപ്പാനിലെയും രണ്ടു രോഗികളും സീഫുഡ് മാർക്കറ്റുകളൊന്നും സന്ദർശിച്ചിട്ടില്ല എന്നതു കൊണ്ടു തന്നെ, മാർക്കറ്റുമായി സമ്പർക്കമില്ലാത്തവരിൽ നിന്നുമാകാം വൈറസ് ബാധ വ്യാപിച്ചത് എന്നാണ് അനുമാനം. 

എന്നാൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരും എന്നതിന് തെളിവുകൾ ഒന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന ആവർത്തിക്കുന്നു.

2003–ൽ പൊട്ടിപ്പുറപ്പെട്ട സാർസ് പോലെ അത്ര ഭീകരമല്ല പുതിയ കൊറോണ വൈറസ് എങ്കിലും നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു. എങ്ങനെയാണ് വൈറസ് മനുഷ്യനിലേക്ക് പടരുന്നതെന്നും രോഗികളുടെ ഇൻക്യുബേഷൻ പീരിയഡ് എത്രയെന്നും അറിയേണ്ടതുണ്ട് എന്നും വിദഗ്ധർ പറയുന്നു. 

English Summary: Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com