ADVERTISEMENT

പൊടി ഒരു പുക പോലെ മരടിനെ വലയം ചെയ്തിരിക്കുന്നു. നാലു ഫ്ലാറ്റ് സമുച്ചയങ്ങൾ തകർന്നു വീണപ്പോൾ അതു മണ്ണിലേൽപ്പിച്ച ആഘാതത്തേക്കാൾ വലുതാണു അന്തരീക്ഷത്തിലെ പൊ‍ടി. തകർന്നു വീണു കിടക്കുന്ന കോൺക്രീറ്റ് കൂനയിൽ നിന്ന് ഓരോ തവണ കാറ്റടിക്കുമ്പോഴും പൊടി ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്നു.  

പൊളിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകൾക്കു സമീപമുള്ള മരങ്ങളും ചെടികളുമെല്ലാം തവിട്ടു നിറത്തിൽ  പൊടിയിൽ കുളിച്ചു നിൽപാണ്. നല്ലൊരു കാറ്റടിക്കുമ്പോൾ അതിൽ നിന്നുള്ള പൊടി വായുവിലേക്കു ലയിച്ചു ചേരും. ആ മരങ്ങളുടെ ചില്ലകളിൽ ചേക്കേറാനെത്തുന്ന പക്ഷികൾക്കും, ആ പുല്ലു തിന്നുന്ന വളർത്തു മൃഗങ്ങൾക്കുമെല്ലാം പൊടി ഭീഷണിയാണ്.

വീടുകളിൽ എടുത്തുവയ്ക്കുന്ന വെള്ളത്തിലും, പാകം ചെയ്യുന്ന ഭക്ഷണത്തിലുമെല്ലാം പൊടി അപകടകാരിയാവുന്നു. ഫ്ലാറ്റ് പൊളിച്ചതോടെ പ്രശ്നങ്ങളെല്ലാം തീർന്നുവെന്നാണു കരുതിയത്. പക്ഷേ, പൊടി മൂലം ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളാണുണ്ടാവുന്നത്. ഈ ബുദ്ധിമുട്ടുകൾ ഇനി എത്ര കാലം സഹിക്കേണ്ടി വരും– സങ്കടത്തോടെ മരടുകാർ ചോദിക്കുന്നു.  

ഫ്ലാറ്റുകൾ പൊളിച്ചതിന്റെ പൊടി അന്തരീക്ഷത്തിലും വൃക്ഷങ്ങളിലും തങ്ങിനിൽക്കുമ്പോൾ ആരോഗ്യ സംബന്ധിയായ ആശങ്കകളും സംശയങ്ങളും ഉയരുന്നു. ഫ്ലാറ്റ് പൊളിച്ചപ്പോഴുണ്ടായ സിമന്റിന്റേയും മറ്റും പൊടി അലർജിയുളളവരിൽ പ്രശ്നമുണ്ടാക്കാം. ഇത്തരം പൊടി ശരീരത്തിനുള്ളിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കും. എക്സിമയുടെ വകഭേദങ്ങൾ ഉള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണം. ഈ സാഹചര്യത്തിൽ വളന്തകാട് പിഎച്ച്സിയിലെ ഡോ. ബാലു ഭാസി തയാറാക്കിയ ജാഗ്രതാ നിർദേശങ്ങൾ:

∙ പൊടി ദേഹത്തു പറ്റിയാൽ എത്രയും പെട്ടെന്നു വെള്ളം ഉപയോഗിച്ചു കഴുകി ഒഴിവാക്കുക.

∙ ചെറിയ ചൊറിച്ചിലുണ്ടായാൽ പോലും ഡോക്ടറെ കാണുക.

∙ അലർജിയുള്ളവർ സാധാരണ മാസ്ക് ധരിക്കുക.

∙ പൊടി കടക്കാതെ കഴിവതും വീടുകളുടെ ജാലകങ്ങളും വാതിലുകളും അടച്ചിടുക.

∙ 5 വയസ്സിൽ താഴെയുള്ളവർക്കും 60 നു മുകളിൽ പ്രായമുള്ളവർക്കും അലർജി സാധ്യത കൂടുതലാണ്. ഇവരെ പരമാവധി ശ്രദ്ധിക്കുക.

∙ ഹൃദ്രോഗികൾ, ശ്വാസകോശ രോഗമുള്ളവർ, പ്രമേഹ – വൃക്ക സംബന്ധമായ രോഗമുള്ളവർ എന്നിവർ മാസ്ക് നിർബന്ധമായും ധരിക്കുക.

∙ കണ്ണുകളിൽ പൊടി വീണാൽ ശുദ്ധജലം ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഡോക്ടറുടെ സഹായം തേടുക.

∙ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

∙ കിണറുകളിൽ പൊടി വ്യാപിക്കാതെ മൂടുകയും തിളപ്പിച്ചാറ്റിയ  ജലം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

∙ ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടാലും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക.

ശ്വാസം മുട്ടി മരട്

ചുമ, തുമ്മൽ, ചൊറിച്ചിൽ, ശ്വാസംമുട്ടൽ... മരടിൽ പൊളിച്ച ഫ്ലാറ്റുകൾക്കു സമീപം താമസിക്കുന്നവരുടെ ദുരിതം അവസാനിക്കുന്നില്ല. വീട്ടിനകത്തും പുറത്തും, വായുവിലും വെള്ളത്തിലും, കഴിക്കുന്ന ഭക്ഷണത്തിൽ വരെ പൊടി. ഒരു കാറ്റടിച്ചാൽ മതി പൊടി പാറിയെത്താൻ. നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റിനു സമീപമുള്ള ഖദിജത്തുൽ കുബ്റ ഇസ്‌ലാമിക് കോംപ്ലക്സിൽ ആരോഗ്യ വകുപ്പ് ഇന്നലെ നടത്തിയ മെഡിക്കൽ ക്യാംപിൽ 60 പേരാണു ചികിത്സ തേടിയത്.

ചുമയും ചൊറിച്ചിലുമൊന്നും സഹിക്കാൻ പറ്റുന്നില്ല– പ്രദേശവാസിയായ രമ പറഞ്ഞു. ഇത് ഒരാളുടെ മാത്രം കാര്യമല്ല. ഫ്ലാറ്റിനു സമീപം താമസിക്കുന്ന ഭൂരിഭാഗം പേർക്കും പൊടി മൂലമുള്ള ബുദ്ധിമുട്ടുകളുണ്ട്. അലർജി മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇപ്പോഴുള്ളതെന്ന് മെഡിക്കൽ ക്യാംപിൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയ നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ജീന എസ്. മോഹൻ പറഞ്ഞു.

English Summary: Maradu flat dust allergy and heath problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com