ADVERTISEMENT

ഞാൻ ഗൈനക്കോളജിയിൽ പിജി ചെയ്യുന്ന കാലം. കൂടെ പഠിച്ചിരുന്ന ഒരു സർവീസ് പിജി മാഡത്തിന് അത്യാവശ്യമായി ഒരു പത്തു ദിവസത്തെ ലീവ് വേണം. കാര്യം ചോദിച്ചപ്പോൾ മുതിർന്ന രണ്ടു കുട്ടികളുടെ അമ്മ കൂടിയായ മാഡം തെല്ലു നാണത്തോടെ മൊഴിഞ്ഞു. 

'"ഹസ് വരുന്നുണ്ട് ലീവിന്"

"പത്തു ദിവസത്തേക്ക് മാത്രോ..! അത് കഷ്ടായി.." എന്ന് കളിയാക്കിപ്പറഞ്ഞ് ഞാൻ മാഡത്തിനെ ഇടം കണ്ണിട്ടു നോക്കി.

"ഓ.. പക്ഷേ എനിക്കു പേടിയാ മോളേ... എനിക്കേ അലർജിയാ ... ആൾ അടുത്തു വരുമ്പോഴേ പേടിയാ..."

" എന്തലർജി ?! ഞാൻ കണ്ണും മിഴിച്ചു നോക്കി.

" സെമൻ എനിക്ക് അലർജിയാ. ഉടനെ വല്ലാത്ത ചൊറിച്ചിൽ വരും. ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കും. വല്ലാതെ ശ്വാസം മുട്ടും. ഒരിക്കൽ ആശുപത്രീൽ എമർജൻസിയായി പോകേണ്ടിയും വന്നു. അതോണ്ട് കോൺഡം ഉപയോഗിച്ചേ പറ്റൂ."

സെമൻ അലർജിയോ? ഞാൻ അത്ഭുതം കൂറി. അന്നേ വരെ അങ്ങനെയൊന്ന് ഞാൻ കേട്ടിട്ടു പോലുമില്ലായിരുന്നു.

എന്താണ് സെമൻ അലർജി ?

ചില വസ്തുക്കളോട് ശരീരത്തിനുള്ള അസാധാരണമായ പ്രതികരണത്തിനെയാണ് നാം അലർജി എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത്. സെമൻ അഥവാ ശുക്ലത്തോടുള്ള മനുഷ്യ ശരീരത്തിന്റെ അലർജിയെ എച്ച്. എസ്. പി അഥവാ ഹ്യൂമൻ സെമിനൽ പ്ലാസ്മ ഹൈപ്പർ സെൻസിറ്റിവിറ്റി (HSP) / സെമിനൽ പ്ലാസ്മ പ്രോട്ടീൻ അലർജി (HSSP)എന്നാണു പറയുന്നത്. ബേണിങ് സെമൻ സിൻഡ്രോം എന്നും പേരുണ്ട്.

മിക്ക ആണുങ്ങളുടെയും ശുക്ലത്തിലുള്ള ചില പ്രോട്ടീനുകൾക്കെതിരായ അലർജിയെയാണ് HSP എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത്. ഇത് ടൈപ്പ് - ഒന്ന് ഹൈപ്പർ സെൻസിറ്റിവിറ്റി എന്ന അലർജിയിൽ പെടുന്നു. (Type I) Ig E / ഇമ്യൂണോഗ്ലോബുലിൻ E ആണ് ഇതിനുത്തരവാദി. ബീജങ്ങൾക്കെതിരെ ഇതുവരെ അലർജി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സെമൻ പ്രോട്ടീൻ പ്രധാനമായും ആൽബുമിൻ ആണ്. കൂടാതെ ധാരാളം എൻസൈമുകളും ( രാസത്വരകങ്ങൾ) മിനറലുകളും ശുക്ലത്തിലുണ്ട്. അഡ്രീനാലിൻ, നോർ അഡ്രിനാലിൻ, ഡോപമിൻ, മെലാടോണിൻ എന്നീ ഹോർമോണുകളുമുണ്ട്. പ്രോട്ടീൻ പ്രധാനമായും പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്നാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

ശുക്ലം അഥവാ സെമൻ വിശേഷങ്ങൾ

പുരുഷ ലൈംഗിക അവയവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു പദാർത്ഥമാണ് ശുക്ലം. ബീജങ്ങളും പുരുഷ ലൈംഗിക വ്യവസ്ഥ ഉൽപ്പാദിപ്പിക്കുന്ന ചില സ്രവങ്ങളും കൂടിച്ചേർന്നാണ് ശുക്ലം ഉണ്ടാകുന്നത്. വൃഷണം, പ്രോസ്റ്റേറ്റ് ഗ്രന്ഥി, ശുക്ല സഞ്ചി (Seminal vessicle), ബൾബോ യുറീത്രൽ ഗ്രന്ഥികൾ എന്നിവ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ ചേർന്നാണ് ശുക്ലം ഉണ്ടാകുന്നത്. വൃഷണ സഞ്ചിയിൽ ഉള്ള വൃഷണത്തിലാണ് ബീജങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. പുരുഷ ലൈംഗിക ഗ്രന്ഥികൾ ഓരോന്നും സ്രവിപ്പിക്കുന്ന വസ്തുക്കൾ രാസഘടനയിലും അതിന്റെ പ്രവർത്തനത്തിലും വേറിട്ടു നിൽക്കുന്നു. സ്ഖലന സമയത്ത് ബീജങ്ങൾക്ക് സുഗമമായ സഞ്ചരിക്കുന്നതിനും ഗർഭാശയമുഖത്തെ മ്യൂക്കസ് ദ്രവത്തിൽ കയറുന്നതിനും ഉള്ള അന്തരീക്ഷം സജ്ജമാക്കുന്നത് ഈ സ്രവങ്ങളാണ്. വൃഷണത്തിലാണ് ബീജങ്ങൾ ഉണ്ടാകുന്നത്. ശുക്ലത്തിന്റെ 70 ശതമാനവും ശുക്ലസഞ്ചിയിലെ ദ്രവമാണ്. ഈ സ്രവത്തിൽ അടങ്ങിയിട്ടുള്ള ഫ്രക്ടോസ് എന്ന ഷുഗർ ബീജത്തിനു വേണ്ട ഊർജ്ജം നൽകുന്നു. ശുക്ല സ്രവത്തിന്റെ 20 ശതമാനം പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ സ്രവമാണ്. ഇതിൽ അടങ്ങിയ ചില രാസത്വരകങ്ങൾ ശുക്ലത്തെ അലിയിച്ച് ബീജം പുറത്തു വരാൻ സഹായിക്കുന്നു (ലിക്വിഫാക്ഷൻ).

കൂടാതെ സ്പെർമിൻ എന്ന പ്രോട്ടീൻ, സിട്രിക് ആസിഡ്, സോഡിയം, സിങ്ക്, ക്ലോറൈഡ്, കാൽസ്യം, ലാക്റ്റിക് അമ്ലം, മഗ്നീഷ്യം, ഫോസ്ഫോലിപിഡ്, കൊളസ്ട്രോൾ മുതലായവയും അടങ്ങിയിരിക്കുന്നു.

ഈ അലർജി ആരിലൊക്കെ കാണുന്നു?

വിരളമായി മാത്രം കണ്ടുവരുന്ന ഈ സ്ഥിതി വിശേഷം സ്ത്രീകളിലാണ് കൂടുതൽ കാണുന്നത്. പ്രധാനമായും അലർജി പാരമ്പര്യമായുള്ള അഥവാ 'അറ്റോപ്പി ' ഉള്ള കുടുംബങ്ങളിൽ പെട്ട സ്ത്രീകളിൽ ഇത് കൂടുതലായി കണ്ടുവരുന്നു. അമേരിക്കയിൽ ഏകദേശം നാൽപ്പതിനായിരം സ്ത്രീകളിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പക്ഷേ MSM (Man Sex with Man) വ്യക്തികളിൽ ഇത് എത്ര കാണപ്പെടുന്നു എന്നുള്ളതിന് വ്യക്തമായ കണക്കുകളില്ല.

ഒരു പുരുഷന് സ്വന്തം ശുക്ലത്തോടു തന്നെ അലർജി ഉണ്ടാകാം. ഇതിനെയാണ് 'പോസ്റ്റ് ഓർഗാസ്മിക് ഇൽനെസ് സിൻഡ്രോം' എന്ന് വിളിക്കുന്നത്. ഓർഗാസം അഥവാ ശുക്ല സ്ഖലനത്തിനു ശേഷം ഉണ്ടാവുന്ന ഒരു അസുഖകരമായ അസ്വസ്ഥതയെയാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്.

എന്തെല്ലാമാണ് സെമൻ അലർജിയുടെ ലക്ഷണങ്ങൾ?

ശുക്ലവുമായി ഉണ്ടാകുന്ന സമ്പർക്കത്തിനു ശേഷം താഴെപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു പക്ഷേ ശുക്ലത്തോടുള്ള അലർജി ആവാം

1. ജനനേന്ദ്രിയം ചുവന്നു തടിക്കുക

2. പുകച്ചിൽ, തടിപ്പ്, വീക്കം, വേദന, ചൊറിച്ചിൽ അങ്ങനെ എന്തെങ്കിലും.

3. ജനനേന്ദ്രിയത്തിലെ തൊലി ചുവന്നു തടിക്കുന്ന അർട്ടികേരിയ (urticaria/ Hives) എന്ന അവസ്ഥ

4. സ്ത്രീകളിൽ ഇത് യോനിക്കുള്ളിലോ (Vagina ) ഭഗ ഭാഗത്തോ ( Vulva) ആയി കാണപ്പെടുമ്പോൾ, ആണുങ്ങളിൽ ഇത് ലിംഗത്തിന്റെ പുറമെയുള്ള തൊലിയിലെ തടിപ്പും തിണർപ്പും ചൊറിച്ചിലും ഒക്കെയായി അനുഭവപ്പെടുന്നു.

5. അതായത്, അലർജി ഉള്ളവരിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ശുക്ലവുമായി സമ്പർക്കം വരുന്ന കൈ, വായ്, നെഞ്ച്, മലദ്വാരം എന്നീ ശരീര ഭാഗങ്ങളിൽ എവിടെ വേണമെങ്കിലും കാണപ്പെടാം.

സാധാരണയായി ഇത് ശുക്ല സമ്പർക്കം വരുന്ന സ്ഥലങ്ങളിൽ മാത്രമാണെങ്കിലും അപൂർവം ചിലരിൽ ഇത് അവരുടെ ദേഹത്തെ മൊത്തമായും ബാധിക്കാം.

അവനവനോടു തന്നെ അലർജി (autoimmune disorder) ഉള്ളവരിൽ ചിലപ്പോൾ ശുക്ല സ്ഖലനത്തിനു ശേഷം അതിയായ ക്ഷീണം, ശരീരം അതിയായി ചുട്ടുപൊളളൽ, പനിക്കുന്നതു പോലെയുള്ള തോന്നൽ എന്നിവ ഉണ്ടാവാറുണ്ട്.

അലർജി ഉള്ളവരിൽ ഇവ 20- 30 മിനിട്ടിനുള്ളിൽ പ്രത്യക്ഷപ്പെടാം. ചിലപ്പോൾ തീവ്രതയ്ക്ക് അനുസരിച്ച് മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ നീണ്ടു നിൽക്കാം.

അലർജി രൂക്ഷമായാൽ?

ചിലപ്പോൾ അനാഫൈലാക്സിസ് (anaphylaxis) എന്ന അതി ഭീകരാവസ്ഥയുണ്ടാവാം. ശരീരം മുഴുവൻ ചൊറിഞ്ഞു തടിക്കുക, തൊണ്ടയിലും ശ്വാസ നാളിയിലും നീർക്കെട്ടുണ്ടാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുക, രക്തസമ്മർദം വല്ലാതെ കുറഞ്ഞു പോവുക എന്നിവ ഉണ്ടാകാം. ഇത് ചിലപ്പോൾ ശുക്ല സമ്പർക്കമുണ്ടായി ഏതാനും നിമിഷങ്ങൾക്കുള്ളിൽ വരെ സംഭവിക്കാം. ജീവനു തന്നെ അപകടകരമായേക്കാവുന്ന ഈ അവസ്ഥയിൽ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടേണ്ടതാണ്.

അനാഫൈലാക്സിസിന്റെ മറ്റു ലക്ഷണങ്ങളായ നാക്കിലും തൊണ്ടയിലും നീരു വയ്ക്കുക, നാഡിമിടിപ്പ് കുറഞ്ഞു പോവുക, ഛർദ്ദി, ഓക്കാനം, വയറിളക്കം എന്നിവയും കാണാറുണ്ട്.

എന്താണ് അലർജിക്ക് കാരണം ?

a) ശുക്ലത്തിൽ കാണുന്ന ചില തരം പ്രോട്ടീനുകൾ അലർജി ഉണ്ടാക്കുന്നു.

b) ശുക്ലത്തിൽ കലരാൻ സാധ്യതയുള്ള ചിലതരം മരുന്നുകൾ

c) ചില പ്രത്യേക ഭക്ഷണത്തിനോട് ഉള്ള അലർജിയുള്ളവർക്ക്

അപകട സാധ്യത ഉള്ളവർ ആരൊക്കെ?

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ് (unprotected sex) അപകട കാരണങ്ങളിൽ പ്രധാനം. മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള പങ്കാളിയാണെങ്കിൽ കൂടി, പുതുതായി അലർജി ഉണ്ടായേക്കാം. ചിലപ്പോൾ ഒരു പങ്കാളിയുമായി മാത്രം അലർജി ഉണ്ടാകാം. മറ്റൊരാളുമായി ഉണ്ടാകണമെന്നില്ല.

എപ്പോഴൊക്കെ അലർജി ഉണ്ടാകാം?

ശുക്ലത്തോടുള്ള അലർജി ഏതു പ്രായത്തിലും ഉണ്ടാകാമെങ്കിലും മിക്ക സ്ത്രീകളിലും മുപ്പതുകളുടെ തുടക്കത്തിലാണ് ഇതു കണ്ടു വരുന്നത്. രോഗ നിർണയം സാധ്യമാവും മുമ്പ് ചില സ്ത്രീകളിലെങ്കിലും ഇത് തുടർച്ചയായുള്ള യോനീ വീക്കത്തിന് കാരണമാകുന്നു.

വൈദ്യസഹായം തേടേണ്ടതെപ്പോൾ?

ശുക്ലവുമായി സമ്പർക്കം ഉണ്ടായതിനു ശേഷം നിങ്ങൾക്ക് അസാധാരണമാം വിധമുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. നിങ്ങളുടെ ലക്ഷണങ്ങൾ സെമൻ അലർജി കൊണ്ടാണെന്ന് നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടെങ്കിൽ ഡോക്ടറോട് തുറന്നു പറയേണ്ടത് ആവശ്യമാണ്‌. നിങ്ങളുടെ സംശയം സത്യസന്ധമായും വ്യക്തമായും അവതരിപ്പിക്കുകയും വേണം.

എങ്ങനെ രോഗനിർണയം നടത്താം? ചികിത്സ എങ്ങനെ?

കോണ്ടം ഉപയോഗിക്കുമ്പോൾ അലർജിയുടെ ലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നുണ്ടോ എന്നു നോക്കുന്നതാണ് രോഗനിർണയത്തിൽ പ്രധാനം. ചികിത്സ രണ്ടു തരത്തിലുണ്ട്. ഇവ ലക്ഷണങ്ങൾ തടയുകയോ അവയുടെ തീവ്രത കുറക്കുകയോ ചെയ്യും.

ഏറ്റവും നല്ല മാർഗം ഓരോ ലൈംഗിക ബന്ധത്തിനൊപ്പവും ഉറ ഉപയോഗിക്കുക എന്നതാണ്. അലർജിയുള്ള വ്യക്തി ഉറ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ മറ്റൊരു ഉപാധി കൂടിയുണ്ട്. ഡീസെൻസിറ്റൈസേഷൻ എന്നാണ് അതിന്റെ പേര്. നിങ്ങളുടെ ഡോക്ടറോട് അതിനെപ്പറ്റി ചർച്ച ചെയ്യാവുന്നതാണ്.

നേർപ്പിച്ച ശുക്ലം അലർജിയുള്ള സ്ത്രീയുടെ യോനിയിലോ പുരുഷലിംഗത്തിലോ ഇരുപത് മിനിറ്റോളം വയ്ക്കുക. ഇങ്ങനെ പല പ്രാവശ്യം ചെയ്യുന്നവരിൽ അലർജി വരുന്നതിന്റെ തീവ്രത കുറഞ്ഞു വരുന്നതായി കാണുന്നു. നേരിട്ടുള്ള ശുക്ല സമ്പർക്കത്തിൽ തീരെ അലർജി ഇല്ലാതാവുന്നതു വരെ ഇത് തുടരേണ്ടതാണ്.

ആദ്യത്തെ ഡീസെൻസിറ്റൈസേഷൻ കഴിഞ്ഞതിനു ശേഷം സ്ഥിരമായ സമ്പർക്കം ഉണ്ടാവേണ്ടത് ടോളറൻസ് നിലനിർത്താൻ അത്യാവശ്യമാണ്. ഉദാഹരണത്തിന് സെമൻ അലർജി ഉള്ളവർ എല്ലാ നാൽപ്പത്തിയെട്ടു മണിക്കൂറിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കണം.

അലർജി കുറയ്ക്കാൻ മരുന്നുണ്ടോ?

ലൈംഗിക ബന്ധത്തിന്നു മുമ്പ് ആന്റി ഹിസ്റ്റാമിൻ ഗുളികകൾ കഴിക്കാം. ശക്തമായ ലക്ഷണങ്ങൾ ഉള്ളവരിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം 'എപി പെൻ' (Epi Pen ) ഉപയോഗിക്കാവുന്നതാണ്. Epi Pen ,ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ കുത്തിവയ്ക്കുകയും ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്. ഇമ്യൂണോ തെറാപ്പിയും മറ്റൊരു ചികിത്സാരീതിയാണ്.

സെമൻ അലർജി ഉള്ള സ്ത്രീകൾ ഗർഭിണി ആകാതിരിക്കുമോ?

ഇത് പ്രത്യുൽപ്പാദന ക്ഷമത കുറക്കുന്നില്ല. പക്ഷേ, ഇത് ലൈംഗിക ബന്ധത്തിന്റെ ഊഷ്മളതയെ ബാധിക്കാൻ സാധ്യതയുണ്ട്. മാത്രവുമല്ല, കോണ്ടം ഉപയോഗിച്ചാൽ ഗർഭധാരണം തടയപ്പെടുന്നു എന്നതിനാൽ വന്ധ്യതയ്ക്ക് ഒരു കാരണവുമാകുന്നു.

ആന്റി ഹിസ്റ്റമിൻ മരുന്നു കൊണ്ടോ ഡീസെൻസിറ്റൈസേഷൻ കൊണ്ടോ പ്രയോജനമില്ലാത്തവർ കോണ്ടം ഉപയോഗിക്കുക തന്നെ വേണം. ഇത്തരത്തിൽ പെടുന്നവർ ഗർഭിണി ആവുന്നതിന് IUI,IVF,ICSI എന്നീ നൂതന വന്ധ്യതാ നിവാരണ ഓപ്പറേഷനുകൾക്ക് വിധേയരാവേണ്ടി വന്നേക്കാം.

ഇത്തരം ശസ്ത്രക്രിയകളിൽ പുരുഷ ശുക്ലത്തെ പ്രോട്ടീനിൽ നിന്നും വിമുക്തമാക്കുന്ന ചില മാർഗങ്ങൾ ഉപയോഗിക്കുകയും അതിനു ശേഷം ശുക്ലം കുത്തിവയ്ക്കുകയും ചെയ്യുന്നു (washed seminal plasma free spermatozoa) അതുവഴി അലർജിയെ മാറ്റുന്നു.

കപ്പിൾ തെറാപ്പി ( couple therapy)

നിങ്ങളുടെ പ്രശ്നങ്ങൾ ഒരു കൗൺസിലറോട് പങ്കു വയ്ക്കുകയും പങ്കാളിയോട് കൗൺസിലർ ഈ വിഷയത്തെപ്പറ്റി സംസാരിക്കുകയും നിങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളത നിലനിർത്തുന്നതിനുള്ള മറ്റു പോംവഴികൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നതാണ് കപ്പിൾ തെറാപ്പി .

സെമൻ അലർജിയോടു സാമ്യമുള്ള ലക്ഷണങ്ങളുള്ള അസുഖങ്ങൾ എന്തെല്ലാം?

യോനിയിലെ ചില തരം പൂപ്പൽ ബാധ, ബാക്ടീരിയ മൂലമുള്ള യോനീ വീക്കം, ജനൈറ്റൽ ഹെർപസ്, ചിലതരം ലൈംഗിക രോഗങ്ങൾ, ലാറ്റക്സ് അലർജി, ലൂബ്രിക്കന്റ് അലർജി, ഗർഭനിരോധന ഉറകളിൽ ഉപയോഗിക്കുന്ന സ്പെർമിസിഡൽ അലർജി എന്നിവ സെമൻ അലർജിയായി തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.

1958 ൽ ആദ്യമായി ജർമനിയിൽ റിപ്പോർട്ടു ചെയ്തിട്ടുള്ള ഈയൊരവസ്ഥ പക്ഷേ കാണപ്പെടുന്നതിലും താമതമ്യേന കുറഞ്ഞതോതിലേ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളൂ. പൊതുവെ ഇത്തരം ലക്ഷണങ്ങളെ തുറന്നു പറയാൻ പലരും മടിക്കുന്നതു തന്നെയാണ് അതിനു പ്രധാന കാരണവും.

English Summary: Semen Allergy: Symptoms and Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com