ADVERTISEMENT

സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ സൂക്ഷിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും തപസൂചിക ഉയർത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 

∙ ധാരാളം വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യാം. അതുവഴി നിർജ്ജലീകരണം ഒഴിവാക്കാം.

∙ നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ ഒഴിവാക്കുക.  

∙ അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

∙ പരീക്ഷക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷാഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ശ്രദ്ധിക്കണം. 

∙ അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അങ്കണവാടി ജീവനക്കാരും ശ്രദ്ധിക്കണം.

∙ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേകശ്രദ്ധ വേണം.

∙ പകൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കണം.

∙ നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്രവാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ  തുടങ്ങിയ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.   

∙ പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.

∙ പോഷക സമൃദ്ധമായ ഭക്ഷണവും ധാരാളം പഴങ്ങളും കഴിക്കണം.

∙ നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

∙ വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം. 

∙ ചൂട് മൂലം തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കണം.

English Summary: Summer health care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com