sections
MORE

സ്ത്രീകള്‍ സൂക്ഷിക്കേണ്ട അഞ്ച് കാൻസറുകളും ലക്ഷണങ്ങളും

cancer
SHARE

കഴിഞ്ഞ ദശകങ്ങളിൽ ലോകത്ത് കൂടുതൽ പേരെ ബാധിച്ച രോഗമാണ് കാൻസർ. വളരെ വേഗത്തിലാണ് ഇത് വ്യാപിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മരണകാരണമാവുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. 2018 –ൽ മാത്രം 9.6 ദശലക്ഷം േപരാണ് കാൻസർ ബാധിച്ച് മരണമടഞ്ഞത്. ആറിൽ ഒരു മരണം കാൻസര്‍ ബാധിച്ചാണ് എന്നാണ് കണക്ക്. ഇന്ത്യയിൽ മാത്രം ഓരോ വർഷവും 11 ലക്ഷം പേർക്കാണ് കാൻസർ ബാധിക്കുന്നത്. ഏതാണ്ട് 25 ലക്ഷം പേർ കാൻസർ രോഗികളായി ഇപ്പോഴുണ്ട്. നൂറിലധികം വ്യത്യസ്ത തരം കാൻസറുകൾ ഉണ്ട്. എന്നാൽ സ്ത്രീകളിൽ ഏറ്റവും സാധാരണയായി ബാധിക്കുന്നത് സ്തനാർബുദം ആണ്. പുരുഷന്മാരിൽ വായിലെ കാൻസർ ആണ് കൂടുതലായി കാണുന്നത്. പുകവലിയും പുകയിലയുടെ ഉപയോഗവുമാണ് ഏതാണ്ട് 22 ശതമാനം കാൻസർ മരണങ്ങൾക്കും കാരണം. കാൻസറിനെപ്പറ്റിയുള്ള അവബോധം ജനങ്ങൾക്ക് ഉണ്ടായിരിക്കണം. മറ്റേതൊരു രോഗവും പോലെ ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്ന ഒന്നാണ് കാൻസർ. ചികിത്സയ്ക്കൊപ്പം മനഃശക്തിയും കൂടെയുള്ളവരുടെ പിന്തുണയും രോഗവിമുക്തി നേടാൻ സഹായിക്കും. സ്ത്രീകളെ ബാധിക്കുന്ന അഞ്ചിനം കാൻസറുകളെയും അവയുടെ ലക്ഷണങ്ങളെയും അറിയാം. 

1. ചർമാർബുദം (Skin Cancer)

വളരെ സാധാരണമായ ഒരു അർബുദം ആണിത്. ചർമത്തിന് നിറം നൽകുന്ന വർണവസ്തുവായ മെലാനിന്റെ കോശങ്ങളിൽ അർബുദ കോശങ്ങളുടെ വളർച്ച ആരംഭിക്കാം. സൂര്യപ്രകാശം നേരിട്ടേൽക്കുന്ന ഭാഗങ്ങളിലാണ് സാധാരണ കോശങ്ങളുടെ അസാധാരണ വളർച്ച തുടങ്ങുന്നത്. തലയോട്ടി, മുഖം, ചുണ്ടുകൾ, ചെവി, കഴുത്ത്, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലെല്ലാം കാൻസർ കോശങ്ങൾ വളരാം. 

2. സ്തനാർബുദം (Breast Cancer)

സ്ത്രീകളിൽ കണ്ടു വരുന്ന രണ്ടാമത്തെ അർബുദമാണിത്. സ്തനങ്ങളിൽ അർബുദ കോശങ്ങൾ വ്യാപിക്കാം. ലഭ്യമായ വിവരങ്ങൾ പറയുന്നത് എട്ടിൽ ഒരു സ്ത്രീക്ക് വീതം ജീവിതകാലത്തിൽ സ്തനാർബുദം വരാം എന്നാണ്. സ്ത്രീകളിലും പുരുഷൻമാരിലും സ്തനാർബുദം വരാം. സ്ത്രീകളിലാണ് കൂടുതൽ കണ്ടു വരുന്നത് എന്നു മാത്രം. സ്തനങ്ങളിൽ മുഴ, വലുപ്പം വ്യത്യാസപ്പെടുക, ആകൃതിയിൽ മാറ്റം വരുക, മുലക്കണ്ണിനു ചുറ്റുമുള്ള ചർമങ്ങൾ ഇളകിപ്പോകുക, സ്തനങ്ങളിലെ ചർമത്തിന് ചുവപ്പു നിറം വരുക ഇവയെല്ലാം ലക്ഷണങ്ങളാണ്. 

3. ശ്വാസകോശാർബുദം (Lung Cancer)

കഴിഞ്ഞ കുറേ വർഷങ്ങളായി ശ്വാസകോശാർബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നു. ശ്വാസകോശത്തിൽ അർബുദകോശങ്ങൾ പെട്ടെന്നു പെരുകി മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഈ കാൻസറിനു പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്. എന്നാൽ ലങ് കാൻസർ ബാധിച്ച സ്ത്രീകളിൽ പകുതിയിലധികവും പുകവലിക്കാത്തവരാണ്. ശ്വാസതടസ്സം, ചുമയ്ക്കുമ്പോൾ രക്തം വരുക, നെഞ്ചുവേദന, ശരീരഭാരം കുറയുക, തലവേദന, എല്ലുകൾക്കു വേദന ഇവയെല്ലാമാണ് രോഗലക്ഷണങ്ങൾ. 

4. എൻഡോമെട്രിയൽ കാൻസർ (Uterine Cancer)

ഗർഭാശയത്തെ ആവരണം ചെയ്യുന്ന സ്തരത്തെ ബാധിക്കുന്ന അർബുദമാണിത്. Uterine Cancer എന്നും ഇത് അറിയപ്പെടുന്നു. എൻഡോമെട്രിയൽ കാൻസറിന്റെ അത്ര സാധാരണമല്ലെങ്കിലും ഗര്‍ഭപാത്രത്തെ ബാധിക്കുന്ന മറ്റ് കാൻസറുകളുമുണ്ട് uterine sarcoma അത്തരത്തിലൊന്നാണ്. ആർത്തവവിരാമം വന്ന സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. ആർത്തവവിരാമത്തിനുശേഷം യോനിയിലൂടെ രക്തസ്രാവം, ഇടുപ്പു വേദന, ആർത്തവ കാലത്തിനിടയിൽ രക്തസ്രാവം ഇവയെല്ലാം ലക്ഷണങ്ങളാണ്. 

5. തൈറോയ്ഡ് കാൻസർ (Thyroid Cancer)

കഴുത്തിൽ പൂമ്പാറ്റയുടെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് കോശങ്ങളെ ബാധിക്കുന്ന കാൻസറാണ് തൈറോയ്ഡ് കാൻസർ ശാരീരികപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഹോർമോണുകളെ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്. ആദ്യം ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത ഈ അർബുദം, വളരുന്തോറും കഴുത്തിന് വീക്കവും വേദനയും ഉണ്ടാകും. കഴുത്തിലെ മുഴ, ശബ്ദത്തിനുണ്ടാകുന്ന മാറ്റം, ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടുക ഇതെല്ലാമാണ് രോഗലക്ഷണങ്ങൾ. 

English Summary: 5 most common types of cancer in women

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA