sections
MORE

കൊറോണ വൈറസിനൊരു തുറന്ന കത്ത്; കൗതുകമായി ഡോക്ടറുടെ കുറിപ്പ്

dr-reji
SHARE

കൊറോണ വൈറസ് ലോകം മുഴുവൻ ഭീതിപടർത്തുമ്പോൾ ഒരു ശ്രദ്ധേയമാകുകയാണ് ഡോ. റെജിയുടെ  കുറിപ്പ് 

ഹായ് കൊറോണ വൈറസ്

ഞാൻ ഡോക്ടർ റെജി നമ്മൾ മുൻപ് പരിചയപ്പെട്ടിട്ടുണ്ട് . അത് കുറച്ചുകാലം മുൻപാണ്. അന്ന് ഞാൻ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു . ആ സമയത്താണ് ഞാൻ നിങ്ങളുടെ ലോകത്തേക്കാദ്യമായി കാലെടുത്തുവച്ചത് .അതെ രോഗാണുക്കളുടെ അപകടകരമായ ലോകത്തേക്ക് . അന്ന് നിന്നെയും നിന്റെ കൂട്ടുകാരെക്കുറിച്ചുമൊക്കെ ഞങ്ങൾ വളരെ വിശദമായിത്തന്നെ പഠിച്ചിരുന്നു. പക്ഷെ ഇപ്പൊ തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു അന്ന് ഞങ്ങൾ നിന്നെ ശരിയായി മനസിലാക്കിയിട്ടണ്ടായിരുന്നില്ലെന്ന്. റൈനോ വൈറസ്, അഡിനോ വൈറസ് എന്നിവരെപോലെ ജലദോഷമുണ്ടാക്കുന്ന ഒരു സാധാരണക്കാരനായിട്ടാണ് അന്ന് നിന്നെപ്പറ്റി കരുതിയിരുന്നത്. നീ ഇത്ര ഉപദ്രവകാരിയാണെന്ന് അന്നൊരിക്കലും തോന്നിയിരുന്നില്ല. നിങ്ങളിൽ ചിലരുടെ രുപമാറ്റത്തെ (ജനിതക മാറ്റം) കുറിച്ച് അന്നു ഞങ്ങൾ പഠിച്ചിരുന്നു പക്ഷെ അവിടെയും നീ ഞങ്ങൾക്കു പിടി തന്നില്ല. നീ മിടുക്കനാണ് നല്ല നടനും. അന്നൊക്കെ ഞങ്ങൾ എബോള മാർബർഗ് ഹാന്റാ ലാസ്സ എന്നിവരുടെ പുറകെയായിരുന്നു. അപകടകാരികളായ കളിക്കാരുടെ ലിസ്റ്റിൽ അവരായിരുന്നല്ലോ മുൻപന്തിയിൽ. പക്ഷെ അന്നേ നിന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു. നിന്റെ ചുറ്റുമുള്ളയാ പ്രകാശ വലയം എനിക്ക് വലിയ ഇഷ്ടമായിരുന്നു.

എംബിബിസ് കഴിഞ്ഞു ഞാൻ ഗൈനെക്കോളജിയിൽ പിജി എടുത്തതിനുശേഷം ഷൊർണുരിൽ ഇൻഫർട്ടിലിറ്റി ട്രെയിനിങിലായിരുന്ന സമയത്തായിരുന്നു നിന്റെ ആദ്യത്തെ വേഷപ്പകർച്ച 2002ൽ സാർസ് കൊറോണ വൈറസായി. സത്യത്തിൽ ഞങ്ങൾക്കാർക്കും അത് നീ തന്നെയാണെന്ന് വിശ്വസിക്കയാനായില്ല . എണ്ണായിരത്തോളം ആൾക്കാരെയാണ് നീയന്ന് ആക്രമിച്ചത് എഴുന്നൂറ്റിഎഴുപത്തഞ്ചോളം പേരെ നീ കൊന്നൊടുക്കി. അക്രമാസക്തനായ നിന്നെ വരുതിയിലാക്കാൻ ആറുമാസത്തോളം എടുത്തു. പിന്നീടങ്ങോട്ടേക്കുള്ള പത്തുവർഷത്തേക്കു നീ മൗനത്തിലായിരുന്നു നിന്റെ മൗനം പശ്ചാത്താപമായിക്കരുതി ഞങ്ങൾ നിന്നോട് ക്ഷമിക്കാനൊരുങ്ങുകയായിരുന്നു അപ്പോഴാണ് നിന്റെ രണ്ടാമത്തെ വേഷപ്പകർച്ച. മെർസ് കൊറോണ വൈറസ് ആയി 2012ൽ. അന്നും നീ പത്തു മുന്നൂറു പേരെ കൊന്നു ആ സംഭവത്തോടെ ഞങ്ങൾക്കൊരുകാര്യം മനസ്സിലായി .കൊണ്ടും കൊടുത്തും കൊന്നും കൊലവിളിച്ചും നീ ശരിക്കും ഒരു കൊടും കുറ്റവാളിയായിക്കഴിഞ്ഞു എന്ന്. ഇനി ഒരു തിരിച്ചു നടത്തം നിനക്കുണ്ടാവില്ലെന്നും.

അന്നത്തെ ആക്രമണത്തിന് ശേഷം ഒരു പത്തുവർഷത്തേക്കെങ്കിലും നീ ശാന്തനായിരിക്കും എന്നാ ഞങ്ങൾ കരുതിയിരുന്നത് .അതിനുള്ള ക്ഷമയൊന്നും നീ കാണിച്ചില്ല...  2019 ഡിസംബറിൽ ചൈനയിൽ നീ വീണ്ടും പുതിയ രൂപത്തിലെത്തി നൊവൽ കൊറോണ വൈറസായി. ഒന്നുമറിയാത്ത ഇരുപതിനായിരത്തോളം പേരെയാണ് നീ ആക്രമിച്ചത്. അതും പോരാഞ്ഞു പത്തു നാനൂറ്റമ്പത്‌ പേരെ നീ കൊന്നുകളഞ്ഞു. നീയെന്തിനാണിതൊക്കെ ചെയ്യുന്നതെന്നു മനസിലാവുന്നില്ല. നിനക്കിതുകൊണ്ടെന്തു നേട്ടമെന്നും. ഒന്നു മനസ്സിലാക്കിക്കൊള്ളൂ. നീ ഏറ്റവും വെറുക്കപ്പെട്ടവനാവുന്നതു നീ അറിയുന്നില്ല. പത്തു പതിനെട്ടു വർഷം കൊണ്ട് നിന്റെ ആത്മവിശ്വാസം എത്രക്കു വളർന്നു വലുതായി എന്നു ഞങ്ങൾക്കു മനസിലായതു നീ ഞങ്ങളെ തൊട്ടുകളിക്കാൻ തുടങ്ങിയപ്പോഴാണ് .നീ നോക്കുമ്പോൾ ഇവിടെ മുക്കിനു മുക്കിനു പാർട്ടികളും അതിലേറെ മതങ്ങളും. ഇതിനൊക്കെ പോരാത്തതിന് മിണ്ടുന്നതിനൊക്കെ കൊടിപിടുത്തവും ധർണയും .ഞങ്ങളെ തകർക്കാൻ എളുപ്പമാണെന്ന് നീ കരുതിയിട്ടുണ്ടാവും നിനക്ക് തെറ്റി. ഞങ്ങളുടെ വഴക്കും ബഹളവും ഒക്കെ ഒരു വഴിക്കു പക്ഷെ ഞങ്ങളിലൊരാൾക്കൊരു പ്രശനം വന്നാൽ പിന്നെ ഭരണപക്ഷവുമില്ല പ്രതിപക്ഷവുമല്ല ജാതിയും മതവുമില്ല .പിന്നെ ഞങ്ങളെല്ലാം ഒറ്റക്കെട്ട് ഒരൊറ്റ മനസ്സ് ഒരേ ചിന്ത.  കഴിഞ്ഞ വെള്ളപ്പൊക്കത്തിന്റെ സമയത്തും നിപ്പ ഔട്ട്ബ്രേക്കിന്റെ സമയത്തും നിനക്കതു ബോധ്യപ്പെട്ടിട്ടുണ്ടായിരിക്കും.ഇവിടെ ഞങ്ങൾക്കു ശക്തമായ ഒരു ഗവെൺമെന്റും എന്തിനും മുൻപിൽ നിന്നു നയിക്കാൻ ശൈലജ ടീച്ചറെപ്പോലുള്ള നേതാക്കളുമുണ്ട്. സുശക്തമായ ഒരു ഹെൽത്ത് കെയർ സിസ്റ്റവും സ്റ്റാഫും പിന്നെ എന്തുകാര്യത്തിനു എപ്പോൾ വേണമെങ്കിലും രോഗികൾക്കായി സമയം കണ്ടെത്തുന്ന ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫ്‌സും ഉണ്ട് .ഇതിനെല്ലാം പുറമെ എല്ലാ പിന്തുണയും സപ്പോർട്ടും ആയി നിക്കുന്ന ജനങ്ങളും ഉണ്ട് . അതുകൊണ്ടു നിർത്തിക്കോളൂ നിന്റെയീ കൊലവിളി. ഞങ്ങളെ തകർക്കാനൊന്നും നീയായിട്ടില്ല. ഞങ്ങൾ മാത്രമല്ല ചൈനക്കാരെയും. അല്ലെങ്കി തന്നെ നീ അത്രക്കൊന്നും നിഗളിക്കേണ്ട who യും ഗവേഷകരും സയിന്റിസ്റ്റുമാരും നിന്റെ പുറകെത്തന്നെയുണ്ട് .നിന്നെ വരുതിയിലാക്കാനുള്ള മന്ത്രം (വാക്‌സിൻ )അവർ കണ്ടെത്താതിരിക്കില്ല .. ആർക്കറിയാം ഇത് നിന്റെ അവസാനത്തെ വേഷപ്പകർച്ചയായിരിക്കില്ലന്നു. സൂക്ഷിച്ചോളൂ...സൂക്ഷിച്ചാൽ ദുഃഖിക്കണ്ടന്നല്ലേ പഴമൊഴി.

വാൽക്കഷണം

കൊറോണ വൈറസ് റൈനോ വൈറസിനെപ്പോലെയും അഡിനോ വൈറസിനെപ്പോലെയും ജലദോഷമുണ്ടാക്കുന്ന ഒരു വൈറസാണ്. ജലദോഷമുള്ള ഒരാളുടെ സ്രവത്തിൽ നിന്നാണിതാദ്യമായി വേർതിരിച്ചെടുത്തത്. സാധാരണഗതിയിൽ ഇവ അപകടകാരികളല്ല എന്നാൽ ഇവയിൽ ജനിതകമാറ്റങ്ങൾ വരുമ്പോൾ ഇവക്ക് വളരെ അപകടകാരികളായ പുതിയ വൈറസുകളായി മാറാനുള്ള കഴിവുകളുണ്ട്.അതുതന്നെയാണ് സാർസും മെഴ്സും പിന്നെ പുതിയ നൊവൽ കൊറോണ വൈറസും ഉണ്ടാവാനുള്ള കാരണവും.

English Summary: 2020 Novel Coronavirus

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA