ADVERTISEMENT

ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കാൻ എന്തെല്ലാം പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാറുണ്ട് നമ്മൾ. പലവിധത്തിലുമുള്ള മരുന്നുകളും ഒറ്റമൂലികളും വരെ നാം ആശ്രയിക്കാറുണ്ട്. എന്നാൽ രസകരമായ ഒരു കാര്യം കേട്ടോളൂ. മണങ്ങൾക്ക് ഓർമശക്തി വർധിപ്പിക്കാൻ സാധിക്കുമത്രേ. എല്ലാത്തരം മണങ്ങൾക്കുമല്ല, ചില പ്രത്യേക വാസനകൾക്ക് നമ്മുടെ തലച്ചോറിലെ സൂക്ഷ്മകോശങ്ങളെ ഉത്തേജിപ്പിച്ച് ഓർമകളെ സജീവമാക്കി നിലനിർത്താൻ കഴിയുമെന്നാണ് പുതിയ പഠനങ്ങൾ അവകാശപ്പെടുന്നത്. സുഗന്ധപൂരിതമായ അന്തരീക്ഷത്തിലിരുന്നാണ് നിങ്ങൾ ഒരു പുതിയ കാര്യം പഠിക്കാൻ ശ്രമിക്കുന്നതെങ്കിൽ പരീക്ഷയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുമത്രേ. ആരോഗ്യകരമായ ഉറക്കവും ഓർമകളെ തിരിച്ചുവിളിക്കാൻ അനിവാര്യമാണ്.  

സയന്റിഫിക് റിപ്പോർട്ട്സ് എന്ന ജേണലിൽ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ദിവസവും രാവിലെ ഉണരുന്നതുമുതൽ ഉറങ്ങുന്നതുവരെ കാഴ്ചയിലൂടെയും കേൾവിയിലൂടെയും സ്പർശനത്തിലൂടെയും മറ്റും ആയിരക്കണക്കിനു ഡേറ്റയാണ് നമ്മുടെ തലച്ചോറിൽ എത്തിച്ചേരുന്നത്. ഇവയിൽ വളരെക്കുറച്ചുമാത്രം ദീർഘകാല മെമ്മറിയിലേക്കു സ്റ്റോർ ചെയ്യപ്പെടുന്നു. ബാക്കി താൽക്കാലിക ഓർമകളായാണ് തലച്ചോർ റജിസ്റ്റർ ചെയ്യുന്നത്. താൽക്കാലിക മെമ്മറിയിൽ രേഖപ്പെടുത്തിയ ചില ഡേറ്റ ഉറക്കത്തിൽ ദീർഘകാല മെമ്മറിയിലേക്കു മാറ്റുന്ന പ്രവർത്തനവും തലച്ചോർ തന്നെയാണ് ഏകോപിപ്പിക്കുന്നത്. ഉറങ്ങുന്ന സമയത്ത് അഥവാ തലച്ചോറിന് ഏറ്റവുമധികം വിശ്രമം ലഭിക്കുന്ന സമയത്താണ് ഈ പ്രക്രിയ നടക്കുക. അതുകൊണ്ടാണ് പരീക്ഷത്തലേന്നും മറ്റും നന്നായി ഉറങ്ങണമെന്ന് പറയുന്നത്. 

പഠനത്തിന്റെ ഭാഗമായി ഒരു സംഘം വിദ്യാർഥികൾക്ക് സുഗന്ധപൂരിതമായ അന്തരീക്ഷത്തിൽ പഠനം നടത്തുന്നതിന് അവസരം നൽകി. ഉറങ്ങുമ്പോഴും മുറിയിൽ സുഗന്ധം ചെറിയ തോതിൽ നിലനിർത്തി. ഇവർക്ക് തലേന്നു വായിച്ച വിവരങ്ങൾ കൂടുതൽ വ്യക്തതയോടെ ഹൃദിസ്ഥമാക്കുന്നതിനും ഓർമിച്ചെടുക്കുന്നതിനും പിന്നീട് സാധിച്ചുവത്രേ. സുഗന്ധപൂരിതമായ അന്തരീക്ഷം പഠനവേഗതയെയും ത്വരിതപ്പെടുത്തുമത്രേ. എന്നു കരുതി കൃത്രിമമായ പെർഫ്യൂമുകൾ മുറിയിൽ നിറച്ച് ശ്വസന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ വരുത്തിവയ്ക്കരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. 

English Summary: Tips to improve your memory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com