sections
MORE

ശസ്ത്രക്രിയയ്ക്കു ശേഷം വായിലെ രോമവളർച്ച; മുടി നീക്കം ചെയ്തു, പൂർണമായും മാറ്റുമെന്ന ഉറപ്പും നൽകി ഡോക്ടർമാർ

stephen
SHARE

ആനാവൂർ തേരണി ഷിജുഭവനിൽ സ്റ്റീഫൻ ആശങ്കയൊഴിഞ്ഞ് വീണ്ടും ചിരിച്ചു. കാരണം സ്റ്റീഫൻ പ്രതീക്ഷിച്ചതിലുമധികമായിരുന്നു ആർസിസിയുടെ സാന്ത്വനം. അണ്ണാക്കിലെ അർബുദ ബാധയുടെ ചികിൽസയ്ക്കായി നടത്തിയ ശസ്ത്രക്രിയയെത്തുടർന്ന് വായ്ക്കുള്ളിൽ മുടി വളർന്നത് വാർത്തയായതിനെത്തുടർന്ന് സ്റ്റീഫന്റെ ജീവിതം പൊതുജനത്തിന്റെ കൂടി വീർപ്പുമുട്ടലായിരുന്നു. ഇന്നലെ ആർസിസിയിലെ ഡോക്ടർമാരുടെ സംഘം സ്റ്റീഫനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി.

സ്റ്റീഫന്റെ വായ്ക്കുള്ളിലെ മുടി നീക്കം ചെയ്തോടെ  താൽക്കാലിക ആശ്വാസമായി. ആഹാരം കഴിക്കാനും സംസാരിക്കാനും തടസ്സമില്ലാതായി.

ചൊവ്വാഴ്ച വീണ്ടും ഡോക്ടർമാർ  പരിശോധിച്ച് മുടി വളർച്ചയുടെ തോത് നിശ്ചയിക്കും. തുടർന്ന് നൂതന സാങ്കേതികവിദ്യകളുപയോഗിച്ചോ ലേസർ ചികിത്സ നൽകിയോ മുടി പൂർണമായും മാറ്റുമെന്നും  ഉറപ്പ് നൽകി.  ആ ആശ്വാസത്തിലാണു സ്റ്റീഫന്റെ മുഖത്ത് വീണ്ടും ചിരി വിരി‍ഞ്ഞത്.

ആശുപത്രി സൂപ്രണ്ട് ഡോ.സജീദിന്റെ നേതൃത്വത്തിൽ  മൂന്നു വിഭാഗങ്ങളുടെ തലവൻമാരും മറ്റ് മൂന്ന് ഡോക്ടർമാരുമാണ് കഴിഞ്ഞ ദിവസം സ്റ്റീഫനെ പരിശോധിച്ച് പ്രശ്നപരിഹാരം കണ്ടത്. സ്റ്റീഫനും ബന്ധുക്കൾക്കും  കൗൺസലിങ്ങും നൽകി. 

അണ്ണാക്കിൽ ശസ്ത്രക്രിയ നടത്തുന്നിടത്ത് സാധാരണ തുടയിൽനിന്നാണ് ചർമം എടുത്ത് പിടിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുമെന്നാണ് സ്റ്റീഫനോട് പറഞ്ഞിരുന്നതും. ചില ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് താടിയിലെ ചർമം പിടിപ്പിച്ചത്. പക്ഷേ ഇത്രയധികം മുടി വളരുന്നത് സാധാരണമല്ല. കീമോതെറാപ്പി നൽകിയിരുന്നുവെങ്കിൽ രോമവളർച്ച ഉണ്ടാകില്ലായിരുന്നു. സ്റ്റീഫന്റെ കാര്യത്തിൽ കീമോതെറപ്പി ആവശ്യമില്ലായിരുന്നു. അതാണ് മുടി വളരാൻ ഇടയാക്കിയത്. 

ഇക്കാര്യം തന്നെ നേരത്തെ ബോധ്യപ്പെടുത്തിയിരുന്നുവെങ്കിലോ, പ്രതിവിധി ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലോ ഇത്രയധികം ഭയപ്പെടുമായിരുന്നില്ലെന്ന് സ്റ്റീഫൻ. വായ നിറയെ മുടിവളർന്നപ്പോൾ രോഗത്തേക്കാൾ വലിയ ദുരിതമാണ് തനിക്കുണ്ടാകുന്നതെന്ന് ഭയന്നു. 

ആർസിസി ജീവൻ രക്ഷിച്ചതിൽ നന്ദിയുണ്ട്. കാര്യങ്ങൾ നേരത്തെ ബോധ്യപ്പെടാത്തതാണ് പ്രശ്നമായതെന്നും ഡോക്ടർമാരോട് പറഞ്ഞു. ഭാര്യ രത്നാഭായി, മകൻ ഷിജുകുമാർ, അടുത്ത ബന്ധു ജോസ് എന്നിവരോടൊപ്പമാണ് സ്റ്റീഫൻ ആർസിസിയിലെത്തിയത്. ഡോക്ടർമാർ തന്നെ സ്റ്റീഫന്റെ വായ്ക്കുള്ളിൽ വളർന്നിരുന്ന മുടി  യന്ത്ര സഹായത്തോടെ പിഴുതുമാറ്റാൻ ശ്രമിച്ചെങ്കിലും അസഹ്യവേദനകാരണം സാധിച്ചില്ല. തുടർന്ന്  മുറിച്ചു നീക്കുകയായിരുന്നു. 

റേഡിയേഷൻ നൽകിയവർക്ക് രോമവളർച്ച ഇല്ലെന്ന് ആർസിസി

അർബുദ ശസ്ത്രക്രിയ കഴി‍ഞ്ഞ രോഗിയുടെ വായ്ക്കുള്ളിൽ രോമവളർച്ചയെന്ന വാർത്ത  തെറ്റിദ്ധാരണകളുടെ ഭാഗമായുണ്ടായതാണെന്ന് ആർസിസി ഡയറക്‌ടർ രേഖ എ. നായർ അറിയിച്ചു.

അണ്ണാക്കിൽ വരുന്ന കാൻസറിന് മേൽത്താടിയെല്ലു എടുത്തു മാറ്റി പകരം തുടയിലെ തൊലി വച്ചുപിടിപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്.  ഇതു പക്ഷേ രോഗിക്ക് ഇത് ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കും. തുടയിലെ തൊലി വച്ചുപിടിപ്പിച്ചാൽ ശസ്ത്രക്രിയ കഴിഞ്ഞ ഭാഗത്ത്  ഡെന്റൽ പ്ലേറ്റ് എപ്പോഴും ഘടിപ്പിക്കണം.

 ഇതൊഴിവാക്കാനാണ് തുടയിലെ തൊലിക്കു പകരം താടിയെല്ലിനു താഴെയുള്ള കഴുത്തിലെ ദശ വച്ചു പിടിപ്പിക്കുന്നത്. 

വാർത്തയിൽ സൂചിപ്പിച്ച രോഗിയുടെ ശസ്ത്രക്രിയ നടത്തിയത് ഈ രീതിയിലാണ്. ഇതുവഴി ഡെന്റൽ പ്ലേറ്റ് ഇല്ലാതെ തന്നെ രോഗിക്ക് ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയും. 

ഇത്തരം ചികിത്സ നൽകുന്ന രോഗികൾക്ക് എല്ലാ കാര്യങ്ങളേയും കുറിച്ച്  പറഞ്ഞു മനസിലാക്കി സമ്മത പത്രത്തിൽ ഒപ്പിട്ട ശേഷമാണ് ശസ്ത്രക്രിയ നടത്തുന്നത്.   

ചികിത്സക്കു ശേഷം റേഡിയേഷൻ വേണ്ടി വരുന്ന രോഗികൾക്ക് രോമ വളർച്ചയുണ്ടാകാറില്ല. 

ആർസിസിയിൽ ഇതിനു മുൻപ് സമാന പരാതി  രോഗിയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും  അധികൃതർ അറിയിച്ചു.

English Summary: Hair growth after cancer surgery; Treatment in RCC

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA