ADVERTISEMENT

ചർമത്തിനു നിറം കൊടുക്കുന്ന മെലാനിൻ എന്ന രാസവസ്തുവിന്റെ അപാകതമൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണു വെള്ളപ്പാണ്ട്. തൊലിപ്പുറത്തു വെള്ളനിറത്തിലുള്ള പാടുകളായാണ് ഈ രോഗം കാണപ്പെടുന്നത്. എന്നാൽ ഈ ഭാഗത്തിനു ചുറ്റും ഉള്ള ചർമം സാധാരണനിറത്തിൽ കാണപ്പെടാറുണ്ട്.

സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ വെള്ളപ്പാണ്ട് ബാധിക്കുന്നു. രോഗിയുടെ ശരീരധർമങ്ങളെ രോഗം കാര്യമായി ബാധിക്കാറില്ല. എന്നാൽ വെള്ളപ്പാണ്ട് ഉളവാക്കുന്ന വൈരൂപ്യം രോഗികളിൽ മാനസികബുദ്ധിമുട്ട്, അപമാനം, ഉത്കണ്ഠ എന്നിവ ഉണ്ടാക്കുന്നു. ഈ രോഗി സമൂഹത്തിലിറങ്ങി മറ്റുള്ളവരുമായി ഇടപെടാൻ മടിക്കുകയും ഇത് ഒരു പകർച്ചവ്യാധിയായി മറ്റുള്ളവർ കണക്കാക്കുമോ എന്ന് ശങ്കിക്കുകയും ചെയ്യുന്നു. പലരും വിഷാദാവസ്ഥയിലേക്കു ക്രമേണ പോകാറുണ്ട്.

രോഗം വരുന്നത് എവിടെ?

ശരീരത്തിൽ പല മാതൃകകളിൽ വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടാം. ഒരു പ്രദേശത്തു മാത്രം കേന്ദ്രീകരിച്ചോ, കൂടുതൽ ഭാഗങ്ങളിൽ വ്യാപിച്ചോ ശരീരമാസകലം പടർന്നോ ഇതു കാണപ്പെടാം. സാധാരണയായി ഇതു പുറംകൈ, വായ്ക്കു ചുറ്റുമുള്ള ഭാഗം, കാൽമുട്ടിനു താഴെ, കാലിന്റെ മുൻഭാഗം, കൈത്തണ്ടയുടെ ഉൾഭാഗം, കക്ഷം, പുറം ഇവിടങ്ങളിൽ കൂടുതൽ കാണപ്പെടുന്നു. 

വെള്ളപ്പാണ്ട് പകരില്ല

വെള്ളപ്പാണ്ട് പകരുന്ന രോഗമല്ല. ജനിതകവും അല്ലാത്തതുമായി ഒട്ടനവധി ഘടകങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. ചർമത്തിനു നിറം കൊടുക്കുന്നതിന് കാരണമായ മെലാനിൻ ഉൽപാദിപ്പിക്കുന്നത് മെലനോസൈറ്റ്സ് എന്ന കോശങ്ങളാണ്. ഈ കോശങ്ങൾ സാവധാനം നശിച്ചുപോകുന്നതായി കാണുന്നു. അവസാനം പ്രവർത്തനക്ഷമതയുള്ള മെലനോസൈറ്റ്സ് ഒട്ടുംതന്നെ അവശേഷിക്കാത്ത ഘട്ടം എത്തുന്നു. ആന്റിബോഡികളുടെ പ്രതിപ്രവർത്തനം മൂലമാണ് മെലാനോസൈറ്റുകൾ നശിക്കുന്നത് എന്നു കരുതപ്പെടുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനു വെള്ളപ്പാണ്ടു രൂപം കൊള്ളുന്നതിൽ ഒരു ചെറിയ പങ്കുണ്ടെന്നു പറയാം.

വെള്ളപ്പാണ്ടുരോഗികളിൽ പ്രകാശസംവേദനക്ഷമത പൊതുവേ കൂടുതലാണ്. അതിനാൽ അവർ നേരിട്ടു സൂര്യപ്രകാശം ഏൽക്കാത്തതാണു നല്ലത് എന്നു പറയാറുണ്ട്.

വെള്ളപ്പാണ്ടിന്റെ ലക്ഷണങ്ങൾ

പാൽനിറത്തിൽ ചർമത്തിൽ പാടും അതിനെചുറ്റി, സ്വാഭാവിക നിറത്തിലുള്ള ചർമവുമാണ് ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഈ രോഗത്തിന്റെ ലക്ഷണം. സാധാരണഗതിയിൽ ഇരുണ്ട നിറമുള്ള ശരീരഭാഗങ്ങളിലാണ് ഈ രോഗം അധികവും ബാധിക്കാറ്. കണ്ണിനും വായയ്ക്കു ചുറ്റും, മുലക്കണ്ണുകൾ, കക്ഷം, ഗുഹ്യപ്രദേശം എന്നിവിടങ്ങളിൽ ഉദാഹരണം. നിരന്തരം ക്ഷതങ്ങൾ അഥവാ ട്രോമ ഉണ്ടാകുന്ന ഭാഗങ്ങളിൽ വെള്ളപ്പാണ്ട് കൂടുതലായി ഉണ്ടാകും. ചില പാടുകളിൽ രോമത്തിനും വെള്ളനിറം ബാധിച്ചു കാണുന്നു. പാടുകളിൽ വെളുത്തനിറമുള്ള രോമങ്ങൾ ഉണ്ടെങ്കിൽ പാട് ചികിത്സിച്ചു മാറ്റുന്നത് അൽപം ദുഷ്കരമാണ്.

എങ്ങനെ മുമ്പേ തിരിച്ചറിയാം?

വെള്ളപ്പാണ്ട് മുമ്പേ തിരിച്ചറിയാനാകുമോ? ഈ രോഗം രാസവസ്തുക്കൾമൂലമുള്ള വെള്ളനിറം, മുറിവുകൾ കരിഞ്ഞശേഷം വരുന്ന നിറംമാറ്റം, കുഷ്ഠം, ചുണങ്ങ് എന്നിവയിൽ വേറിട്ടു തിരിച്ചറിയേണ്ടതാണ്. രാസവസ്തുക്കൾ മൂലമുണ്ടാകുന്ന വെള്ള നിറവും മുറിവുകളെ തുടർന്നുണ്ടാകുന്ന നിറംമാറ്റവും നമുക്ക് നിത്യജീവിതത്തിൽ തിരിച്ചറിയാം. കുഷ്ഠമാണെങ്കിൽ ചർമത്തിന്റെ ആ ഭാഗത്തെ സ്പർശനശേഷി സാവധാനം നഷ്ടമാകുന്നതറിയാം. ചുണങ്ങുപോലും ചൊറിച്ചിലനുഭവപ്പെടും. അല്ലെങ്കിൽ ചുണങ്ങുണ്ടായ ഭാഗത്തു ശൽക്കങ്ങൾ പൊടിഞ്ഞു വരും.

English Summary: Vitiligo: Symptoms, Causes, Treatment and prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com