ADVERTISEMENT

ഉച്ച സമയത്തെ ചൂട് അൽപനേരം തുടർച്ചയായി ഏറ്റാൽ ഒരുതരം പുകച്ചിലാണിപ്പോൾ. കഴിഞ്ഞ വർഷം വേനൽ കടുത്തതോടെ സൂര്യാതപമേറ്റ് ശരീരം പൊള്ളിപ്പോകുന്ന അവസ്‌ഥ ഉണ്ടായി. വരാനിരിക്കുന്ന കടുത്ത ചൂടിനെ നേരിടാൻ നാം ഒരുങ്ങണം. വസ്‌ത്ര ധാരണം, ഭക്ഷണം, ജോലിയിടങ്ങൾ എന്നിവിടങ്ങളിൽ ചെറിയ മുൻ കരുതലെടുത്താൽ ചൂടിനെ നമുക്ക് പുറത്തു നിർത്താം.

വസ്ത്രങ്ങൾ ഇവ

ചൂടിനെ കൂടുതലായി ആഗിരണം ചെയ്യാത്ത ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കോട്ടൺ വസ്ത്രങ്ങളാണ് ഈ കാലാവസ്ഥയ്ക്ക് കൂടുതൽ അനുയോജ്യം. അയവുള്ള ഖദർ വസ്ത്രങ്ങളും ചൂടിനെ പ്രതിരോധിക്കും. വായുസഞ്ചാരം കൂടുതലുള്ളതും ഈർപ്പം വലിച്ചെടുക്കുന്നതുമാണിവ. കട്ടി കൂടിയ തുണിത്തരങ്ങൾ ഒഴിവാക്കണം. 

സിന്തറ്റിക്, സിന്തറ്റിക് മിക്സ്, സിൽക്ക് വസ്ത്രങ്ങൾ വേണ്ട. പ്രകൃതിയോടിണങ്ങുന്ന നിറമാണ് യോജ്യം. കാലുകളിൽ വായു സഞ്ചാരത്തിനു സഹായിക്കുന്ന ചെരിപ്പുകൾ ഉപയോഗിക്കാം. ലെതർ ഒഴിവാക്കുകയാണ് ഉത്തമം. ഷൂസ് ഉപയോഗിക്കണമെന്നു നിർബന്ധമുള്ളവർ വിയർപ്പു വലിച്ചെടുക്കുന്ന തരം തുണിയിലുള്ള സോക്സുകൾ ഉപയോഗിക്കണം. 

ഭക്ഷണം ക്രമീകരിക്കാം

കോളകൾക്കു പകരം പഴച്ചാറുകളും വീട്ടിലുണ്ടാക്കുന്ന സ്ക്വാഷുകളും പറ്റുമ്പോഴൊക്കെ ഇളനീരും കഴിക്കുക. ഇളനീർ എളുപ്പത്തിൽ ക്ഷീണം മാറ്റും. ഉപ്പ്, മുളക്, പുളി എന്നിവ ഒഴിവാക്കണം. ഭക്ഷണം ലഘു ആയിരിക്കണം. പച്ചക്കറികൾ ധാരാളം ഉപയോഗിക്കണം. ഇഡ്ഡലി, ദോശ, പുട്ട് എന്നിവ നല്ലതാണ്. പുറത്തുപോയി വന്ന ഉടൻ തണുത്ത വെള്ളം കുടിക്കരുത്. ശരീരം തണുത്തതിനു ശേഷം കുടിക്കാം.

മദ്യപാനം വേണ്ട

ശരീരത്തിലെ ജലാംശത്തെ കൂടുതൽ വലിച്ചെടുക്കുന്നതിനാൽ പകൽ സമയം മദ്യപിക്കുന്ന ആളുകളിൽ നിർജലീകരണത്തിന്റെ സാധ്യത കൂടുതലാണ്. അതുകൊണ്ടു പകൽ മദ്യപാനം പൂർണമായി ഒഴിവാക്കണം.ബിയറടിച്ച് ഒന്നു തണുപ്പിക്കാം എന്നു കരുതുന്നതും നല്ലതല്ല. മദ്യം പോലെ തന്നെ ബീയറും നിർജലീകരണം സൃഷ്ടിക്കും. ശരീരത്തെ ചൂടാക്കുന്നതിൽ പുകവലിയും വലിയ പങ്കു വഹിക്കുന്നുണ്ട്.‌

വെള്ളം കുടിച്ചോളൂ

കൊടുംചൂടിലും വിയർക്കണമെന്നില്ല. ദാഹിച്ചില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക എന്നത് പ്രധാനം.  വെയിലത്ത് ഇറങ്ങുന്നതിനു മുൻപും ശേഷവും നന്നായി വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവ‌ൂ. അധ്വാനത്തിനിടെ വിശ്രമിക്കാൻ സമയം കണ്ടെത്തണം. 

തുടർച്ചയായി വെയിലിൽ ഇറങ്ങുന്നത് ഒഴിവാക്കണം. ശരീരത്തിൽ താപനിലയെ ക്രമീകരിക്കുന്നതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

 ഉച്ചനേരം സൂക്ഷിക്കുക

ശക്തമായ വെയിലിൽ നിർജലീകരണത്തിനും സൂര്യാതപത്തിനും സാധ്യതയുള്ളതിനാൽ വെയിലത്തിറങ്ങുന്ന അവസരങ്ങൾ ഒഴിവാക്കണം.

പകൽ 12 മുതൽ മൂന്നു മണി വരെ വെയിലത്തുള്ള ജോലികൾ തൊഴിൽ വകുപ്പ് നിരോധിച്ചിട്ടുണ്ട്. രാവിലെ 7 മുതൽ രാത്രി 7 മണിക്കിടയിൽ 8 മണിക്കൂറായാണു ജോലി ക്രമീകരിച്ചിട്ടുള്ളത്. നിർമാണത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, മാധ്യമ പ്രവർത്തകർ, മോട്ടർ വാഹന വകുപ്പിലെ പരിശോധനാ വിഭാഗം, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്രവാഹന യാത്രക്കാർ, കർഷകർ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.

ക്ലാസിൽ കുടിവെള്ളം

വിദ്യാർഥികൾക്ക് പരീക്ഷകൾ ആരംഭിച്ച സാഹചര്യത്തിൽ ഓരോ ക്ലാസ്‌ മുറിയിലും കുടിവെള്ളം ഉറപ്പാക്കണം. വിദ്യാർഥികൾ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. 

ഉച്ചസമയത്ത് വിദ്യാർഥികൾ വെയിലത്ത്‌ ഇറങ്ങുന്നില്ല എന്ന് ശ്രദ്ധിക്കണം. അങ്കണവാടികളിൽ വിദ്യാർഥികൾ ചൂടു കൂടിയ വസ്ത്രങ്ങൾ ധരിച്ച് എത്താതിരിക്കാൻ നിർദേശം നൽകണം. ക്ലാസ്‌ മുറിയിൽ വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യണം.

ഡോക്ടറെ കാണാം 

വെയിലത്തിറങ്ങിയ ശേഷം ശാരീരികമായ ബുദ്ധിമുട്ടുകൾ തോന്നിയാൽ ചികിത്സ തേടാൻ മറക്കരുത്. പൊള്ളലോ നീറ്റലോ തോന്നിയാൽ ഐസ് പോലുള്ളവ വയ്ക്കുകയോ പൊള്ളലിനുള്ള മരുന്നുകൾ തേയ്ക്കുകയോ ചെയ്യാം. 

അസ്വസ്ഥത രൂക്ഷമാണെങ്കിൽ ഉടൻ ഡോക്ടറെ കാണണം. അമിതമായ തളർച്ച, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചിടിപ്പിലുള്ള വ്യത്യാസം എന്നിവ കണ്ടാൽ അവഗണിക്കരുത്. 

കടപ്പാട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

English Summary: Summaer health tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com