ADVERTISEMENT

1.എനിക്ക് ഓഫിസിൽനിന്ന് 2 ലക്ഷം രൂപയുടെ മെഡിക്ലെയിം ലഭിക്കുന്നുണ്ട്.  ഞാൻ ഒരു പുതിയ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് വാങ്ങാൻ ആലോചിക്കുകയാണ്. ഞാൻ ഒരു പുതിയ പ്ലാൻ വാങ്ങണോ അതോ ഇൻഷുറൻസ് തുക വർദ്ധിപ്പിക്കാൻ എന്റെ ഓഫീസിനോട് ആവശ്യപ്പെടണോ?  

നിങ്ങളുടെ തൊഴിലുടമ നൽകുന്ന ഇൻഷുറൻസ് തുക വർധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ മെഡിക്കൽ ഇൻഷുറൻസ് പോളിസിയിൽ ലഭ്യമായേക്കില്ല, കാരണം ഇവ ഗ്രേഡിനെ ആശ്രയിച്ച് നിശ്ചയിക്കുന്നതാണ്. അതിനാൽ നിങ്ങൾക്കും കുടുംബത്തിനും പ്രത്യേക ഹെൽത്ത് പോളിസി എടുക്കുന്നതായിരിക്കും ഉചിതം. നിങ്ങൾ കമ്പനിയുടെ പേ റോളിൽ ഉള്ളിടത്തോളം കാലം മാത്രമേ തൊഴിലുടമ നൽകിയ കവർ ലഭ്യമാകൂ എന്നും ഏതെങ്കിലും  കാരണവശാൽ നിങ്ങൾ കമ്പനിയിൽനിന്നു പുറത്തുപോയാൽ അത് അവസാനിക്കുമെന്നും ഓർക്കണം. അതിനാൽ, ഒരു പ്രത്യേക പോളിസി ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം.

2. എനിക്ക് 30 വയസ്സുണ്ട്. ഞാൻ നേരത്തെ ഒരു ഹോം ഇൻഷുറൻസ് എടുത്തിട്ടുണ്ട്. ഞാൻ ജോലി ആവശ്യത്തിനായി മറ്റൊരു നഗരത്തിലേക്ക് മാറുന്നതു മൂലം എന്റെ വീട് വിൽക്കാൻ പദ്ധതിയിടുന്നു. ഇൻഷുർ ചെയ്ത തുക എനിക്കു തിരികെ ലഭിക്കുമോ?

നിങ്ങൾക്ക് പോളിസി റദ്ദാക്കാവുന്നതാണ്. പക്ഷേ ഇടക്കാല റദ്ദാക്കലിനുള്ള റീഫണ്ട് ആനുപാതികമായ വ്യവസ്ഥകളിൽ ലഭിക്കില്ലെന്നു മനസ്സിലാക്കുക. അതിനാൽ, നിങ്ങളുടെ വീട്ടിലെ ഉള്ളടക്കങ്ങൾക്കായാണ് നിങ്ങൾ ഇൻഷുറൻസ് പരിരക്ഷ നേടിയിട്ടുള്ളതെന്ന നിഗമനത്തിൽ, പോളിസി റദ്ദാക്കുന്നതിനു പകരം, നിങ്ങളുടെ വിലാസത്തിലെ മാറ്റത്തെക്കുറിച്ച് ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകയും പുതിയ സ്ഥലത്ത് ഈ സുരക്ഷ തുടരുകയും ചെയ്യാം.

3.  ഞാൻ സുഡാനിലേക്ക് യാത്ര ചെയ്യാനൊരുങ്ങുകയാണ്. രാഷ്ട്രീയമായി അസ്ഥിരമായ ആ രാജ്യത്തു ഞാൻ തട്ടിക്കൊണ്ടുപോകപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താൽ എന്റെ കുടുംബത്തിന് എന്റെ യാത്ര, ആരോഗ്യ ഇൻഷുറൻസുകൾ ലഭിക്കുമോ?- 

വ്യക്തിഗത ഭീകരപ്രവർത്തനങ്ങളിൽനിന്ന് ഉണ്ടാകുന്ന അപകടമോ മരണമോ ഇൻഷൂറൻസ് പരിരക്ഷയിൽ വരുന്നുണ്ടെങ്കിലും, ട്രാവൽ പോളിസികളിൽ സാധാരണയായി യുദ്ധം, ആഭ്യന്തര യുദ്ധം, മറ്റ് തരത്തിലുള്ള അക്രമങ്ങൾ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന ക്ലെയിമുകളെ ഒഴിവാക്കിയിട്ടുണ്ട്.

4. എനിക്ക് 60 വയസ്സ് ഉണ്ട്. എനിക്ക് നേരത്തെ ഒരു ഹൃദയാഘാതം സംഭവിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ, എനിക്ക് വീട്ടിൽ ചികിത്സ തേടാനും ആരോഗ്യ ഇൻഷുറൻസിന് കീഴിൽ ക്ലെയിം ചെയ്യാനും കഴിയുമോ? 

ആശുപത്രികളിൽ പ്രവേശിപ്പിച്ച് നടത്തുന്ന ചികിത്സയെ ആണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ സാധാരണയായി കവർ ചെയ്യുന്നത്. വീട്ടിൽ എടുക്കുന്ന ചികിത്സ അപൂർവ സന്ദർഭങ്ങളിൽ പരിഗണിക്കാമെങ്കിലും ആശുപത്രിയിൽ താമസ സൗകര്യം ലഭ്യമല്ല , രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്തവിധത്തിലുള്ള അവന്റെ/ അവളുടെ അവസ്ഥ  എന്നതുപോലുള്ള ചില നിബന്ധനകൾക്ക് വിധേയമായിരിക്കും അത്.

5. എനിക്ക് ഇപ്പോൾ 33 വയസുണ്ട്.  28–ാം  വയസ്സിൽ ഞാൻ എന്റെ കുടുംബത്തിന് വേണ്ടി 12 ലക്ഷം രൂപയുടെ ഒരു ഹെൽത്ത് കവർ വാങ്ങി. രണ്ടു  വർഷം മുമ്പ് ഞാൻ വിവാഹിതനായി.  ഭാര്യയുടെ ഭാവി സുരക്ഷിതമാക്കുന്നതിന്, ഇൻഷ്വർ ചെയ്ത തുക വർദ്ധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിലവിലുള്ള പ്ലാനിന്റെ ഇൻഷൂർഡ് തുക വർദ്ധിപ്പിക്കണോ അതോ അവൾക്കായി പുതിയ പോളിസി എടുക്കണോ? 

നിങ്ങളുടെ അംഗസംഖ്യ കൂടിയ കുടുംബത്തെ പരിപാലിക്കുന്നതിനായി ഇൻഷ്വർ ചെയ്ത തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെങ്കിലും, മിക്കവാറും മെഡിക്കൽ അത്യാഹിതങ്ങളും നേരിടുന്നതിന് 12 ലക്ഷം രൂപയുടെ  കവർ പൊതുവെ പര്യാപ്തമായതിനാൽ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്കു കീഴിൽ  ഒരു ഫ്ലോട്ടർ കവർ ഓപ്ഷൻ തിരഞ്ഞെടുക്കണമെന്ന് നിർദ്ദേശിക്കുന്നു. ഇതിലൂടെ നിങ്ങൾക്കും പങ്കാളിക്കും നിലവിലെ പോളിസി പ്രകാരം 12 ലക്ഷത്തിന്റെ കംബൈൻഡ്  ലിമിറ്റിൽ  ക്ലെയിം ചെയ്യാൻ കഴിയും. ഉയർന്ന തുക സം ഇൻഷൂർഡ് ഉള്ള പോളിസി എടുക്കുന്നതിനേക്കാൾ ഈ ഓപ്ഷൻ ചെലവു കുറഞ്ഞതാണ്.

6. ഒരു അപകടമുണ്ടായാൽ, എന്റെ പോളിസി മരുന്നുകളും ഹോസ്പിറ്റൽ ബെഡ് ചാർജുകളും ഉൾപ്പെടെയുള്ള എന്റെ ചികിത്സാ ചെലവുകൾ വഹിക്കുമോ? 

ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ അപകടം  ഉൾപ്പെടെ ആശുപത്രി പ്രവേശനം ആവശ്യമായ എല്ലാ രോഗങ്ങളും കവർ ചെയ്യുന്നു. എന്നിരുന്നാലും, റൂം വാടക പോലുള്ള വ്യക്തിഗത ഇനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഇൻഷുറൻസ് കമ്പനി ചില ഉപ പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ടാകാം. അതിനാൽ, നിങ്ങൾ ഏത് കമ്പനിയാണ് തിരഞ്ഞെടുക്കുന്നതെന്ന് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ദയവായി ഈ വിവരങ്ങൾ കണക്കിലെടുക്കുക.

7. ഞാൻ അടുത്തിടെ ഒരു കാർ വാങ്ങി. ഒരു മൂന്നാം കക്ഷി മൂലം എന്റെ കാർ കേടായെങ്കിൽ, കേടുപാടു തീർക്കാനുള്ള തുക നൽകാൻ ആരാണ് ബാധ്യസ്ഥൻ?  

നിങ്ങളുടെ കാറിന് കേടുപാടുകൾ സംഭവിച്ചത് ഒരു മൂന്നാം കക്ഷി മൂലം ആണെങ്കിൽ, നിങ്ങൾക്ക് അവരിൽ നിന്ന് ക്ലെയിം ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. എന്നിരുന്നാലും, നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയിൽനിന്ന് ക്ലെയിം ചെയ്യുന്നതാകും കൂടുതൽ പ്രായോഗികം. തുടർന്ന് മൂന്നാം കക്ഷിയിൽ നിന്ന് ഈ തുക വീണ്ടെടുക്കുന്നതിനായി നിങ്ങളുടെ താൽപ്പര്യാർത്ഥം മുന്നോട്ടു പോകാൻ ഇൻഷുറൻസ് കമ്പനിയെ അധികാരപ്പെടുത്താവുന്നതുമാണ്.

ചോദ്യങ്ങൾക്കു മറുപടി നൽകുന്നത്:

സുബ്രഹ്മണ്യം ബ്രഹ്മജോയ്‌സുല, 
ഹെഡ് - അണ്ടർറൈറ്റിങ് ആൻഡ് റീ ഇൻഷുറൻസ്, എസ്ബിഐ ജനറൽ ഇൻഷുറൻസ്

English Summary: Health Insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com