ADVERTISEMENT

കോവിഡ്– 19 ( കൊറോണ വൈറസ് ബാധ ) കേരളത്തിൽ ലോക്കൽ ട്രാൻസ്മിഷൻ റിപ്പോർട്ടു ചെയ്യപ്പെട്ടു കഴിഞ്ഞു. ലോക്കൽ ട്രാൻസ്‌മിഷൻ നടന്നു കഴിഞ്ഞാൽ വൈറസ് രോഗങ്ങളെ നിയന്ത്രണ വിധേയമാക്കുന്നത് ശ്രമകരമാണ്..

ഞാൻ ജോലി ചെയ്യുന്ന കല്പറ്റ ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ഡോക്ടേഴ്സും ആരോഗ്യ പ്രവർത്തകരും കടുത്ത ജാഗ്രതയിലാണ്.. യാദൃച്ഛികമായിപ്പോലും രോഗലക്ഷണങ്ങളുള്ള ഒരാൾ ഒപി ടിക്കറ്റ് കൗണ്ടർ സന്ദർശിക്കുന്നതും വെയിറ്റിങ് ഏരിയയിൽ ഊഴം കാത്തിരിക്കുന്നതും രോഗം മറ്റു രോഗികളിലേക്ക് പകരാനുള്ള സാധ്യത വർധിപ്പിക്കും. ആശുപത്രിയിലെത്തുന്ന രോഗികളിലധികം പേരും വിവിധ രോഗങ്ങളാൽ രോഗ പ്രതിരോധശേഷി കുറഞ്ഞവരായിരിക്കും. അവരിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെക്കൂടുതലാണ്. രോഗം പകരാനുള്ള സാഹചര്യങ്ങളിൽ ചിലവഴിച്ച എല്ലാവരും ആശുപത്രിയിലേക്ക് ഓടാതെ സ്വയം വീട്ടിൽ ഐസൊലേഷനിൽ ഇരിക്കണം. തൊട്ടടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ബന്ധുക്കൾ മുഖേനയോ ഫോൺ വഴിയോ ബന്ധപ്പെട്ടാൽ മതി. നിങ്ങൾക്കാവശ്യമായ സഹായവും നിർദേശങ്ങളും വീട്ടിലെത്തും.

പത്തനംതിട്ട സ്വദേശികളായ അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 3 പേർ ഇറ്റലിയിൽ നിന്നെത്തിയവരും 2 പേർ അവരുടെ അടുത്ത ബന്ധുക്കളുമാണ്. ഒരാഴ്ചയോളം അവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു. കോട്ടയവും പുനലൂരും റാന്നിയുമൊക്കെ അതിൽ പെടും. പള്ളിയിൽ പോയി മത ചടങ്ങുകളിൽ സംബന്ധിച്ചു. റാന്നിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവരുമായി ബന്ധപ്പെട്ട, സംസാരിച്ച എല്ലാവരേയും തിരഞ്ഞുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

ആരോഗ്യ വകുപ്പിനെ കബളിപ്പിച്ചു നടക്കുന്നത് മിടുക്കൊന്നുമല്ല. രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നും രോഗം പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്നും എത്തിയവർ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ, നിർദേശങ്ങൾ അനുസരിക്കാതെ, മുങ്ങി നടക്കരുത്. ഇത് വലിയ വിരുതും സാമർത്ഥ്യവുമാണെന്ന് സ്വയം കരുതുകയും വേണ്ട. ദേശദ്രോഹം എന്നതിലുപരിയായി  മനുഷ്യരാശിയോട് മുഴുവൻ ചെയ്യുന്ന പൊറുക്കാനാവാത്ത, തിരുത്താൻ കഴിയാത്ത തെറ്റാണിത്. ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും രാപ്പകലില്ലാതെ അധ്വാനിക്കുന്നത് സമ്മുടെ സമൂഹത്തിന്റെ സുരക്ഷയ്ക്കു വേണ്ടിയാണെന്ന ബോധ്യം നമുക്കുണ്ടാകണം.

വേണ്ടത്ര പ്രതിരോധ സംവിധാനങ്ങളില്ലാതെ നടത്തിയ ചൈനീസ് പുതുവത്സരാഘോഷങ്ങളാണ് കൊറോണ വൈറസ് ബാധ ഇത്ര ഗുരുതരമാക്കിയത് എന്നു നാം ഓർക്കണം. 

കണ്ണൂർ സ്വദേശിയായ സഞ്ചാരി ഷാക്കിർ അഭിനന്ദനമർഹിക്കുന്നു. രോഗബാധയുള്ള രാജ്യങ്ങൾ സന്ദർശിച്ച് കണ്ണൂർ എയർപോർട്ടിൽ എത്തിയ ഷാക്കിർ ഒരു മടിയും കൂടാതെ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് കണ്ണൂർ ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുകയാണ്. ഷാക്കിറിന്റെ പ്രവൃത്തി എല്ലാവർക്കും മാതൃകയാണ്.

ഫെബ്രുവരി 28ന് വെനീസിൽ നിന്ന് ദോഹയിലേക്കുള്ള QR 126 വിമാനത്തിലും ഫെബ്രുവരി 29 ന് ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള QR 514 വിമാനത്തിലും സഞ്ചരിച്ച് കേരളത്തിലെത്തിയവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. 

ദിശ ഫോൺ നമ്പർ: 0471 2552056

Toll free number: 1056

English Summary: COVID-19, Corona virus local transmission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com