ADVERTISEMENT

ലോകമെമ്പാടും കോവിഡ്- 19 ബാധിച്ചവരുടെ എണ്ണം രണ്ടു ലക്ഷത്തോട് അടുക്കുന്നു. ഏഴായിരത്തിലധികം പേർ ഇതുവരെ മരണമടഞ്ഞു. ഇന്ത്യ കോവിഡ്– 19 പാൻഡമിക്കിന്റെ (Pandemic) രണ്ടാം ഘട്ടത്തിൽ നിന്ന് (Local transmition) മൂന്നാം ഘട്ടത്തിലേക്ക് (Community Spread) പ്രവേശിച്ചിരിക്കുന്നു. ജനങ്ങളിൽ ഭീതി നിറയ്ക്കുന്ന വാർത്തകളാണ് ഓരോ മണിക്കൂറിലും ലഭിക്കുന്നത്. ഒരു പകർച്ചവ്യാധിയെ നേരിടുന്ന സമൂഹമെന്ന നിലയിൽ നമ്മുടെ ആത്മവിശ്വാസവും മാനസികാരോഗ്യവും അതിപ്രധാനമാണ്. കൊറോണക്കാലത്തെ മാനസികാരോഗ്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന വിശദമായൊരു മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ നമ്മുടെ സംസ്ഥാനത്ത് മാനസികാരോഗ്യ പരിപാലനത്തിന് സ്വീകരിക്കേണ്ട ചില പ്രായോഗിക നിർദേശങ്ങള്‍ പങ്കുവയ്ക്കുകയാണ്.

ഒരു പകർച്ചവ്യാധി ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തെത്തുമ്പോൾ സംഭവിക്കുന്ന രണ്ടു പ്രധാന പ്രശ്നങ്ങളാണ് സ്റ്റിഗ്മ (Stigma) അഥവാ വിവേചനപരമായ നിലപാട്, സ്വീനോഫോബിയ (Xenophobia) അഥവാ അപരനോടുള്ള ഭയം എന്നിവ. കോവിഡ്– 19 ആരംഭിച്ചത് ചൈനയിൽ നിന്നാണെങ്കിലും ഇപ്പോള്‍ രോഗത്തിന്റെ രൂക്ഷവ്യാപനം ചൈനയിൽ നിന്ന് യൂറോപ്പിലേക്ക് മാറിയിരിക്കുന്നു. കൊറോണ വൈറസ് രോഗത്തെ ഒരു പ്രത്യേക രാജ്യത്തിന്റെയോ വംശത്തിന്റെയോ സംഭാവനയായി കാണുന്ന പ്രവണത അവസാനിപ്പിച്ചേ തീരൂ. യൂറോപ്പിലെ നിരവധി രാജ്യങ്ങൾ ഈ രോഗബാധയുടെ നാലാം ഘട്ടത്തിലാണ് (Epidomic with no clear end  point) ഇറ്റലിയൊക്കെ നാലാം ഘട്ടത്തിലാണ്.

കൊറോണ വൈറസ് രോഗം ബാധിച്ചവരെ കോവിഡ്– 19 കേസുകൾ, ഇരകൾ, കോവിഡ്–19 കുടുംബം എന്നീ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കുന്നതു ശരിയല്ല. അവർ യഥാർഥത്തിൽ കോവിഡ്–19 ബാധിച്ച, നമ്മെപ്പോലുള്ള വ്യക്തികളാണെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകണം. ചികിത്സാ കാലയളവോ ക്വാറന്റീൻ പീരിഡോ കഴിയുമ്പോൾ അവർ രോഗവിമുക്തരായി തങ്ങളുടെ ഇടയിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും മടങ്ങേണ്ടവരാണ് എന്ന ബോധ്യത്തോടെ മാത്രമേ അവരെക്കുറിച്ച് പരാമർശിക്കാൻ പാടുള്ളൂ.

‘കൊറോണ’ വാർത്തകൾ നിങ്ങളെ വീർപ്പുമുട്ടിക്കുന്നുണ്ടോ?

നിങ്ങളുടെ ജോലിയിലും ദിനചര്യകളിലും ശ്രദ്ധിക്കാനാവാത്ത വിധം കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വാർത്തകൾ മനസ്സിനെ മഥിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം നിങ്ങൾ വിഷാദത്തിലേക്കോ അമിത ഉത്കണ്ഠാ രോഗത്തിലേക്കോ വഴുതിപ്പോകാൻ സാധ്യതയുണ്ട്. എന്താണ് പരിഹാരം?

∙ അടിക്കടി സോഷ്യൽ മീഡിയ നോക്കുന്നതും ന്യൂസ് ചാനലുകൾ കാണുന്നതും ഒഴിവാക്കാം. മീഡിയയിൽനിന്ന് ഒരു ബ്രേക്ക് എടുക്കാം. നിശ്ചിത ഇടവേളകളിൽ മാത്രം വാർത്തയും സമൂഹമാധ്യമങ്ങളും നോക്കിയാൽ മതി. രാവിലെ കുറച്ചു നേരം വാർത്തകൾ നോക്കിയിട്ട് ദിനചര്യകളിലേക്കും ജോലിയിലേക്കും കടക്കാം. പിന്നെ ഉച്ചഭക്ഷണത്തിനു ശേഷം മാത്രം വാർ‌ത്തകൾ നോക്കിയാൽ മതി എന്നു തീരുമാനിക്കാം. തുടർച്ചയായി ദുരന്ത വാർത്തകൾ കേൾക്കുമ്പോൾ പലരിലും ഭയം നിറയും. ദിവസങ്ങളോളം ഇതാവർത്തിക്കുമ്പോൾ അതൊരു പാനിക് അറ്റാക്കിന്റെയോ (Panic attack) ലഘു വിഷാദ രോഗത്തിന്റെയോ (Mild depressive episode) അമിത ഉത്കണ്ഠാ രോഗത്തിന്റെയോ (Anxiety disorder) രൂപമാർജ്ജിച്ചേക്കാം.

∙ വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നു മാത്രം ലഭ്യമാകുന്ന വിവരങ്ങളെ ആശ്രയിക്കുക. ലോകാരോഗ്യ സംഘടനയുടെ വെബ് സൈറ്റ്, ആരോഗ്യ വകുപ്പിൽനിന്നു ലഭ്യമാക്കുന്ന വിവരങ്ങൾ, ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് മുഖ്യധാരാ മാധ്യമങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന വിവരങ്ങള്‍ എന്നിവയെ ആശ്രയിക്കാം. വസ്തുതകളാണ് പരിഗണിക്കേണ്ടത് അല്ലാതെ കിംവാദന്തികളോ കേട്ടുകേഴ്‌വികളോ അല്ല. യഥാർഥ വസ്തുതകൾ പലപ്പോഴും ആശങ്കകളെ അകറ്റും.

∙ പ്രചോദിപ്പിക്കുന്ന വാർത്തകളും വിവരങ്ങളും പങ്കുവയ്ക്കണം കോവിഡ്-19 നെ നേരിട്ടവരുടെ അതിജീവനത്തിന്റെ അനുഭവങ്ങൾ, ക്വാറന്റീനിലിരിക്കുന്നവരുടെ ആവേശകരമായ അനുഭവക്കുറിപ്പുകൾ ഇവയെല്ലാം പങ്കുവയ്ക്കാം. തൊടുപുഴ സ്വദേശിയായ ലിനോ എന്ന യുവാവിന്റെ അനുഭവക്കുറിപ്പ് ഉദാഹരണമാണ്. കോട്ടയം മെഡിക്കല്‍ കോളജിൽ ക്വാറന്റീനിൽ കഴിയേണ്ടി വന്നതു കൊണ്ട് സ്വന്തം പിതാവിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ ലിനോയ്ക്ക് കഴിഞ്ഞില്ല. ക്വാറന്റീൻ പീരീഡ് പൂർത്തിയാക്കിയ ലിനോ പിതാവിന്റെ ശവസംസ്ക്കാരത്തിനു ശേഷം ദിവസങ്ങൾ കഴിഞ്ഞ് കല്ലറയിലെത്തി മെഴുകുതിരികൾ തെളിച്ച് അന്തിമോപചാരമർപ്പിച്ചു. ഇത്തരം അനുഭവക്കുറിപ്പുകൾ ക്വാറന്റീനിൽ കഴിച്ചു കൂട്ടുന്നവരെയും സമൂഹത്തെ പൊതുവായും സ്വാധീനിക്കും. മനസ്സിൽ ഭയത്തിനു പകരം അതിജീവനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ നിറയും.

മാനസികാരോഗ്യ സംബന്ധമായി മരുന്നുകൾ കഴിക്കുന്നവർക്കുള്ള നിർദേശങ്ങൾ

∙ ഒരു കാരണവശാലും മരുന്നുകൾ മുടക്കരുത്. കൃത്യമായ ഉറക്കവും പോഷകാഹാരവും ഉറപ്പാക്കണം.

∙ ദീര്‍ഘകാലത്തേക്ക് മരുന്നുകൾ ആവശ്യമായി വരുന്ന വിഷാദരോഗം (depression), ചിത്തഭ്രമരോഗം (Schizophrenia), ഉന്മാദവിഷാദ രോഗം (Bipolar disorder), ഒസിഡി (OCD) എന്നിവയെല്ലാം ടെൻഷനും ഉറക്കക്കുറവും ഉണ്ടായാൽ ഗുരുതരമാകാനും അടുത്ത ഘട്ടത്തിലേക്കു പോകാനുമുള്ള സാധ്യത ഏറെയാണ്. അതിനാൽ മരുന്നുകൾ കഴിക്കുന്നതിനൊപ്പം കൃത്യമായ ഉറക്കവും ഉറപ്പു വരുത്തണം.

∙ ക്വാറന്റീനിലുള്ള വ്യക്തികളാരെങ്കിലും മാനസികരോഗങ്ങള്‍ക്കു മരുന്നു കഴിക്കുന്നുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം. DMHP (District Mental Health Programme) വഴി മരുന്നുകൾ നിങ്ങൾക്ക് ലഭ്യമാകും.

∙ പകർച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥ ലഹരിവസ്തുക്കളുടെ ഉപയോഗം കൂട്ടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. മദ്യപാനശീലമാണ് ഇതിൽ എടുത്തു പറയേണ്ടത്. മരുന്നുകൾ കഴിക്കുന്ന രോഗികൾ ലഹരി ഉപയോഗത്തിലേക്കു നീങ്ങിയാൽ ഉടൻ സൈക്യാട്രിസ്റ്റിന്റെ ഉപദേശം തേടെണ്ടതാണ്.

∙ സ്ഥിരമായി മദ്യപിക്കുന്നവർക്ക് മദ്യം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന പിൻവാങ്ങൽ ലക്ഷണങ്ങളും (Withdrawl Symptoms) പ്രധാനപ്പെട്ടൊരു ആരോഗ്യ പ്രശ്നമാണ്. ഉടനടി ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടണം. അല്ലെങ്കിൽ പെട്ടെന്നു മദ്യം നിർത്തിയാലുണ്ടാകുന്ന ഡിലീരിയം ട്രെമന്‍സ് (Delirium Tremens) പോലുള്ള പിൻവാങ്ങല്‍ ലക്ഷണങ്ങള്‍ മരണകാരണം വരെ ആയേക്കാം.

ക്വാറന്റീനിലിരിക്കുന്നവർക്കുള്ള നിർദേശങ്ങള്‍

∙ ക്വാറന്റീന്‍ അഥവാ നിരീക്ഷണത്തിലിരിക്കുന്ന വ്യക്തികൾക്ക് ലഘുവിഷാദം, അമിത ഉത്കണ്ഠ, പാനിക് അറ്റാക്ക്, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, കുറ്റബോധം, കടുത്ത മുഷിപ്പ്, അമിത കോപം, ലഹരി വസ്തുക്കളോടുള്ള അടിമത്തം ഇവയെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം.

∙ ക്വാറന്റീൻ നിങ്ങളുടെ സ്വാതന്ത്ര്യത്തിന് വലിയൊരു തടസ്സമാണ്. എന്നാൽ നമ്മുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചുള്ള ഭാവാത്മകമായ ചിന്തകൾ കൊണ്ട് ഈ നിരാശാബോധത്തെ മറികടക്കാം.

∙ വായിക്കാതെ മാറ്റിവച്ച പുസ്തകങ്ങൾ, പിന്നീട് കാണാൻ വച്ച സിനിമകള്‍, ഇഷ്ടപ്പെട്ട ചെറിയ ചെറിയ കരകൗശലപ്പണികൾ, ചിത്രത്തുന്നൽ ഇവയ്ക്കെല്ലാം സമയം കണ്ടെത്താം. ഇഷ്ടപ്പെട്ടതു ചെയ്യുമ്പോൾ മനസ്സു സന്തോഷഭരിതമാകും. ടെൻഷൻ അകലും.

∙ മനുഷ്യരാശിയോട് മുഴുവനുള്ള വലിയൊരു ഉത്തരവാദിത്തവും കടമയുമാണ് തങ്ങൾ നിറവേറ്റുന്നതെന്ന് ക്വാറന്റീനിലിരിക്കുന്നവർ ചിന്തിക്കണം. ഈ ചുമതലാബോധം നമ്മെ മാനസികമായി ശാന്തരാക്കും.

(കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ആണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com