കയ്യിൽ കാനുലയുമായി രോഗികളെ ശുശ്രൂഷിച്ച ഡോ. ഷിറീൻ റൂഹാനി കോവിഡ് ബാധിച്ചു മരിച്ചു

Mail This Article
ഇറാനിലെ ടെഹ്റാനിൽ പക്ദഷ്ത് ഷൊഹാദ ആശുപത്രിയിലെ ജനറൽ ഫിസിഷ്യൻ ഡോ. ഷിറീൻ റൂഹാനി കോവിഡ് ബാധിച്ചു മരിച്ചത് കഴിഞ്ഞ ദിവസമാണ്. തീരെ അവശയായിട്ടും കയ്യിൽ ഘടിപ്പിച്ച കാനുലയുമായി രോഗിയെ പരിശോധിക്കേണ്ടി വന്ന ഡോക്ടറുടെ ചിത്രവും പുറത്തു വന്നിരുന്നു. ഒരുപക്ഷേ അത് ഡോ. ഷിറീൻ റൂഹാനിയുടെ അവസാന ചിത്രമായിരിക്കാം.
ചൈനയ്ക്കു ശേഷം, ഇറ്റലിക്കൊപ്പം കൊവിഡ് 19 ഏറ്റവും അധികം ബാധിച്ചത് ഇറാനെയാണ്. വേണ്ടത്ര ഡോക്ടർമാരോ മരുന്നുകളോ ആശുപത്രിയിൽ കിടക്കകളോ ഒന്നുമില്ലാതെ പ്രയാസപ്പെട്ടു ആ രാജ്യം. കൊറോണാ ഭീതിയുടെ ഏറ്റവും വലിയ ഇരയായിരുന്നു ടെഹ്റാനിലെ പക്ദഷ്ത് എന്ന കൊച്ചു നഗരവും.
അവിടെയും വേണ്ടത്ര ഡോക്ടർമാരില്ലായിരുന്നു. രണ്ടും മൂന്നും ഷിഫ്റ്റുകൾ അടുപ്പിച്ച് ചെയ്ത എത്രയോ ദിനരാത്രങ്ങൾക്കൊടുവിൽ ആകെ ക്ഷീണിച്ച്, നിർജലീകരണം സംഭവിച്ച അവസ്ഥയിൽ ആയിരുന്നിട്ടും ഒരിക്കൽ പോലും താൻ ഡ്യൂട്ടിക്ക് വരില്ല എന്നുമാത്രം ഷിറീൻ പറഞ്ഞില്ല. വീട്ടിൽ കിടക്കുമ്പോൾ കയ്യിൽ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐവി സലൈൻ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നു. കയ്യിൽ ഐവിയോടെ തന്നെ അവർ അടുത്ത പകലും ആശുപത്രിയിൽ എത്തി.
ക്ഷീണിച്ച അവസ്ഥയിലും അവർ കോവിഡ് 19 ബാധിതരെ പരിചരിച്ചു. പത്തു ദിവസം മുമ്പ് ഡോ. ഷിറീനും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. പെട്ടെന്നുതന്നെ ആകെ ക്ഷീണിതയായ അവരെ സഹപ്രവർത്തകർ ടെഹ്റാനിലെ മാസിഹ് ഡനേഷ്‌വാരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്വന്തം കഴിവിന്റെ പരമാവധി പ്രയത്നിച്ചശേഷം, നിരവധി പേരുടെ ജീവൻ രക്ഷിച്ച ശേഷമാണ് ഡോ. ഷിറീൻ മരണത്തിന് കീഴടങ്ങിയത്.
English Summary: Female physician Dr. Shirin Rouhani Rad dies after battling coronavirus