ADVERTISEMENT

അടുത്തുനിൽക്കുന്ന ഒരാൾ ചുമച്ചാലോ തുമ്മിയാലോ ഇവന് കോവിഡ് എങ്ങാനും ആണോ എന്ന് ആശങ്കനിറച്ചു നോക്കുന്നവർ. തൊണ്ട ചെറുതായൊന്നു വരണ്ടാൽ, ചെറിയൊരു പനിച്ചൂട് പൊതിഞ്ഞാൽ വേവലാതിപ്പെട്ട് ഉഴലുന്നവർ... കോവിഡ് 19 എന്ന രോഗവ്യാപനത്തെക്കുറിച്ചുള്ള ഭയത്തിന്റെയും ആശങ്കയുടെയും ഉത്കണ്ഠയുടെയും പിടിയിൽ പെട്ട് ഉഴലുന്നവർ ഒട്ടേറെയാണ്. രോഗത്തെക്കുറിച്ചുള്ള വേവലാതിയിൽ ഉരുകി വിളിക്കുന്നവരിൽ ക്വാറന്റീനിൽ കഴിയുന്നവരും അല്ലാത്തവരുമായ മുതിർന്നവരും കൗമാരക്കാരുമുണ്ടെന്നു വിദഗ്ധർ പറയുന്നു.

ഒരൽപം ഭയം രോഗത്തെ ഗൗരവത്തോടെ കാണാനും വേണ്ടുന്ന പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ ഉത്തേജനവും ആകുമെന്നതിൽ തർക്കമില്ല. പക്ഷേ, ഈ ഭയം അതിരുകടന്നാൽ മനസ്സിന് നല്ലതല്ല. കോവിഡ് 19 കാലത്ത് മാനസിക ആരോഗ്യം എങ്ങനെ കാത്തുസൂക്ഷിക്കാം എന്നു നോക്കാം.

ഭയം സ്വാഭാവികം

 രോഗം മൂലമുള്ള അനിശ്ചിതത്വമാണ് പ്രധാനമായും ഭയം സൃഷ്ടിക്കുന്നത്. രോഗം എവിടെയോ ഒരാളിൽ അദൃശ്യനായി ഒളിച്ചിരിക്കുകയാണെന്ന ചിന്തയിൽ സ്വാഭാവികമായും ഭയം അനുഭവപ്പെടാം. കൊറോണയെ സംബന്ധിച്ച ഏറ്റവും വലിയ പ്രശ്നം ശാസ്ത്രീയ അറിവിന്റെ കൂടെ ഒട്ടനവധി തെറ്റായ വിവരങ്ങളും പ്രചരിക്കപ്പെടുന്നുണ്ട് എന്നതാണ്. പുതിയതായി വന്ന രോഗമായതുകൊണ്ട് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും പൂർണമല്ല, ആർക്കും എന്തും പറയാമെന്ന അവസ്ഥ. ഇങ്ങനെ പടച്ചുവിടുന്ന നുണകളിൽ പലതും ആളുകളുടെ ഉള്ളിലെ തീ കൂട്ടുന്നവയാണ്. വെറുതെ വീട്ടിൽ ഇരിക്കുന്ന സമയമായതുകൊണ്ട് സോഷ്യൽ മീഡിയ വഴി ഇതിന് വൻതോതിൽ പ്രചാരണവും ലഭിക്കും.

ഇത്തരെമാരു മഹാരോഗത്തെ നേരിടുമ്പോൾ ഭയം സ്വാഭാവികമാണ് എന്ന് സ്വയം അംഗീകരിക്കുക. എനിക്കു മാത്രമല്ല, ചുറ്റുമുള്ളവരിലും ഏറിയും കുറഞ്ഞും ഇതേ ഭയമുണ്ട്. ഇതൊരു പൊതു വിപത്താണ്. ഒരൊറ്റ മനസ്സായി ഈ വിപത്തിനെ കൈകാര്യം ചെയ്യുകയാണ് വേണ്ടത് എന്ന തിരിച്ചറിവ് ഉണ്ടായാൽ തന്നെ നന്നായി. നിങ്ങളുടെ ആശങ്കകളെ സ്വകാര്യമായി വയ്ക്കാതെ പങ്കുയ്ക്കുകയും തുറന്നു ചർച്ച ചെയ്യുകയും ചെയ്യുകയാണ് നല്ലത്.

പ്രത്യേകിച്ച് ഭയം അതിരുവിടുന്നുണ്ടോ എന്നു സംശയം തോന്നിയാൽ, രോഗഭയം ദൈനംദിന ജീവിതത്തിന്റെ താളക്രമം തെറ്റിച്ചാൽ, ഊണും ഉറക്കവും രോഗഭീതിയിൽ നഷ്ടമായിത്തുടങ്ങിയാൽ ചുറ്റുമുള്ളവരുമായി ഈ പ്രയാസങ്ങൾ പങ്കുവയ്ക്കുക. മനസ്സിലെ ഭാരമൊഴിയട്ടെ.

മനസ്സിൽ തള്ളിക്കയറിവരുന്ന ആശങ്കകൾക്കു പലതിനും അടിസ്ഥാനമുണ്ടാകില്ല. അതുകൊണ്ട് അത്തരം ചിന്തകളിൽ നിന്നും മനപൂർവമായി ശ്രദ്ധമാറ്റുക. നല്ലൊരു സിനിമ കണ്ടോ പാട്ടു കേട്ടോ മനസ്സിനെ ഉല്ലാസഭരിതമാക്കുക.

ഒളിപ്പിച്ചു വയ്ക്കരുത്, ഒറ്റപ്പെടില്ല

രോഗലക്ഷണങ്ങളെന്നു സംശയിക്കാവുന്ന ശാരീരിക മാറ്റങ്ങൾ കണ്ടാൽ മറച്ചുവയ്ക്കുകയല്ല വേണ്ടത്. അതിന്റെ പേരിൽ ഒറ്റപ്പെടുമെന്ന ഭയം തോന്നാം. പക്ഷേ, ഭയംകൊണ്ട് രോഗം ഒളിപ്പിച്ചുവയ്ക്കരുത്. അത് സമൂഹത്തോടും സഹജീവികളോടും ചെയ്യുന്ന വലിയ തെറ്റാകും. ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുക. അവരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക.</p>

ആശങ്ക കൂട്ടുന്ന വായന വേണ്ട

നിങ്ങൾ സ്വതവേ ആശങ്ക പ്രകൃതമുള്ളയാളാണെങ്കിൽ, ചെറിയ പ്രശ്നങ്ങൾ പോലും വേവലാതി ഉളവാക്കുമെങ്കിൽ കൊവിഡ് സംബന്ധിച്ച വാർത്തകളുടെയും സമൂഹമാധ്യമ വിവരണങ്ങളുടെയും പുറകേ പോകരുത്. വ്യാജപ്രചാരണങ്ങൾ ആശങ്ക വർധിപ്പിക്കാം. ഭയത്തെ തോൽപിക്കാനുള്ള പ്രധാനമാർഗം രോഗത്തെ ശാസ്ത്രീയമായി അറിയുകയാണ്. ഇതിന് ലോകാരോഗ്യ സംഘടന പോലെ ആധികാരികമായ ഏതെങ്കിലും ഒന്നോ രണ്ടോ വെബ്സൈറ്റുകൾ മാത്രം നോക്കുക.

ഈ ലക്ഷണങ്ങൾ കണ്ടാൽ

ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ആകുലത വർധിച്ച് വീട്ടിലെ കാര്യങ്ങളിലും തൊഴിൽപരമായും ഉള്ള ഉൾവലിയൽ, വിഷാദത്തിന് അടിമപ്പെടുക, പാനിക് അറ്റാക്ക് വരിക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ആധി കൈവിട്ടുപോകുന്നു എന്നു മനസ്സിലാക്കാം. പേടി അതിരുകടക്കുന്നതായി കണ്ടാൽ വിദഗ്ധ സഹായം തേടാൻ മടിക്കരുത്.

മനസ്സുകളെ ചേർത്തുവയ്ക്കാം

∙ രോഗം ആരുടെയും കുറ്റമല്ല. സോഷ്യൽ ഡിസ്റ്റൻസിങ് എന്നത് ശരീരം കൊണ്ടുള്ള അകലമാകണം. മനസ്സുകൊണ്ടാകരുത്. രോഗവുമായി അകലുമ്പോൾ രോഗിയുമായി മാനസികമായി അകന്നുപോകരുത്. പരിചയക്കാരോ ബന്ധുക്കളിലോ ക്വാറന്റീനിൽ കഴിയുന്നത് നമുക്കു വേണ്ടികൂടിയാണ് എന്ന് മറക്കരുത്. അവരുമായി ആശയവിനിമയം നിലനിർത്തണം. ഒറ്റയ്ക്കല്ല എന്നു ധൈര്യം പകരണം. നമ്മളെല്ലാവരും രോഗസാധ്യത ഉള്ളവരാണ് എന്നത് മറക്കേണ്ട.

∙ രോഗസാധ്യത കൂടുതൽ ഉള്ളവരെ സ്നേഹത്തോടെയും ആദരവോടെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി സ്വയം സാമൂഹിക അകലം പാലിക്കാൻ പ്രേരിപ്പിക്കുക. 65 വയസ്സിനു മുകളിൽ ുള്ളവർ, ശ്വാസകോശ രോഗങ്ങൾ ുള്ളവർ, ഹൃദ്രോഗികൾ, അവയവം മാറ്റിവച്ചതിനെ തുടർന്ന് രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്നവർ എന്നിവർ അപകടസാധ്യതാഗ്രൂപ്പിൽ പെടുന്നു.

അനുഷ്ഠാനം പോലെ ചെയ്യാം

സോഷ്യൽ ഡിസ്റ്റൻസിങിനെ ഒരു അസൗകര്യമായി കാണരുത്. ഇതിനെ ഒരു വ്രതം പോലെയോ അനുഷ്ഠാനം പോലെയോ കാണുവാനും ആ നിഷ്ഠയോടെ പിൻതുടരുവാനും കഴിയണം. രോഗഭീതി ഇല്ലാത്ത ഒരു ഭാവിജീവിതത്തിന് ഇപ്പോൾ ഇത്തിരി ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായുണ്ട്.

മാനസിക ആരോഗ്യം ദുർബലരായുള്ളവരും ഒസിഡി പോലെയുള്ള മാനസികപ്രശ്നങ്ങൾക്ക് മരുന്നു കഴിക്കുന്നവരും രോഗം സംബന്ധിച്ചുള്ള നാരുകീറിയുള്ള ചർച്ചകൾക്കും വായനയ്ക്കും പോകാത്തതാണ് നല്ലത്. ചിലരിൽ ഇത് നിലവിലുള്ള നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയേക്കാം.

ക്വാറന്റീൻ വേണ്ടവിധം നടപ്പാക്കാത്തവരെ വിമർശിക്കുമ്പോൾ അവരുടെ പ്രവൃത്തിയെ വിമർശിക്കുക. രോഗത്തോട് ചേർത്തു പറയുകയോ വ്യക്തിയെ വിമർശിക്കുകയോ ചെയ്യരുത്. അല്ലെങ്കിൽ അത് കൂടുതൽ സാമൂഹികമായ തൊട്ടുകൂടായ്മയ്ക്ക് കാരണമാകാം.

വീട്ടിലിരിപ്പ് ബോറടിയോ?

∙ ദിവസങ്ങളോളം വീട്ടിൽ ഇരിക്കുമ്പോഴുള്ള വിരസതയും മുഷിച്ചിലും അകറ്റാൻ ദിനചര്യ തന്നെ ഒന്നു പുനക്രമീകരിക്കുക. എപ്പോഴും ഭക്ഷണം കഴിക്കലും ഉറക്കവും മാത്രമായാൽ മടുപ്പാകും. കുടുംബത്തോടൊത്ത് കൂടുതൽ സമയം പങ്കിടുക. വ്യായാമത്തിനും വിനോദത്തിനും വീട്ടിൽ തന്നെ സാഹചര്യം കണ്ടെത്തുക. ശരീരം കൊണ്ട് അകന്നാണെങ്കിലും പ്രിയപ്പെട്ടവരെ ഫോണിൽ വിളിച്ച് സംസാരിക്കുക. പരസ്പരം ആത്മവിശ്വാസം പകരുക.

∙ സോഷ്യൽ മീഡിയ ഉപയോഗം അമിതമായാൽ അത് ഭാവിയിൽ അഡി‌ക്‌ഷന് ഇടയാക്കാം. അതുകാണ്ട് വീട്ടിലായിരിക്കുമ്പോൾ ഈ ഉപയോഗത്തിന് ഒരു സമയപരിധി സ്വയം വയ്ക്കുകയും അതനുസരിച്ച് മാത്രം ഉപയോഗിക്കുകയും ചെയ്യുക.

കുട്ടികളെ ചേർത്തുപിടിക്കാം

ചില കുട്ടികളിൽ പേടിയും ടെൻഷനും അനുഭവപ്പെടാം. എപ്പോഴും മാതാപിതാക്കൾ കൂടെ വേണമെന്നു വാശി പിടിക്കാം. അത് സ്വാഭാവികമാണ്. കുട്ടിയുടെ പ്രായത്തിന് അനുസരിച്ച് രോഗത്തെക്കുറിച്ചു പറഞ്ഞുകൊടുക്കുകയും കൈ കഴുകൽ പോലുള്ള പ്രതിരോധ നടപടികൾ ശീലിപ്പിക്കുകയും ചെയ്യാം. പതിവു ദിവസങ്ങളിലെ പോലെ തന്നെയുള്ള ദിനചര്യ തുടരുന്നതാണ് നല്ലത്. വീട്ടിനുള്ളിൽ ഇരിക്കുമ്പോഴും കളികളിലോ ക്രിയാത്മക പ്രവർത്തികളിലോ ഏർപ്പെടാൻ പ്രേരിപ്പിക്കുക. കുട്ടിയുടെ പേടി അതിരുകടക്കുന്നതായി കണ്ടാൽ വിദഗ്ധ സഹായം തേടാൻ മടിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. സി. ജെ. ജോൺ

മാനസികാരോഗ്യ വിദഗ്ധൻ, മെഡി. ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com