sections
MORE

കോവിഡ്–19 ചികിത്സയും ക്ലോറോക്വിൻ ഗുളികയും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

covid-19-test-outbreak
SHARE

ഹൈഡ്രോക്സി ക്ലോറോക്വിൻ (HCQ) കൊറോണയുടെ മരുന്നാണോ?

കോവിഡ്19 നെതിരെ ഇതുവരെയും ഫലപ്രാപ്തി കൃത്യമായി തെളിയിക്കപ്പെട്ട ഒരു മരുന്നും വാക്സിനും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പഠനങ്ങൾ പരിമിതമാണ്.

അൽപ്പം ചരിത്രം

1941 ൽ ജപ്പാൻ പേൾ ഹാർബർ കീഴടക്കിയ ശേഷം യുഎസ് സൈന്യത്തിന് അതുവരെ മലമ്പനിക്ക് ഉപയോഗിച്ചിരുന്ന ക്വിനൈൻ എന്ന മരുന്നിന് ക്ഷാമം അനുഭവപ്പെടാൻ തുടങ്ങി. മലമ്പനി ബാധിത പ്രദേശങ്ങളിൽ യുദ്ധം ചെയ്യേണ്ടിയിരുന്ന അനേകം പട്ടാളക്കാരെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ കണ്ടെത്തിയ "ദിവ്യ ഔഷധമായിരുന്നു" ക്ലോറോക്വിൻ. അതിനു ശേഷം അനേകായിരം ജീവനുകൾ രക്ഷിക്കാൻ ക്ലോറോക്വിന് കഴിഞ്ഞു. ഇന്നും മലമ്പനിയുടെ ചികിത്സയിലും പ്രതിരോധത്തിലും ക്ലോറോക്വിൻ വലിയ പങ്ക് വഹിക്കുന്നു.

എന്താണീ ഹൈഡ്രോക്സി ക്ലോറോക്വിൻ (Hydroxychloroquine)?

ക്ലോറോക്വിന്റെ ഒരു വകഭേദം ആണിത്. പ്രതിരോധശക്തിയുമായി ബന്ധപ്പെട്ട റൂമറ്റോയിഡ് ആർത്രൈറ്റിസ്, ലൂപസ് എരീതിമാറ്റോസിസ് തുടങ്ങിയ ഓട്ടോഇമ്മ്യൂൺ രോഗങ്ങളിലാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ ഇന്ന് മലമ്പനിയേക്കാൾ കൂടുതലായി ഉയോഗിക്കപ്പെടുന്നത്‌.

കൊറോണ വൈറസും ക്ലോറോക്വിനും തമ്മിലെന്ത്?

ചില ലാബ് പരീക്ഷണങ്ങളിലും ചില പ്രത്യേക മൃഗ കോശങ്ങളിൽ ലബോറട്ടറികളിൽ  നടത്തിയ പരീക്ഷണങ്ങളിലും ഹൈഡ്രോക്സി ക്ലോറോക്വിൻ കൊറോണ വൈറസ് ലോഡ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ചില പഠനങ്ങളിൽ മനുഷ്യരിൽ ഉപയോഗിക്കാമെന്ന് പറയുന്നുണ്ട്. പക്ഷേ അതൊന്നും പൂർണമായ ശാസ്ത്രീയമായ പഠനങ്ങൾ ആയിരുന്നില്ല.

കോവിഡിൽ (SARS CoV 2) നടത്തിയ ചില പരീക്ഷണങ്ങളിൽ ക്ലോറോക്വിനും ഹൈഡ്രോക്സി ക്ലോറോക്വിനും കോവിഡ് വൈറസിന് കോശങ്ങളിലേക്കുള്ള പ്രവേശനവും കോശങ്ങളിലെ അതിജീവനവും ക്ലേശകരമാക്കുന്നുവെന്ന് കണ്ടു.

ചൈനയിലെ ചില ഡോക്ടർമാർ വളരെ കുറച്ച് രോഗികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ക്ലോറോക്വിനും അതിനേക്കാൾ കൂടുതലായി HCS ഉം കിട്ടിയ രോഗികൾ കിട്ടാത്ത രോഗികളെ അപേക്ഷിച്ച് നോക്കുമ്പോൾ നേരത്തെ സുഖം പ്രാപിക്കുന്നതായി നിരീക്ഷിച്ചു. ഹൈഡ്രോക്സി ക്ലോറോക്വിന്റെ കൂടെ വളരെ സാധാരണയായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ആയ അസിത്രോമൈസിൻ കൂടി ഉപയോഗിച്ചപ്പോൾ ഫലം കുറച്ച് കൂടി ഭേദമായിരുന്നു എന്നും കണ്ടു.

കോവിഡ് 19 ന് എതിരേ പരിമിതമായ മരുന്നുകൾ മാത്രമുള്ള ഈ സാഹചര്യത്തിൽ Indian council of medical reserach (ICMR)ന്റെ നിർദേശപ്രകാരം ഈ ഗുളിക നിയന്ത്രിതമായി അത്യാവശ്യഘട്ടത്തിൽ കോവിഡ്19ന്റെ പ്രതിരോധത്തിനും ചികിത്സക്കും ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി.

ഇത് മുൻനിർത്തി കേരള ആരോഗ്യവകുപ്പ് പുറത്തിറക്കിയ കോവിഡ് ചികിൽസാ പ്രോട്ടോക്കോളിലും HCS ഉം അസിത്രോമൈസിനും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ തെളിവുകൾ വരും നാളുകളിൽ ലഭ്യമാകേണ്ടതാണ്.

കോവിഡ് പ്രതിരോധവും ഹൈഡ്രോക്സി ക്ലോറോക്വിനും:

ആർക്കൊക്കെ ഈ ഗുളിക രോഗപ്രതിരോധാർത്ഥം നൽകാം?

രണ്ട് കൂട്ടം ആളുകൾക്കു മാത്രം,

∙ കോവിഡ്19 രോഗികളെയോ രോഗം സംശയിക്കുന്നവരെയോ ശുശ്രുഷിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യ പ്രവർത്തകർക്ക്

∙ കോവിഡ്19 സ്ഥിരീകരിച്ച രോഗികളുമായി നേരിട്ട് സമ്പർക്കം വന്നവർക്ക്.

ആരൊക്കെ ഈ ഗുളിക കഴിക്കാൻ പാടില്ല?

∙ 15 വയസ്സിൽ താഴെയുള്ള കുട്ടികൾ.

∙ കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന രോഗങ്ങൾ ഉള്ളവർ.

∙ ഹൈഡ്രോക്സി ക്ലോറോക്വിൻ അല്ലെങ്കിൽ രാസ സാമ്യമുള്ള മറ്റു മരുന്നുകളോടോ അലർജി ഉള്ളവർ.

പാർശ്വഫലങ്ങൾ

∙ കണ്ണുകൾ, ഹൃദയം, ശ്വേതരക്താണുക്കൾ എന്നിവയെ ബാധിക്കാം; നാഡിവ്യൂഹത്തിലും ത്വക്കിലും പാർശ്വഫലങ്ങൾ ഉണ്ടാകാം.

∙ ഓക്കാനം, ഛർദി, വയറിളക്കം, വയറെരിച്ചിൽ എന്നിവയാണ് ഏറ്റവും സാധാരണം.

∙ ദീർഘ നാളത്തെ ഉപയോഗം കണ്ണിന്റെ റെറ്റിനയിൽ തകരാറുണ്ടാക്കാം.

∙ തൊലിയിൽ കറുപ്പ് നിറമുണ്ടാകാം.

∙ ഹൃദയത്തിനകത്തെ വൈദ്യുത പ്രവാഹത്തിൽ വ്യതിയാനം. ഹൃദയത്തിന്റെ താളത്തിൽ വ്യത്യാസമുണ്ടാക്കാൻ ഇതിന് സാധിക്കും.

∙ ചില പ്രത്യേക മരുന്നുകളുടെ കൂടെ കഴിക്കുമ്പോഴും ഹൃദയസംബന്ധമായ ചില രോഗമുള്ളവർ കഴിക്കുമ്പോഴും ശ്രദ്ധിക്കണം.

∙ നേരത്തേ അപസ്മാരം ഉള്ള ആളുകളും ശ്രദ്ധിക്കണം, കാരണം ചിലപ്പോൾ അപസ്മാരം ഉണ്ടായേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ഡോക്റുടെ നിർദേശപ്രകാരം മാത്രമേ ഈ മരുന്ന് കഴിക്കാൻ പാടുള്ളു.

∙ ഒരു റജിസ്റ്റേർഡ് മെഡിക്കൽ ഡോക്റുടെ കുറിപ്പ് പ്രകാരം മാത്രമേ മരുന്ന് മെഡിക്കൽ സ്റ്റോറുകളിൽ നിന്നു നൽകാൻ പാടുള്ളു.

∙ പ്രതിരോധം എന്ന നിലയിൽ ഈ മരുന്ന് കഴിക്കാനുള്ള കാലയളവ് ഐ സി എം ആർ ആരോഗ്യപ്രവർത്തകർക്ക് ഏഴ് ആഴ്ചയും രോഗിയെ പരിചരിക്കുന്നവർക്കു മൂന്നാഴ്ചയും എന്ന് നിജപ്പെടുത്തിയിട്ടുണ്ട്.

∙ മരുന്ന് കഴിച്ച ശേഷം എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടനടി ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടേണ്ടതും, വേണ്ട പരിശോധനയും ചികിത്സയും സ്വീകരിക്കേണ്ടതുമാണ്

∙ പ്രതിരോധ മരുന്നു കഴിക്കുന്നതിനോടൊപ്പം ഐസൊലേഷനും മറ്റു പ്രതിരോധ മാർഗങ്ങളും തുടരണം.

∙ മരുന്നിന്റെ പാർശ്വഫലങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക.

ഓർക്കുക, ഈ പ്രതിരോധ മരുന്ന് ഉപയോഗം അതിന്റെ പ്രാരംഭഘട്ടത്തിലാണ്. ഈ മരുന്ന് കഴിച്ചിട്ടുണ്ടല്ലോ എന്നത് ഒരു തെറ്റായ സുരക്ഷാ ബോധം പ്രദാനം ചെയ്തേക്കാം. അതിൽ അഭിരമിച്ചു മറ്റു പ്രതിരോധ മാർഗങ്ങൾ അവലംബിക്കാതിരുന്നാൽ അതു ആപത്കരമാണ്.

ഓൺലൈനിലൂടെ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിച്ചു ഹൈഡ്രോക്സി ക്ലോറോക്വിൻ സ്വയം വാങ്ങി കഴിക്കുന്നത് ആപത്കരമാണെന്ന് ഓർക്കുക.

ഇപ്പോഴും നമുക്കുറപ്പുള്ള കാര്യങ്ങൾ ക്വാറന്റീനും ശാരീരിക അകലം പാലിക്കലും തന്നെയാണ്. അത് കർശനമായി പാലിക്കണം.

എഴുതിയത് : ഡോ. വി. കെ ഷമീർ, ഡോ. ആർ. അശ്വിനി, ഡോ. മനോജ് വെള്ളനാട്

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA