sections
MORE

കോവിഡ്– 19; ഭിന്നശേഷി ഉള്ളവരുടെ ശ്രദ്ധയ്ക്ക്

covid
SHARE

കോവിഡ്– 19 ഒരുപക്ഷേ ഏറ്റവും ഗൗരവമായി ബാധിക്കാൻ സാധ്യതയുള്ള വിഭാഗമാണ് പ്രായമുള്ളവരും വിവിധ രോഗങ്ങൾ കൊണ്ട് പ്രയാസം അനുഭവിക്കുന്നവരും.

ഭിന്നശേഷിയുള്ള വളരെ അധികം വ്യക്തികൾ വിവിധങ്ങളായ ദീർഘകാല രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവരാണ്. പലരും സ്റ്റിറോയ്ഡ് മരുന്നുകളും മറ്റു രോഗപ്രതിരോധശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളും കഴിക്കുന്നവരും ആണ്. അക്കാരണം കൊണ്ടുതന്നെ വൈറസിന്റെ വ്യാപനം ഏറെ ആശങ്കയിൽ ആക്കിയിരിക്കുന്ന ഒരു വിഭാഗം ഭിന്നശേഷിയുള്ള വ്യക്തികളാണ്.

പലപ്പോഴും ന്യൂസ് ചാനലുകളിൽ പ്രായാധിക്യം ഉള്ളവരെയും മറ്റു അസുഖം ഉള്ളവരെയും മാത്രമാണ് കൊറോണ ഗുരുതരമായി ബാധിക്കുന്നത്' എന്ന രീതിയിൽ വാർത്തകൾ നൽകുന്നത് ഹൈ റിസ്ക് വ്യക്തികളിൽ തങ്ങളും വരുന്നു എന്ന ഉത്കണ്ഠ പല ഭിന്നശേഷിയുള്ളവരിലും ഉണ്ടാകാൻ കാരണമായിട്ടുണ്ട്.

സർക്കാർ മുന്നറിയിപ്പുകളും നിർദേശങ്ങളും യഥാസമയം ലഭിക്കുന്നതിനുള്ള പ്രയാസവും മിക്കവ്യക്തികൾക്കും ഉണ്ട്. കാഴ്ച പരിമിതി ഉള്ള വ്യക്തികൾക്ക് വേണ്ടി ഈയിടെ സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഭിന്നശേഷിയുള്ള മുഴുവൻ വ്യക്തികളിലേക്കും എത്തുന്ന രീതിയിൽ ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്.

∙ പല ഭിന്നശേഷിയുള്ള വ്യക്തികൾക്കും മറ്റുള്ളവരുടെ കൈസഹായം ആവശ്യമാണ്. അതിനാൽതന്നെ അവരെ പരിചരിക്കുന്നവർ രോഗബാധ ഇല്ല എന്ന് ഉറപ്പാക്കുന്നതിനുള്ള സർക്കാർ നിർദേശങ്ങളായ സാമൂഹിക അകലം, വ്യക്തി ശുചിത്വം, ചുമ മര്യാദകൾ എന്നിവ കൃത്യമായി പാലിക്കേണ്ടതുണ്ട്.

∙ ചലനശേഷി പരിമിതികൾ ഉള്ളവർ വീൽചെയറുകൾ, വാക്കിങ് ഫ്രെയിം, ഊന്നുവടികൾ തുടങ്ങിയ സഹായ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. അവയുടെ ആം റസ്റ്റ്‌, പിടികൾ എന്നിങ്ങനെയുള്ള കൈകൾ വയ്ക്കുന്ന ഭാഗങ്ങൾ അണുവിമുക്തമാക്കേണ്ടതാണ്. ആരോഗ്യവകുപ്പ് നിർദേശത്തിന് അനുസൃതമായി നിർമിച്ച സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് തുടയ്ക്കുകയും അത് ഉണങ്ങിയതിനുശേഷം സോപ്പ് ഉപയോഗിച്ചു തുടയ്ക്കുകയും ആണ് ചെയ്യേണ്ടത്.

∙ സാധാരണ നിർമിത അവയവങ്ങൾ ഉപയോഗിക്കുന്നവർക്ക് സോക്കറ്റുകളും (എത്താഫ്ലെക്സ് നനയാതെ) പാദവും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം. കൂടുതൽ സാങ്കേതികത ഉള്ള നിർമിത അവയവങ്ങൾ ഉപയോഗിക്കുന്നവർ അതത് നിർമാതാക്കളുടെ നിർദേശം തേടേണ്ടതുണ്ട്.

∙ കാഴ്ച പ്രയാസം ഉള്ളവരും അല്ലാത്തവരും തങ്ങളുടെ മൊബൈൽ ഫോണുകൾ കൈമാറുന്നത് കുറയ്ക്കുകയും അവ കൈമാറുന്ന പക്ഷം സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യേണ്ടതാണ്.

∙ കാഴ്ച പ്രയാസമുള്ളവർ പുറത്തിറങ്ങുമ്പോൾ സാധാരണഗതിയിൽ സഹായി ഉണ്ടെങ്കിൽ അവരുടെ കൈ മുട്ടിൽ ആണ് സാധാരണഗതിയിൽ പിടിക്കുക. വൈറ്റ്കെയ്ൻ ഉപയോഗിക്കുക. ചുമ മര്യാദകളുടെ ഭാഗമായി ടവൽ കരുതാത്തവരോട് കൈമുട്ടിലേക്ക് ആണ് ഇപ്പോൾ ചുമയ്ക്കാൻ പറയുന്നത്. അക്കാര്യം അന്വേഷിച്ചശേഷം സഹായിയുടെ ചുമലിൽ കൈ വയ്ക്കുന്നതാണ് നല്ലത്.

ചലന പരിമിതി ഉള്ളവർക്ക്

കൈകൾ സോപ്പ് ഇട്ട് കഴുകുക എപ്പോഴും എളുപ്പമല്ലാത്തതിനാൽ 70 ശതമാനം ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിക്കുകയാണ് എളുപ്പം.

സ്ഥിരമായി മരുന്ന് കഴിക്കേണ്ട ഭിന്നശേഷിയുള്ള വ്യക്തികൾ മരുന്ന് തുടരുന്നതിന് അവരുടെ ഡോക്ടർമാരെയോ ആരോഗ്യ പ്രവർത്തകരേയോ ഈ വിവരം അറിയിക്കേണ്ടതുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ ഡോക്ടർമാരുടെ നിർദേശം ഇല്ലാതെ നിർത്താൻ പാടുള്ളതല്ല.

സ്പെഷ്യൽ സ്കൂളുകൾ, റീഹാബിലിറ്റേഷൻ സൗകര്യങ്ങൾ ഉള്ള, ബഡ്‌സ്, തെറാപ്പി സെന്ററുകൾ മറ്റു കേന്ദ്രങ്ങൾ ഇവയുടെ പ്രവർത്തനം നിർത്തിവയ്ക്കുന്നത് ചികിത്സയെ മാത്രമല്ല വൈകാരികമായും വിശിഷ്യാ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെയും അവരുടെ രക്ഷിതാക്കളെയും ബാധിച്ചേക്കാം.

ഡോക്ടർമാരുമായും തെറാപ്പിസ്റ്റുകളുമായും അധ്യാപകരുമായും രക്ഷിതാക്കൾ ആശയവിനിമയം നടത്തുകയും ചികിത്സ വീട്ടിൽ നിന്നു തുടരുകയും ചെയ്യേണ്ടതുണ്ട്. ചികിത്സകർ ഫോൺ, രക്ഷിതാക്കളുടെ വാട്ട്‌സ്അപ്പ് കൂട്ടായ്മകൾ എന്നിവയുടെ സഹായത്തോടെ വീടുകളിൽ വച്ച് നടത്തുന്ന തെറാപ്പികളിൽ വേണ്ട നിർദേശങ്ങൾ നൽകേണ്ടതാണ്.

കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുഞ്ഞുങ്ങൾ ഓഡിയോ വെർബൽ തെറാപ്പിയുടെ ഭാഗമായ ഗൃഹാധിഷ്ഠിത പരിശീലന പ്രവർത്തനങ്ങൾ തുടരേണ്ടതാണ്.

കഴിയുമെങ്കിൽ ഭിന്നശേഷിയുള്ള കുട്ടികളോട് രക്ഷിതാക്കൾ നിലവിലെ പ്രയാസമുള്ള സാഹചര്യത്തെ കുറിച്ച് സംസാരിക്കേണ്ടതും നമ്മൾ എല്ലാവരും വ്യക്തിശുചിത്വവും സാമൂഹിക അകലവും കുറച്ച് നാൾ പാലിച്ചാൽ ഈ പ്രയാസം അകന്നുപോകും എന്ന് മനസ്സിലാക്കി നൽകേണ്ടതും ആണ്.

ഓട്ടിസം വിരുവിരുപ്പ് എന്നീ പ്രയാസങ്ങൾ ഉള്ള കുട്ടികളെ പലപ്പോഴും വീട്ടിൽതന്നെ ഇരുത്തുക എന്നത് രക്ഷിതാക്കൾക്ക് വലിയ പ്രയാസമാണ്. അത്തരം കുട്ടികളുടെ രക്ഷിതാക്കൾ അവരുടെ ആരോഗ്യപ്രവർത്തകരുമായി ചേർത്ത് അനുയോജ്യമായ ബദൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതാണ്.

ലോക്ക്ഔട്ടിനു വളരെ മുമ്പു തന്നെ ഭിന്നശേഷിയുള്ളവരിൽ വലിയൊരു വിഭാഗത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തെയും വഴിയോര വ്യാപാരത്തെയും, അസംഘടിത മേഖലയിൽ ഉൾപ്പെടുന്ന ചെറുയൂണിറ്റുകളുടെ പ്രവർത്തനത്തെയും എല്ലാം ഈ മഹാമാരിയുടെ വ്യാപനം ബാധിച്ചിരുന്നു. ദാരിദ്ര്യവും ഭിന്നശേഷിയും ചേർന്നു പോകുന്ന നമ്മുടെ നാട്ടിലെ സ്ഥിതിയിൽ ഇവർക്കായി പ്രത്യേക സർക്കാർ പാക്കേജുകൾ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ.

ഭിന്നശേഷിയുള്ള വ്യക്തികൾക്ക് തൊഴിൽ ചെയ്യാനായി പണ്ടുമുതലേ പല കമ്പനികളും ആവിഷ്കരിച്ചിരിക്കുന്ന ഒന്നാണ് വർക്ക് ഫ്രം ഹോം എന്ന സൗകര്യം.കോവിഡ് 19 വേളയിൽ ഇത്തരം ഒരു സൗകര്യം എല്ലാ വ്യക്തികൾക്കും കമ്പനികൾക്കും സൗകര്യപ്രദമായി.

സമൂഹത്തിലെ ഏറ്റവും പ്രയാസമനുഭവിക്കുന്ന വ്യക്തികളെ ഉൾകൊള്ളാൻ ഉണ്ടാക്കുന്ന ഏതു കാര്യവും ഭാവിയിൽ സമൂഹത്തിനു തന്നെ വലിയൊരു ചെറുത്തുനിൽപ്പിനുള്ള കരുത്താണ് നൽകുക.

മഹാമാരിയുടെ വേളയിൽ ക്രമാതീതമായി അസുഖം വരുമ്പോൾ പ്രായമായവരെയും ഭിന്നശേഷിയുള്ളവരെയും തഴയുന്ന രീതിയിൽ ഉള്ള അവസ്ഥ വരാതിരിക്കാൻ ഉള്ള പദ്ധതിയും സർക്കാർ നടത്തേണ്ടതുണ്ട്. ഇതിനായി അത്തരം ഒരു സാഹചര്യത്തിൽ അമേരിക്കൻ മോഡലിൽ സാമൂഹിക പ്രവർത്തകരും ഡോക്ടർമാരും ഉൾപ്പെടുന്ന ചികിത്സയുടെ മുൻഗണന നിശ്ചയിക്കുന്നതിനുള്ള ഒരു സമിതി രൂപീകരിക്കുന്നത് നന്നായിരിക്കും.

ഈ സന്ദർഭത്തിൽ ഭിന്നശേഷിയുള്ള വ്യക്തികളുടെ ഉത്കണ്ഠ ദൂരീകരിക്കുന്നതിന് താഴെപ്പറയുന്ന കാര്യങ്ങൾ സമൂഹത്തിന് ചെയ്യാൻ കഴിയും.

∙ ഭിന്നശേഷിയുള്ള വ്യക്തികളോട് സംസാരിച്ച് അവരുടെ ആശങ്കകൾ മനസ്സിലാക്കി അത് ദുരീകരിക്കു

∙ ഭിന്നശേഷിയുള്ള വ്യക്തികളുടെ പ്രശ്നങ്ങളെ മറ്റുള്ളവർ ഉൾക്കൊള്ളുക

ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഉള്ള ചില പൊതു നിർദേശങ്ങൾ താഴെ കൊടുക്കുന്നു.

∙ വാർത്തകൾ കാണുന്നതും വായിക്കുന്നതും നിരന്തരമായി ചെയ്യുന്നത് ഉത്കണ്ഠ അധികരിപ്പിക്കാം. അതിനാൽ വാർത്തകൾക്ക് ഇടയ്ക്കിടെ ഒരു ബ്രേക്ക് നൽകുക.

∙ ശരീരം ശ്രദ്ധിക്കുക, വിശ്രമത്തിനും ഉറക്കിനും വേണ്ട പ്രാധാന്യം നൽകുക.

∙ മരുന്നുകൾ കൃത്യമായി കഴിക്കുക

∙ വീട്ടിൽ നിന്നു വ്യായാമങ്ങൾ തുടരുക

∙ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഡോക്ടറുമായോ തെറാപ്പി കോഓർഡിനേറ്ററുമായോ ചേർന്ന് ഈ സമയത്തെ ചികിത്സാ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുക.

∙  ഉല്ലാസ കാര്യങ്ങളിൽ ഏർപ്പെടുക

∙ നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ വിഷമങ്ങളും വികാരങ്ങളും പങ്കിടാവുന്ന വ്യക്തികളുമായി കാര്യങ്ങൾ പങ്കുവയ്ക്കുക

∙ ദൈനംദിന കാര്യങ്ങളിൽ മാനസികസമ്മർദം അനുഭവപ്പെടുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുക

∙ നിങ്ങൾക്ക് വിഷാദമോ ഉത്കണ്ഠയോ അനുഭവപ്പെടുന്നുവെങ്കിൽ ജില്ലാതലത്തിൽ രൂപീകരിച്ചിട്ടുള്ള ഓൺലൈൻ കൗൺസിലിങ് സെന്ററുമായി ബന്ധപ്പെടുക

∙ സമൂഹത്തിനു കൈത്താങ്ങാകാനും നിങ്ങൾക്ക് കഴിയും എന്ന് മനസ്സിലാക്കുകയും ഈ മഹാമാരിയെ പ്രതിരോധിക്കുവാൻ സർഗ്ഗപരമായി ഇടപെടുകയും ചെയ്യുക.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA