ADVERTISEMENT

കോവിഡ്-19 പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ജര്‍മനി. എന്നാല്‍ കോവിഡ് മരണനിരക്ക് ഈ രാജ്യത്ത് വെറും 0.4 ശതമാനം മാത്രമാണ്. അയല്‍രാജ്യങ്ങളായ ഇറ്റലിയും സ്‌പെയിനുമൊക്കെ ഒന്‍പതും ഏഴും ശതമാനം മരണനിരക്കുമായി രോഗത്തോടു മല്ലിടുമ്പോഴാണ് ജര്‍മനിയുടെ ഈ ചെറുത്തുനില്‍പ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് കോവിഡിന്റെ ആഗോള മരണ നിരക്ക് 3.4 ശതമാനമാണ്.

സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കിയും രണ്ടില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരുന്നതു വിലക്കിയും അത്യാവശ്യമില്ലാത്ത കടകളൊക്കെ അടച്ചിട്ടുമാണ് ജര്‍മനി കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത്. ബവാരിയ, സാര്‍ലാന്‍ഡ് സംസ്ഥാനങ്ങള്‍ കൂടുതല്‍ കര്‍ശന നിയമങ്ങള്‍ നടപ്പാക്കി പൗരന്മാരോട് വീട്ടില്‍ത്തന്നെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. 

ജര്‍മനിയിലെ ആരോഗ്യപരിചരണ സംവിധാനം ലോകത്തിലെ ഏറ്റവും മികച്ചതാണ്. 80 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 28,000 ത്തോളം ഇന്റന്‍സീവ് കെയര്‍ കിടക്കകളുണ്ട്. ഈ എണ്ണവും ഇരട്ടിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. 60 ദശലക്ഷം പേരുള്ള ഇറ്റലിയില്‍ പ്രതിസന്ധി ഘട്ടത്തിനു മുന്‍പ് 5000 കിടക്കകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. 

രോഗബാധിതരെ ചികിത്സിക്കുന്നതിനുള്ള രാജ്യത്തെ ആശുപത്രികളുടെ ശേഷി, ബാധിക്കപ്പെട്ടവരുടെ പ്രായം എന്നിവ അനുസരിച്ചാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ മരണ നിരക്കുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കമ്യൂണിക്കബിള്‍ ഡിസീസസ് ക്ലസ്റ്റര്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ഹേയ്മാന്‍ അഭിപ്രായപ്പെടുന്നു. 

സ്‌പെയിനിലെയും ഇറ്റലിയിലെയും ജനസംഖ്യയുടെ 20 മുതല്‍ 25 വരെ ശതമാനം വരെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇത് ആഫ്രിക്കയിലെയും ഏഷ്യയിലെയും മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാകാം. ഉയര്‍ന്ന രക്ത സമ്മർദം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ സാധ്യതയുള്ള പ്രായമായ വ്യക്തികളില്‍ കോവിഡ് മരണകാരണമായേക്കാം. 

ജര്‍മനിയിലും പ്രായമായവരുടെ നല്ലൊരു ജനസംഖ്യയുണ്ടെങ്കിലും നിരന്തരമായ പരിശോധനയിലൂടെ ആശുപത്രി പരിചരണം ആവശ്യമുള്ള വ്യക്തികളുടെ എണ്ണം കുറച്ചു കൊണ്ടു വരാന്‍ രാജ്യത്തിനായി. രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ ട്രാക്ക് ചെയ്യല്‍, അവരെ കണ്ടെത്തി ഐസലേറ്റ് ചെയ്യല്‍ തുടങ്ങിയ നടപടികളിലൂടെ ജര്‍മനിക്ക് നല്ലൊരു ശതമാനം പേരെ ആശുപത്രിയിലെത്തിക്കാതെ തന്നെ രോഗം നിയന്ത്രിക്കാനായി. 

തങ്ങളുടെ രാജ്യത്തെ പ്രായമായവരെ രോഗം അധികം ബാധിക്കാതിരിക്കാനും ഈ രാജ്യം ശ്രദ്ധിച്ചു. ജര്‍മനിയിലെ കോവിഡ് 19 പോസിറ്റീവ് കേസുകളില്‍ 82 ശതമാനവും 60 വയസ്സിന് താഴെയുള്ളവരിലാണ്. ഇതേ സമയം ഇറ്റലിയില്‍ രോഗം ബാധിച്ചവരില്‍ 74 ശതമാനവും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. 

English Summary: Coronavirus: Why is the mortality rate lower in Germany?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com