ADVERTISEMENT

ലോകത്ത്‌ കൊറോണ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം കൂടുമ്പോൾ ആളുകളുടെ പരിഭ്രാന്തിയും ഉത്കണ്ഠയും കൂടുകയാണ്. സുരക്ഷിതത്വത്തിനു വേണ്ട മുൻകരുതലുകളും വർധിക്കുന്നു. ഇടയ്ക്കിടെ കൈകൾ കഴുകുക, വീടിനുള്ളിൽ തന്നെ കഴിയുക, സാമൂഹിക അകലം ശീലിക്കുക ഇവയെല്ലാം വൈറസ് വ്യാപനം തടയാൻ സഹായിക്കുന്ന മാർഗങ്ങളാണ്. ലോകമെമ്പാടുമുള്ള ജനങ്ങളും സർക്കാരുകളും വൈറസ് പടരുന്നത് തടയാൻ ഇവ ശീലമാക്കുകയാണ്.

സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളാണ് കൊറോണക്കാലത്തെ ഒരു വെല്ലുവിളി. അത്തരമൊരു വ്യാജ പ്രചാരണം ആയിരുന്നു പത്രങ്ങളിലൂടെ കൊറോണ വൈറസ് വ്യാപിക്കും എന്നത്. എന്നാൽ ഇതു വാസ്തവിരുദ്ധമാണെന്നു ലോകമെമ്പാടുമുള്ള ഡോക്ടർമാരും ശാസ്ത്രജ്ഞരും വ്യക്തമാക്കി.

അങ്ങനെ ആശങ്കയുള്ള മൂന്നു കാര്യങ്ങളാണ് താഴെപറയുന്നത്.

1  ഷിപ്പിങ് പാക്കേജ് /ഷോപ്പിങ് സെന്ററിലെ ഉന്തുവണ്ടികൾ 

കൊറോണ വൈറസ് പകരുമോ എന്ന സംശയത്തിൽ മറ്റുള്ളവർ സ്പർശിച്ച പ്രതലങ്ങളിൽ തൊടുന്നത് ഒഴിവാക്കുകയാണ് പലരും. ചില പ്രതലങ്ങളിൽ കൊറോണ വൈറസിനു ദീർഘസമയം നിലനിൽക്കാൻ സാധിക്കുമെങ്കിലും ഒരു പ്രതലത്തിൽ തൊടുന്നതും അണുബാധയിലേക്കു നയിക്കുന്നതും തീർത്തും വ്യത്യസ്തമായ കാര്യമാണെന്ന് ഡോ. ഫഹീം യൂനസ് ട്വിറ്ററിൽ കുറിച്ചു. കൈകൾ നന്നായി കഴുകുക. കഴുകാത്ത കൈകൾ കൊണ്ട് മുഖത്തു തൊടാതിരിക്കുക. ഇവ ചെയ്താൽ തന്നെ രോഗ വ്യാപന സാധ്യത കുറയ്ക്കാൻ സാധിക്കും.

എങ്കിലും ഈ ലോക്ഡൗൺ സമയത്ത് ഓൺലൈൻ ആയി സാധനങ്ങൾ ഓർഡർ ചെയ്യുന്നത് കഴിവതും ഒഴിവാക്കണം. അത്രയ്ക്ക് അത്യാവശ്യമാണെകിൽ മാത്രമേ ഇങനെ ചെയ്യാവൂ. കാരണം സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഡെലിവറി ഏജന്റിന്റെ ആരോഗ്യം ഈ സമയത്തെ യാത്രകൾ മൂലം അപകടത്തിലായേക്കാം.

2. പാഴ്‌സൽ ഭക്ഷണം / ചൈനീസ് ഭക്ഷണം

പാഴ്‌സൽ ഭക്ഷണമോ ചൈനീസ് ഭക്ഷണമോ വൈറസ് പരത്തും എന്ന ഭീതി വേണ്ട. ഹോട്ടലുകളിൽ തയാറാക്കി പാഴ്‌സൽ ആയി വാങ്ങുന്ന ഭക്ഷണത്തിലൂടെ വൈറസ് പകരില്ലെന്നു ഫഹീം യൂനസ് പറയുന്നു. രോഗം ബാധിച്ച ഒരു വ്യക്തിയുടെ ചുമയിലൂടെയും തുമ്മലിലൂടെയും പുറത്തു വരുന്ന തുള്ളികൾ (ഡ്രോപ്‌‌ലെറ്റ്സ്) ആരോഗ്യമുള്ള ഒരു വ്യക്തിയുമായി സമ്പർക്കത്തിൽ വന്നാൽ മാത്രമേ രോഗം പകരൂ. ഇത് ഭക്ഷണത്തിലൂടെ പകരുന്ന രോഗമല്ല. ഭക്ഷണം വൃത്തിയായി ഉണ്ടാക്കുന്നിടത്തോളം ഭക്ഷണത്തിലൂടെ വൈറസ് പകരുമെന്ന പേടി വേണ്ട.

3. വസ്ത്രങ്ങൾ

കൊറോണ വൈറസ് ചില പ്രതലങ്ങളിൽ ദീർഘനേരം ഇരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതുകേട്ട് നിങ്ങൾ സംശയാലു ആകേണ്ട. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോയി വന്നശേഷം കുളിച്ച് വസ്ത്രം മാറേണ്ട കാര്യമൊന്നുമില്ല. പരിഭ്രാന്തിയുടെ ഒരാവശ്യവുമില്ല. കൈകൾ വൃത്തിയായി കഴുകുക, ദിവസം ഒരു തവണയെങ്കിലും കുളിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ചെയ്താൽ മതി. വസ്ത്രത്തിലൂടെ വൈറസ് പകരുമെന്ന ഭയം വേണ്ട.

ചില പ്രതലങ്ങൾ കൊറോണ വൈറസിന്റെ വാഹകരാണ് എന്നു നിങ്ങൾ കരുതുന്നുവെങ്കിൽ ഒരു അണുനാശിനി ഉപയോഗിച്ച് അവിടം വൃത്തിയാക്കുക. ഓർക്കുക, ഇത് പ്രതിരോധത്തിന്റെ സമയമാണ്. കെട്ടുകഥകൾ വിശ്വസിച്ച് ആശങ്കപ്പെടേണ്ട സമയമല്ല.

COVID-19: things that are not spreading the coronavirus infection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com