ADVERTISEMENT

ഇറ്റലിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ, രോഗം പിടിപെട്ടു ചികിത്സയിൽ കഴിയുന്ന നഴ്സ് മനോരമയോട്

ഇത്രയും ദിവസങ്ങൾക്കിടെ ഇപ്പോൾ നല്ലൊരു വാർത്ത കേട്ടതുകൊണ്ട് ആദ്യമേ അതു പറയട്ടെ. പുതിയ കേസുകളുടെ എണ്ണം ഇറ്റലിയിൽ കുറഞ്ഞുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച പുതിയ കേസുകൾ 6500 വരെയായിരുന്നു. പിറ്റേന്ന് 5500 ആയി. അതിനടുത്ത ദിവസം 4800 നു താഴെ. പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയെന്നതാണ് ഞങ്ങൾ നഴ്സുമാരും ഡോക്ടർമാരുമൊക്കെ പങ്കുവയ്ക്കുന്ന ആശ്വാസവാർത്ത.

ഞാൻ വടക്കൻ ഇറ്റലിയിലെ റെജിയോ എമിലിയയിലെ സാലൂസ് ആശുപത്രിയിൽ ഹെഡ് നഴ്സാണ്. 30 വർഷമായി ജോലി ചെയ്യുന്നു. അന്നുമിന്നും ഏറെ ആരാധനയോടെ കാണുന്ന പ്രഫഷൻ. ഇത്രകാലവും ഉണ്ടാകാതിരുന്ന പേടിയാണു കോവിഡ് പടർന്നശേഷമുണ്ടായത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ കുട്ടികളോട് ഇടപഴകാൻ പോലും പേടി തോന്നിയിട്ടുണ്ട്. പക്ഷേ, ഈ ജോലിയിലായതു കൊണ്ട് അതും അതിജീവിക്കാനായി.

രോഗീപരിചരണം അത്ര ദൈവികമായ കാര്യമായി കരുതിയാണു ജോലി ചെയ്യുന്നത്. എന്നിട്ടും അങ്ങേയറ്റം ബുദ്ധിമുട്ടു തോന്നിയ സന്ദർഭങ്ങളുണ്ട്. രോഗികളുടെ കണ്ണുകളിൽ പരിഭ്രാന്തിയും ഒറ്റപ്പെടലിന്റെ വേദനയും കണ്ടിട്ടുണ്ട്. കൃത്യമായ മരുന്നോ ചികിത്സയോ ഇല്ലാത്തതിനാൽ അവരോടു നമുക്കൊന്നും പറയാനില്ല. ഒന്നും ചോദിക്കാതെ രോഗികൾ കിടക്കുമ്പോൾ ആ മൗനം പോലും നമ്മെ വേദനിപ്പിക്കും. പ്രായമായവരെ നോക്കുന്ന നഴ്സുമാർക്കാണ് ഏറ്റവും ബുദ്ധിമുട്ട്. കാരണം, അതിജീവിക്കാൻ സാധ്യതയുള്ളവരെ കൂടുതൽ പരിരക്ഷിക്കുക എന്നതാണു പൊതുനിർദേശം.

മരുന്നും മറ്റും സർക്കാർ എത്തിക്കുന്നുണ്ട്; ചിലയിടത്തൊക്കെ ഇപ്പോഴും കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്നും പറയുന്നു. മെഡിസിനു പഠിക്കുന്നവരെയുൾപ്പെടെ ഡ്യൂട്ടിയിലെടുത്തു. വിരമിച്ചവരും തിരിച്ചു ജോലിക്കു വന്നു. ക്യൂബ, ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്നു കൂടുതൽ മാസ്കുകളും വെന്റിലേറ്റററുകളുമൊക്കെ കിട്ടിയതും സഹായമായി.

ഇവിടെയിപ്പോൾ അവശ്യവസ്തുക്കൾക്കു ബുദ്ധിമുട്ടില്ല. സൂപ്പർ മാർക്കറ്റുകളുടെ പ്രവർത്തനസമയം കുറച്ചിട്ടുണ്ടെങ്കിലും സാധനങ്ങൾ കിട്ടുന്നുണ്ട്. റോമിൽ ബസും മറ്റു വാഹനങ്ങളുമുണ്ടെങ്കിലും തിരക്കു കുറവാണ്. മിലാനിൽ ആളുകൾ പുറത്തിറങ്ങുന്നുണ്ടോ എന്നറിയാൻ ഡ്രോണുകളുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കു വൻതുകയാണു പിഴ.

കോവിഡിനെ അതിജീവിക്കാമെന്ന ആത്മവിശ്വാസം ഇപ്പോൾ ഞങ്ങൾക്കുണ്ട്. നേരിടാം, പക്ഷേ സമയമെടുക്കും എന്ന ചിന്ത. ‘നാം ഒരുമിച്ചു മുന്നേറും’ എന്ന വരികളാണു ഞങ്ങൾ നഴ്സുമാരും ഡോക്ടർമാരും സദാ ഉരുവിടുന്നത്. ആ ആത്മവിശ്വാസത്തിലാണു ഞാൻ ഇതെല്ലാം മെയിൽ ചെയ്യുന്നതും – കോവിഡ് പോസിറ്റീവ് എന്നു കണ്ടെത്തി രോഗക്കിടക്കയിലായിരിക്കുമ്പോഴും.

English summary: COVID 19 positive nurse from Italy share experience 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com