ADVERTISEMENT

ലോകമാകെ കേസുകളുടെ എണ്ണം എട്ടര ലക്ഷവും മരണസംഖ്യ 42000-വും കടന്നു. മരണസംഖ്യയിൽ ഫ്രാൻസും അമേരിക്കയും ചൈനയെ മറികടന്നു. അമേരിക്കയിൽ സ്ഥിതിഗതികൾ വളരെ മോശമായി തുടരുന്നു. ഇന്നലെയും 21000 ലധികം പുതിയ കേസുകളും അറുനൂറിലധികം മരണങ്ങളും. ഈ സംഖ്യ കൂടുതൽ മോശമാകാനുള്ള സാഹചര്യം ആണ് കാണുന്നത്.

തുടർച്ചയായ രണ്ടാം ദിവസവും ഇറ്റലിയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ നാലായിരം മാത്രം. പ്രതിദിന മരണസംഖ്യയിൽ ഇടിവ് വന്നിട്ടില്ലെങ്കിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിലുള്ള കുറവ് ഒരു ആശ്വാസമാണ്.

ഇറ്റലി, അമേരിക്ക, സ്പെയിൻ എന്നീ രാജ്യങ്ങളേക്കാൾ സ്ഥിതിവിശേഷം മോശമാകാൻ സാധ്യതയുള്ള ഒരു രാജ്യമാണ് ഇന്ത്യ. മുൻകൂട്ടിക്കണ്ട് പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടം ഇവിടെ ഉണ്ടാകും.

നിലവിൽ ജനസംഖ്യാനുപാതികമായി പരിഗണിച്ചാൽ ലോകത്തിൽ ഏറ്റവും കുറവ് പരിശോധന നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്കയ്ക്ക് പറ്റിയ തെറ്റ് നമ്മൾ ആവർത്തിക്കരുത്.

ഇന്നിപ്പോൾ ഒരു ദിവസം ഒരു ലക്ഷത്തിൽ കൂടുതൽ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് അമേരിക്ക. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഇത് തുടങ്ങിയിരുന്നെങ്കിൽ, അവർ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥയിൽ എത്തില്ലായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കണം. പക്ഷേ ആ സമയത്തൊക്കെ ഡോണൾഡ് ട്രംപ് കോവിഡിനെ നിസ്സാരവൽക്കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഫലമോ? ഒന്നേമുക്കാൽ ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉള്ള ഒരു രാജ്യം ചികിത്സാസൗകര്യങ്ങൾ പോരാ എന്ന് വിലപിക്കുകയാണ്.

ഭരണത്തലവന്മാരുടെ വീഴ്ചകൾക്ക് രാജ്യം നൽകേണ്ടിവരുന്ന വില വലുതാണ് എന്ന തിരിച്ചറിവ് വേണം. എല്ലാം അനുഭവിച്ച് പഠിക്കണം എന്ന് നിർബന്ധമില്ല. കണ്ടും കേട്ടും പഠിക്കുന്നവരാണ് അതിജീവിക്കുന്നത്. അഭിമാനവും ആത്മവിശ്വാസവും നല്ലതാണ്. പക്ഷേ അഹങ്കാരവും ദുരഭിമാനവും ഒട്ടും നല്ലതല്ല. വികാരം വിവേകത്തെ കീഴ്പ്പെടുത്തിയാൽ പരാജയ സാധ്യത കൂടുമെന്ന് ഓർക്കണം.

ദക്ഷിണകൊറിയയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട 56% രോഗികളും ഒരു മതപ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തവർ ആയിരുന്നു. സിംഗപ്പൂരിലുണ്ടായ ആകെ രോഗികളുടെ 10% ഒരു ഡിന്നർ പാർട്ടിയിൽ പങ്കെടുത്തവരായിരുന്നു. അതുപോലെ ഇന്ത്യയിൽ ഇതുവരെയുണ്ടായ രോഗികളിൽ 131 പേരും ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർ ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ലസ്റ്റർ ആയി നിസാമുദ്ദീൻ മാറി. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇന്ത്യയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 272 പുതിയ രോഗികളാണ്. ഒരു ദിവസം ഇത്രയും രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ രോഗികൾ 1619 ആയി. ഇതിനകം 150 പേർ രോഗമുക്തി നേടി. 49 പേർ മരിച്ചു.

കേരളത്തിൽ പുതിയ 7 രോഗികൾ കൂടി വന്നപ്പോൾ ആകെ ആകെ കേസുകൾ 241 ആയി. 24 പേർ ഇതിനകം രോഗമുക്തി നേടി. രണ്ടുപേർ മരിച്ചു ഇപ്പോൾ ആകെ ചികിത്സയിലുള്ളത് 215 പേരാണ്. 1,63,129 പേർ നിരീക്ഷണത്തിലാണ്.

കേരളത്തിന്റെ ആരോഗ്യ മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വ്യക്തിഗത സുരക്ഷാ സാമഗ്രികളുടെ ലഭ്യതക്കുറവാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുക കൂടി ചെയ്തത് ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

പലതരം ആശയക്കുഴപ്പങ്ങൾക്കിടയിലും ജോലിക്കെത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് അവശ്യം വേണ്ട സുരക്ഷാ സാമഗ്രികൾ എത്തിച്ചു നൽകുന്നതിന് പകരം സീനിയർ ജീവനക്കാർ അവരെ വിരട്ടിയും ഭീഷണിപ്പെടുത്തിയും ജോലിചെയ്യിക്കുന്ന സ്ഥിതി പലയിടങ്ങളിലുമുണ്ട്. മാനുഷികമായ പരിഗണനയോ തൊഴിലിനോടുള്ള ബഹുമാനമോ ഇല്ലാത്ത ഇത്തരം പ്രവണതകൾ ആരോഗ്യമേഖലയുടെ അന്തസത്തയ്ക്ക് ഒട്ടും ചേർന്നതല്ല. ഇത് നിലവിലുള്ള സ്ഥിതി കൂടുതൽ വഷളാക്കുകയേ ഉള്ളൂ.

കോവിഡ് രോഗം ബാധിച്ചു മരിക്കുന്നവരിൽ 95 ശതമാനവും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.

ഏപ്രിൽ 14-ന് ലോക്ഡൗൺ അവസാനിക്കുമ്പോൾ അഥവാ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞാലും പ്രായാധിക്യം ഉള്ളവർ വളരെ ഉയർന്ന റിസ്ക് കാറ്റഗറിയിൽ തന്നെയായിരിക്കും തുടരുക. അവരുടെ പ്രൊട്ടക്‌ഷനു വേണ്ടി അവരെ 'റിവേഴ്സ് ക്വാറന്റീൻ' ചെയ്യാനുള്ള പദ്ധതികൾ കൂടി സർക്കാർ ഈ നിമിഷം ചിന്തിച്ചു തുടങ്ങേണ്ടതാണ്. പ്രായാധിക്യമുള്ളവരെയും രോഗം അപകടകരമായി ബാധിക്കാൻ സാധ്യതയുള്ളവരെയും മാത്രം ക്വാറന്റീൻ ചെയ്യുന്നതിനെയാണ് റിവേഴ്സ് ക്വാറൻന്റീൻ എന്നു പറയുന്നത്.

ഇത് പ്രാവർത്തികമാക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പുതന്നെ അതിനുള്ള പദ്ധതികൾ തയാറാക്കുകയും ക്വാറൻന്റീൻ ചെയ്യുന്നവരെ മാനസികമായി അതിന് തയാറെടുപ്പിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. മാത്രമല്ല വീടുകളിൽ തന്നെ ക്വാറന്റീൻ ചെയ്യാൻ സാധിക്കുമോ എന്നതിനെ പറ്റിയും അല്ലെങ്കിൽ അവർക്ക് മാത്രമായി പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തേണ്ടതിനെ പറ്റിയും ഇപ്പൊഴേ ചിന്തിച്ചു തുടങ്ങണം.

എഴുതിയത്: ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവൻ, ഡോ. പി. എസ്. ജിനേഷ്

English Summary: COVId- 19, Corona virus updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com