ADVERTISEMENT

80 വയസ്സെങ്കിലും കാണും പാട്രിക്കിന് (യഥാർത്ഥ പേരല്ല), കോവിഡ് പോസിറ്റീവ് ആണ്. പക്ഷേ, ഐസിയു അഡ്മിഷനു കാരണം അതല്ല– ആസ്മ എക്സാസിർബേഷൻ ആണ്. സാധാരണ ഗതിയിൽ ആൽബുട്ടറോളും  സെറവന്റും കൊടുത്താൽ ഭേദമാകേണ്ടതാണ്. പക്ഷേ, വെന്റിലേറ്ററിൽ ആയിട്ട് ഇന്നിതു മൂന്നാം ദിവസം. രാവിലെ 9ന്  ആദ്യ വെന്റിലേറ്റർ ചെക്കിന് വന്നതാണ്. സെർവോ ഐ വെന്റിലേറ്റർ ആണ്. രണ്ട് മിനിറ്റ് എടുത്തു കൈ അണു വിമുക്തമാക്കി. ഗൗൺ ധരിച്ച്, മാസ്ക്കും വച്ച്, കയ്യുറയും ധരിച്ച് (മനസ്സിൽ പ്രാർത്ഥിച്ച്) പാട്രിക്കിന്റെ മുറിയിൽ കയറിയതാണ്. പാട്രിക്ക് ഒന്നാമത്തെ പേഷ്യന്റ്, ഇനി ഇതു പോലെ പതിമൂന്നു പേർ വേറെ. അത് ഈ യൂണിറ്റിൽ മാത്രം. മറ്റൊരിടത്ത് നൂറു പേരിലധികമാണ് പോസിറ്റിവായി കിടക്കുന്നത്. ഇപ്പോൾ പ്രവർത്തനത്തിലിരിക്കുന്ന 65  വെന്റിലേറ്ററുകൾ കൂടാതെ അവശേഷിക്കുന്നത് വെറും പത്തെണ്ണം കൂടി മാത്രം. അതിനുശേഷം വരുന്ന രോഗികളെ എങ്ങനെ വെന്റിലേറ്റ് ചെയ്യുമെന്ന ആശങ്ക ഒരു വശത്ത്.

പാട്രിക്കിന്റെ മോണിറ്ററിൽ ഹാർട്ട് റേറ്റ് 68, റെസ്പിറേറ്ററി റേറ്റ് 10, ഓക്സിജൻ സാച്ചുറേഷൻ 82 ശതമാനം, വെന്റിലേറ്റർ സെറ്റിംഗ്സ് ടൈഡൽ വോളിയം 450, റേറ്റ് 12, പീപ്പ് 7, ഓക്സിജൻ 100 ശതമാനം. പി.ആർ.വി.സി മോഡ്. മാക്സിനടിയിലും കാണാം മുഖത്ത് ദൈന്യഭാവം, കണ്ണുകളിൽ നിസ്സഹായാവസ്ഥ. സ്റ്റെതസ്കോപ്പ് എടുത്തു ബെൽ ആൽക്കഹോൾ വൈപ്പ് കൊണ്ട് വൃത്തിയാക്കി നെഞ്ചിന്റെ രണ്ട് വശങ്ങളും പരിശോധിച്ചു. വീസിങ് ഉണ്ട്. ഒപ്പം നെഞ്ചിൽ ഫ്ലൂയിഡ് ഉണ്ടെന്നുള്ളതിന്റെ റെയിൽസും. കോവിഡ് രോഗികൾക്ക് നെബുലൈസേഷൻ നിരോധിച്ചിരിക്കുന്നതിനാൽ എം.ഡി.ഐ (മീറ്റേഡ് ഡോസ് ഇൻ ഹെയ്ൽ) മാത്രമാണ് കൊടുക്കുന്നത്. തത്ക്കാലം അത് നഴ്സുമാരുടെ ജോലി ഭാഗമാക്കിയിട്ടുണ്ട്.

എങ്ങനെയുണ്ട് തുടങ്ങിയ മാസ്ക്കിനടിയിൽ കൂടിയുള്ള ചോദ്യങ്ങൾക്ക് മുക്കിയും മൂളിയുമുള്ള വ്യക്തമാകാത്ത മറുപടികൾ. ദൈന്യത നിഴലിക്കുന്ന കണ്ണുകൾ. അടുത്ത നിമിഷം എന്തു സംഭവിക്കുന്നുവെന്നറിയാൻ കഴിയാതെ ഉഴറുന്ന വൈഷമ്യം. ഓർഡർ നോക്കി. ബ്ലഡ് ഗ്യാസിനുള്ള സമയത്തിന് ഇനിയും രണ്ടു മണിക്കൂറുകൾ ബാക്കി. വീണ്ടും വരാമെന്ന പ്രതീക്ഷ നൽകി പാട്രിക്കിനോടു യാത്ര പറഞ്ഞ് അടുത്ത മുറിയിലേക്ക്. മനസ് ആകെ മരവിച്ച അവസ്ഥയിൽ പാട്രിക്കിനെയും മറ്റ്  രോഗികളെയും പറ്റിയുള്ള ആശങ്ക ഒരു വശത്ത്. അവസാന വെന്റിലേറ്ററും ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നെയെന്ത് എന്ന ചോദ്യം മറുവശത്ത്. ഫെഡറൽ  റിസർവിൽ നിന്നും നാലായിരത്തോളം വെന്റിലേറ്ററുകൾ 20 മൈൽ ദൂരേയുള്ള എഡിസണിലെ വെയർഹൗസിൽ എത്തി എന്ന വാർത്ത ടിവിയിൽ കണ്ടത് അരമണിക്കൂർ മുൻപാണ്.

ഇക്കഴിഞ്ഞ ദിവസം ഈ യൂണിറ്റിൽ ജോലി ചെയ്തിരുന്ന സഹപ്രവർത്തകൻ റോബി എന്ന റോബർട്ടിന് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് വീട്ടിൽ  ക്വാറന്റീനിൽ കഴിയാൻ വിട്ടു. ആകപ്പാടെയുള്ള 70 റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളിൽ 15 പേരും രോഗശയ്യയിൽ. സാധാരണയായി പകൽ പത്തു പേരും രാത്രി 9 പേരുമുള്ള ഡിപ്പാർട്ട്മെന്റിൽ വളരെ ബുദ്ധിമുട്ടി ഒമ്പതും എട്ടും പേരെ വീതം മാത്രം ഉപയോഗിച്ചാണ് പ്രവർത്തനം. കൊച്ചുകുട്ടികളും മുതിർന്ന മാതാപിതാക്കളും ഉള്ള വീട്ടിലേക്ക് കോവിഡ് രോഗികളെ പരിചരിച്ചതിനുശേഷം ചെന്നുകയറുന്ന മാനസിക വ്യഥ ഉള്ളിൽ പേറുകയാണ് ഓരോരുത്തരും. ഇതൊരു താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നുമൊക്കെ ഓരോ തെറാപ്പിസ്റ്റിനും അറിയാം. അതിനിടയ്ക്ക് ഇത്തരമൊരു തൊഴിലിന് എന്തിന് ഇറങ്ങിപ്പുറപ്പെട്ടു എന്നു ചിന്തിക്കുന്നവരും കുറവല്ല. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു ചിന്തയ്ക്കും സ്ഥാനമില്ല. ജീവിതത്തിനും മരണത്തിനും മധ്യേയുള്ള നൂൽപ്പാലത്തിലൂടെയാണ് ഓരോരുത്തരും നടന്നുപോവുന്നത്. അതിനിടയിൽ മറ്റൊന്ന് ചിന്തിക്കാൻ ആർക്കാണ് നേരം.

26 വർഷങ്ങൾക്ക് മുൻപ് ഹ്യൂമൻ റിസോഴ്സസ് (പേഴ്സണൽ ഡിപ്പാർട്ട്മെന്റ്) പ്രവർത്തന പരിചയവുമായി സൗദി അറേബ്യയിൽ നിന്ന് അമേരിക്കയിൽ കാലുകുത്തിയപ്പോൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല അമേരിക്ക എനിക്കായി കരുതി വച്ചിരുന്നത് ഇത്തരത്തിലൊരു പ്രൊഫഷനായിരിക്കുമെന്ന്. തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി മാത്രം. വിവിധ ശ്രേണിയിലുള്ള പടവുകൾ ചവിട്ടിക്കയറ്റിയ ദൈവകൃപയെ ഓർത്ത് നന്ദി മാത്രം. ഒട്ടേറെപ്പേരോടു കടപ്പാടുണ്ട്. എല്ലാം ഹൃദയത്തോടു ചേർത്തു വയ്ക്കുന്നു…

വെന്റിലേഷന്റെ കലയും ശാസ്ത്രവും സംബന്ധിച്ച ഉപദേശവും ക്ലിനിക്കൽ വിദ്യാഭ്യാസവും നേടിയ ഒരേയൊരു മെഡിക്കൽ പ്രൊഫഷനാണ് റെസ്പിറേറ്ററി തെറാപ്പി. ലൈസൻസുള്ള ഫിസിഷ്യൻമാർക്കു പുറമേ മെക്കാനിക്കൽ വെന്റിലേഷൻ നൽകാൻ ഇവർക്കു മാത്രമാണ് അനുമതി.

രാജ്യത്തും പുറത്തും ഉള്ള റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾക്കു ഭാരിച്ച ജോലിയുള്ള സമയമാണിത്. കൊറോണയുടെ അതിപ്രസരത്താൽ വലയുന്ന കോവിഡ് 19 രോഗികൾക്ക് അടിയന്തര സാഹചര്യത്തിൽ കൃത്രിമ ശ്വാസസഹായം നൽകാൻ ഇവർ കൂടിയേ തീരൂ. കാരണം, ഡോക്ടർമാർക്കും നഴ്സിനും അവരുടെ സേവനത്തിന് ഇപ്പോൾ തീവിലയാണ്. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച ആളുകളുമായി ചികിത്സാപരമായി പ്രവർത്തിക്കുന്നതിനായി ഈ പ്രത്യേക ആരോഗ്യ പരിപാലകർക്ക് കാർഡിയോ പൾമണറി കെയറിൽ പരിശീലനം നൽകുന്നു. കോവിഡ് 19 പോരാട്ടത്തിൽ ഇവർ മുൻനിരയിലാണ്. രോഗികളെ അതിജീവിക്കാൻ സഹായിക്കുന്നതിന് ഡോക്ടർമാരുമായി ചേർന്നാണ് ഇവരുടെ പ്രവർത്തനം. ന്യൂയോർക്ക്, ന്യൂജഴ്സി സംസ്ഥാനങ്ങളിലെല്ലാം റെസ്പിറേറ്ററി പ്രൊഫഷണലുകൾ കൊറോണയുടെ  മുൻനിരയിലാണുള്ളത്. 

പ്രതിബദ്ധതയുള്ള തെറാപിസ്റ്റുകൾ പൾമനറി ഡോക്ടർമാരുടെ ചങ്കാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും കൃത്രിമ ശ്വാസോച്ഛ്വാസത്തിനും ഇവരുടെ കൂട്ടുക്കെട്ട് അനിവാര്യമാണ്– ഒരേ തൂവൽപക്ഷികൾ.

വെന്റിലേറ്റർ വൈദഗ്ധ്യമുള്ള റെസ്പിറേറ്ററി പ്രൊഫഷണലുകളാണ് കോവിഡ് 19 രോഗികളെ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇവർ ജോലി ചെയ്യുന്നതെങ്കിലും എപ്പോൾ വേണമെങ്കിലും ഇവരെയും കോവിഡ് ആക്രമിക്കാവുന്നതാണ്. ഇത്തരത്തിൽ 40 ശതമാനത്തോളം പേരാണ് കോവിഡ് 19 രോഗബാധിതരായി ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ആശുപത്രികളിൽ മരണത്തോടു മല്ലടിക്കുന്നത്. ശ്വാസകോശത്തെയും ശ്വസന വ്യവസ്ഥയെയും ആക്രമിക്കുകയാണ് കൊറോണ വൈറസ് ചെയ്യുന്നത്. ഇവിടെയാണ് വെന്റിലേറ്ററുകളുടെ സഹായം ഒരു രോഗിക്ക് ആവശ്യമായി വരുന്നത്.

ലൈഫ് സപ്പോർട്ട് മെഷീനുകളാണ് വെന്റിലേറ്ററുകൾ. കോവിഡ് 19 ഉള്ള 5% രോഗികൾക്ക് സാധാരണ ശ്വസന പ്രവർത്തനം നിലനിർത്താൻ കഴിയില്ല. മാത്രമല്ല അവ അന്തർലീനമാകാൻ  ശ്വസന ട്യൂബ് (Endotracheal Tube) അവരുടെ ശ്വസനമാർഗത്തിൽ സ്ഥാപിക്കുകയും വേണം. പരിശീലനം ലഭിച്ച റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ രോഗിയുടെ ശ്വസന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഉചിതമായ വെന്റിലേറ്റർ ക്രമീകരണങ്ങൾ നിർണയിക്കുന്നു. ആ സമയം മുതൽ അവർ നിരന്തരമായ നിരീക്ഷണവും വിലയിരുത്തലും രോഗിക്ക് നൽകുകയും രോഗിയുടെ അവസ്ഥ മെച്ചപ്പെടുകയോ വഷളാകുകയോ ചെയ്യുന്നതിനനുസരിച്ച് വെന്റിലേറ്റർ ക്രമീകരണം പരിഷ്കരിക്കുകയും ചെയ്യുന്നു. 

കൈയുടെ മണിബന്ധത്തിനു മുകളിലുള്ള രക്തക്കുഴലിൽ (റേഡിയൽ) നിന്നോ കൈമടക്കിന്റെ മുകളിലുള്ള രക്തക്കുഴലിൽനിന്നോ (ബ്രേക്കിയൽ) രക്തമെടുത്ത് എ.ബി.ജി. മെഷിനിൽ വിശകലനം ചെയ്യുമ്പോൾ ശരീരത്തിലെ ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും അളവ് അറിയാനാവും. ഇതിലെ ഏറ്റക്കുറവ് അനുസരിച്ച് വെന്റിലേറ്ററിലെ പാരാമീറ്റേഴ്സ് ക്രമീകരിക്കണം.

യുഎസിൽ ഏകദേശം 120,000 റെസ്പിറ്റോറി തെറാപ്പിസ്റ്റുകളുണ്ട്. ന്യൂജഴ്സിയിൽ മൂവായിരത്തിലധികം. ന്യൂയോർക്കിൽ ഏഴായിരവും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവർക്കു കൂടുതൽ ആവശ്യകത വർധിച്ചുകൊണ്ടിരിക്കുന്നു. റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ പലപ്പോഴും ഈ പ്രതിസന്ധി ഘട്ടത്തിൽ രോഗികളുമായും മെഡിക്കൽ ടീമുകളുമായും ചേർന്നു പ്രവർത്തിക്കുമ്പോൾ അവരുടെ ജീവനെക്കുറിച്ചു പോലും മറന്നു പോകുന്നു. ഈ ജോലികൾ ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമാണെന്നു അവർ തിരിച്ചറിയുന്നു.

കൊറോണ അതിരൂക്ഷമായ ഓരോ ദിവസവും റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ ജോലി സ്ഥലത്ത് എത്തുമ്പോൾ സംരക്ഷണ കയ്യുറകൾ, ഒരു മാസ്ക്, ഒരു ആശുപത്രി ഗൗൺ, ഗോഗലുകൾ എന്നിവ ധരിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് പോകുന്നു. അവിടെ രോഗികൾ ആശുപത്രി കിടക്കകളിലാണ് കിടക്കുന്നത്. പലരുടെയും ശ്വസന ട്യൂബുകൾ മൂക്കിലൂടെയോ തൊണ്ടയിലൂടെയോ ആണ്. യന്ത്രങ്ങൾ അവയ്ക്കായി ശ്വസനം നടത്തുന്നു. വായു പമ്പ് ചെയ്യുകയും അടുത്ത ശ്വാസം  കൃത്രിമമായി ഉത്പാദിപ്പിക്കുന്നതിനു മുമ്പായി അത് പുറത്തുവിടുകയും ചെയ്യുന്നു. മാരകമായ കൊറോണ വൈറസിനെ അതിജീവിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമാണ് വെന്റിലേറ്ററുകൾ.

കോവിഡ് 19 ൽ നിന്നുള്ള ഏറ്റവും ദുരിതത്തിലായ രോഗികളിൽ പലരും കഠിനമായ ന്യുമോണിയ ബാധിച്ചവരാണ്. ശ്വാസകോശത്തിലേക്ക് നിർണായക ഓക്സിജൻ എത്തിക്കുകയും പരാജയം തടയുന്നതിനായി ശരീരത്തിന്റെ അവയവങ്ങളിലേക്ക് പമ്പ് ചെയ്യുകയും  ചെയ്യുന്ന വെന്റിലേറ്ററുകൾ ഉപയോഗിച്ച് ശ്വസിക്കുമ്പോൾ രോഗികളെ നയിക്കാനുള്ള റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളുടെ വൈദഗ്ധ്യം പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ജീവിതത്തിനും മരണത്തിനും ഇടയിൽ നിന്നു കൊണ്ട് ശ്വാസം വീണ്ടെടുക്കലും ശ്വാസം മുട്ടലും തമ്മിലുള്ള വ്യത്യാസത്തെ അവർ കൃത്യതയോടെ അളന്നെടുത്തു പ്രവർത്തിക്കുന്നു. ശ്വസനത്തിന്റെ കാവൽഭടന്മാരാണ് റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ.

രോഗബാധിതരായ മിക്ക രോഗികൾക്കും കോവിഡിന്റെ നേരിയ ലക്ഷണങ്ങളുണ്ടെങ്കിലും ശ്വാസകോശ, ഹൃദയ അവസ്ഥകൾ  വിട്ടുവീഴ്ച ചെയ്യാത്ത രോഗപ്രതിരോധ സംവിധാനങ്ങൾ, കാൻസർ അല്ലെങ്കിൽ പ്രമേഹം എന്നിവ മൂലം വിഷമിക്കുന്ന മുതിർന്ന രോഗികൾ വളരെ പെട്ടെന്നു വൈറസിന്റെ പിടിയിലാവും. ചിലത് ശ്വാസകോശ സംബന്ധമായ തകരാറുകളിലേക്ക് പോകുകയും പലർക്കും സ്വന്തമായി ശ്വസിക്കാൻ കഴിയാതിരിക്കുകയും  ചെയ്യും.  അപ്പോഴാണ് ഒരു റെസ്പിറേറ്ററി തെറാപ്പിസ്റ്റിന്റെ വൈദഗ്ധ്യം, സംവേദനക്ഷമത, അനുഭവം എന്നിവ ആവശ്യമായിവരുന്നത്. ഒരു മിനിറ്റിൽ നിരവധി തവണ കംപ്യൂട്ടറൈസ്ഡ് വെന്റിലേറ്ററിലൂടെ പുറത്തുവരുന്ന വായു പലപ്പോഴും മുറിയിലെ വായുവിന്റെയും ഓക്സിജന്റെയും സംയോജനമായാണ്. രോഗിയുടെ ശ്വാസകോശത്തിലേക്കും പുറത്തേക്കും പ്രവഹിക്കുന്നത്. മോണിറ്ററിങ് സിസ്റ്റങ്ങളും അലാറങ്ങളും വായു, മർദ്ദം, അളവ്, ഒഴുക്ക് എന്നിവ കൃത്യമായി അളക്കേണ്ടതുണ്ട്. അതേ സമയം, വ്യക്തിഗത രോഗിയുമായി പൊരുത്തപ്പെടുന്നതിന് മെഷീന്റെ പാരാമീറ്ററുകൾ നന്നായി ക്രമീകരിക്കണം. സംസാരശേഷിയില്ലെങ്കിലും രോഗിയുടെ സുഖപ്രദമായ നിലയെയും ഓക്സിജന്റെ ആവശ്യങ്ങളെയും കുറിച്ച് നന്നായി അറിയണം.

രോഗികൾക്ക് സഹായകരമായ പരിചരണം നൽകാൻ മാത്രമേ റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾക്ക് ഇപ്പോൾ കഴിയുന്നുള്ളൂ. കാരണം കൊറോണ വൈറസിന്റെ വ്യാപ്തി അത്രയും വലുതാണ്. വെന്റിലേറ്റർ  ക്രമീകരിക്കുക, മോണിറ്ററുകൾ കൃത്യമായി പഠിക്കുക, വർധിച്ചുവരുന്ന മാറ്റങ്ങൾക്കായി രോഗികളെ നിരീക്ഷിക്കുക, രോഗിയുടെ ശരീരത്തിന്റെ പ്രതിരോധം രോഗത്തെ ചെറുക്കുകയും അത് അതിന്റെ ഗതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നതുവരെ അവരുടെ രക്ത വാതകങ്ങളിൽ പരിശോധന നടത്തുക എന്നൊക്കെയാണ് ഇപ്പോൾ റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ പലയിടത്തും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് എത്രനാൾ തുടരേണ്ടി വരുമെന്നതിനെക്കുറിച്ച് ഒരു ഊഹവുമില്ല. പഴയ രോഗികൾ സുഖപ്പെടുന്നതിനു മുമ്പ് പുതിയ രോഗികൾ എത്തുന്നു. ഇതാവട്ടെ കൈകാര്യം ചെയ്യാവുന്നതിലും വളരെ കൂടുതലാണ്.

ചില രോഗികളെ വെന്റിലേറ്ററുകളിൽ നിന്ന് പുറത്തെടുക്കാൻ കഴിയുമോയെന്നറിയാൻ എല്ലാ ദിവസവും ചെറിയ പരീക്ഷണങ്ങൾ (വീനിങ്) നടത്തുന്നു. രോഗികളെ വെന്റിലേറ്ററിൽ നിന്ന് ഇറക്കി അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കുക എന്നതാണ് ലക്ഷ്യം. ചില രോഗികൾക്ക് ശ്വാസകോശ സംബന്ധമായ തകരാറുകൾ നേരിടാം, മറ്റുള്ളവർ അത് ചെയ്യുന്നില്ല. ഒന്നിലധികം അവയവങ്ങൾ പരാജയപ്പെടാം. ആ സാഹചര്യത്തിൽ ഒരു പരിചയസമ്പന്നനായ ശ്വസന ചികിത്സകന് പോലും ആത്യന്തികമായി ജീവിതത്തെയോ മരണത്തെയോ നിയന്ത്രിക്കാൻ കഴിയണമെന്നില്ല. എന്നിട്ടും കാലക്രമേണ, ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുമ്പോൾ വെന്റിലേറ്ററിൽ നിന്ന് ഓക്സിജൻ കുറയാതിരിക്കാൻ അവർ രോഗികളെ സഹായിക്കുന്നു. അതിന് സമർപ്പണം ആവശ്യമാണ്; ക്ഷമ ആവശ്യമാണ്.

എന്നാൽ കോവിഡ് 19 വ്യാപ്തി വർധിച്ചതോടെ ഈ നില മാറിയിരിക്കുന്നു. കോവിഡ് രോഗികളുടെ സമീപത്തേക്ക് പോകുന്നതിനു മുമ്പ് ഇപ്പോൾ ആദ്യം ഒരു പനിയുടെ ലക്ഷണമുണ്ടോയെന്നറിയാനായി സ്വന്തം താപനില പരിശോധിക്കണം. കൂടാതെ രോഗലക്ഷണങ്ങളെ നിരാകരിക്കുന്നതിന് ഒരു ചോദ്യാവലി പൂരിപ്പിക്കുകയും വേണം. ഒരു റെസ്പിറേറ്ററി തെറാപ്പിസ്റ്റ് പതിറ്റാണ്ടുകളുടെ കരിയറിൽ ഒരിക്കലും അഭിമുഖീകരിക്കാത്ത പുതിയ വെല്ലുവിളികളാണ് കോവിഡ് അവർക്കു നൽകികൊണ്ടിരിക്കുന്നത്.

ഇപ്പോൾ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തുന്ന ഏതൊരാൾക്കും 14 ദിവസത്തേക്ക് ക്വാറന്റീൻ കാലമാണ്. അതുകൊണ്ടു തന്നെ റെസ്പിറ്റോറി തെറാപ്പിസ്റ്റുകളുടെ കാര്യത്തിൽ കാര്യമായ കുറവ് ഉണ്ടായിരിക്കുന്നു. ആശുപത്രികളിൽ ജോലിക്കാരില്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്ന മെഡിക്കൽ സംഘത്തെ ആശുപത്രി പ്രവർത്തനം സുഗമമായി നടക്കാനായി പലയിടത്തും നിയോഗിച്ചിട്ടുണ്ട്. പക്ഷേ എത്രനാൾ ഇങ്ങനെയെന്ന കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കി.

നാളെ വരുമ്പോൾ നവീനമായ ഒരു പദ്ധതികൂടി ആവിഷ്ക്കരിക്കാനുണ്ട്. ദിവസങ്ങൾ കഴിയും തോറും രോഗികൾക്കായി വെന്റിലേറ്റർ കിട്ടാതെ വരുന്ന സാഹചര്യമുണ്ടായാൽ, ഒറ്റ വെന്റിലേറ്ററിൽ നിന്നും നാലു രോഗികൾക്കായുള്ള സെറ്റപ്പ് പരീക്ഷിക്കാമെന്ന് ഡിപ്പാർട്ട്മെന്റ് അഡ്മിനിസ്ട്രേഷനോട് പറഞ്ഞിട്ടുണ്ട്. വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. പക്ഷേ അതിനും അതിന്റേതായ പരിമിതികളും പ്രശ്നങ്ങളും ഉണ്ട്. നോക്കട്ടെ.

വീട്ടിൽ പോകാൻ സമയമായി. ഇതിനിടയിൽ പാട്രിക്ക് ഒരു തവണ കോവിഡിന് വിധേയനായി രക്ഷപ്പെട്ടു. നൈട്രിക് ഓക്സൈഡ് തെറാപ്പി കൂടി ചേർത്തതോടെ ഓക്സിജൻ സാച്ചുറേഷനിൽ കാര്യമായ മാറ്റമുണ്ടായി. ബ്ലഡ് പ്രഷറും മെച്ചപ്പെട്ടു. മുറിയുടെ പുറത്തു നിന്ന് കണ്ണാടി സ്ക്രീനിലൂടെ നോക്കിയപ്പോൾ പാട്രിക്കിന്റെ മുഖത്ത് കണ്ടത് ഒരു മന്ദസ്മിതമായിരുന്നോ? അറിയില്ല. സ്റ്റാറ്റസ് അറിയാൻ  രാത്രി വിളിച്ച് നോക്കാൻ ത്രാണിയില്ല. എന്തു വന്നാലും നാളെ കാണാം. നാളെ കാണും എന്ന ശുഭാപ്തി വിശ്വാസത്തോടെ – രാത്രി 8.30 ആയി  പോട്ടെ. പാട്രിക് സുഖം പ്രാപിക്കുക. ഒപ്പം കോവിഡിന്റെ  പിടിയിലമർന്ന അമേരിക്കയിലുള്ള 130,000ൽപ്പരം പേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com