ADVERTISEMENT

ബ്രിട്ടീഷ്കാരന്‍ ബോബ് വെയിറ്റ്ടണ്‍ 112-ാമത്തെ പിറന്നാള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ആഘോഷിച്ചത് കോവിഡ് ഭയന്ന് ഐസൊലേഷനിലാണ്. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി കൂടിയാണ് ഈ കൊറോണ കാലത്ത് ബോബിനെ തേടി ഇതോടെ എത്തിയിരിക്കുന്നത്. ബോബിന് അയല്‍ക്കാരും ബന്ധുക്കളും നിശ്ചിത അകലം പാലിച്ചു കൊണ്ട് വീടിന്റെ മുന്നിലെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

ജീവിതത്തില്‍ തന്നെ തേടി വന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌ ബുക്കിനായി നല്‍കിയ വിഡിയോയില്‍ ബോബ് വിവരിക്കുന്നുണ്ട്. യൂറോപ്പില്‍ പടര്‍ന്നു പിടിച്ച സ്പാനിഷ്‌ ഫ്ലൂ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനും പത്തുവർഷം മുന്‍പാണ് ബോബ് ജനിച്ചത്‌.

ജീവിതത്തില്‍ വലിയ മോഹങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. വരുന്നിടത്തു വച്ചു കാണുന്നതാണ് രീതി. ഒഴിവു നേരങ്ങളില്‍ മിനിയേച്ചര്‍ വുഡന്‍ വിന്‍ഡ് മില്ലുകള്‍ ഉണ്ടാക്കി നല്‍കുന്ന വിനോദം ഇപ്പോഴും ബോബിനുണ്ട്. നേരത്തെ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ജപ്പാന്‍ സ്വദേശി ഫെബ്രുവരി 23 നാണ് മരിച്ചത്. അതിനു ശേഷമാണ് ബോബ് ആ പദവിയിലേക്ക് എത്തുന്നത്. 

ജപ്പാന്‍ സ്വദേശി കെയിന്‍ തനെക ആണ് ലോകത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീ. 117 വയസ്സാണ് ഇവര്‍ക്ക്.  116  വര്‍ഷവും 54 ദിവസവും ജീവിച്ച ജപ്പാനിലെ ജിറിയോമന്‍ കിമോറാ  2013 ലാണ് മരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മനുഷ്യന്‍ എന്ന ബഹുമതി ഇദ്ദേഹത്തിനാണ്. മാര്‍ച്ച്‌  29, 1908 ല്‍ യോര്‍ക്ക്‌ഷെയറിലാണ് ബോബ് ജനിക്കുന്നത്. മറൈന്‍ എഞ്ചിനീയറിങ് പഠിച്ച ശേഷം പിന്നീട് തൈവാനില്‍ പോയി. അവിടുന്ന് മൻഡലിന്‍ പഠിച്ചു ഒരു സ്കൂളില്‍ ജോലി ചെയ്തു.  1937 ല്‍ കളികൂട്ടുകാരിയായ ആഗ്നസിനെ വിവാഹം ചെയ്തു. മൂന്നു മക്കളാണ് ഇവര്‍ക്ക്. കുറച്ചു നാള്‍ ടൊറന്റോയില്‍ ജീവിച്ച ശേഷം രണ്ടാം ലോകമഹായുദ്ധകാലത്താണ് ബ്രിട്ടനില്‍ മടങ്ങി വരുന്നത്. പിന്നീട് ലണ്ടന്‍ സിറ്റി സര്‍വകലാശാലയില്‍ അധ്യാപകനായി . പത്തുപേരകുട്ടികളും അവരുടെ അടുത്ത തലമുറയില്‍ ഇരുപത്തിയഞ്ച് കുട്ടികളും ബോബിനെ മുത്തശ്ശന്‍ എന്ന് വിളിക്കാനുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com