ADVERTISEMENT

കോവിഡ് 19 കേരളത്തിനു നൽകുന്നത് ഹോംനഴ്സിന്റെ പോലും സഹായമില്ലാതെ ഒറ്റപ്പെട്ടുപോയ മുതിർന്ന പൗരന്മാരുടെ വലിയൊരു സംഖ്യ. ഇവരെ സർക്കാർ അടിയന്തരമായി കാണേണ്ടതുണ്ട് എന്ന് മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർ ഒന്നടങ്കം പറയുന്നു. 2015ലെ കണക്ക് അനുസരിച്ച് 1.7 ലക്ഷം മുതിർന്ന പൗരന്മാർ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. ഇവരിൽ 1.43 ലക്ഷവും സ്ത്രീകളാണ്. ഇപ്പോൾ ഈ കണക്കിൽ എത്രയോ വർധനയുണ്ടായിക്കാണും. മക്കൾ വിദേശത്തായതിനാൽ, നോക്കാനാരുമില്ലാത്തവർ, മക്കൾ ഉപേക്ഷിച്ചവർ അങ്ങനെ... 

പ്രമേഹത്തിനും രക്തസമ്മർദത്തിനും അടക്കം പതിവായി മരുന്നു കഴിക്കുന്നവരാണ് ഇവരിലേറെയും. കോവിഡിനു മുൻപ് ബന്ധുക്കളുടെയോ ഹോംനഴ്സിന്റെയോ സാന്നിധ്യമോ സഹായമോ ലഭിച്ചിരുന്ന ഇവർ ഇപ്പോൾ ഇതൊന്നുമില്ലാതെ തികച്ചും ഒറ്റപ്പെട്ടു കഴിയുന്നു. ഇവർക്കു മരുന്ന് മുടങ്ങുമെന്ന കാര്യത്തിൽ തർക്കമില്ല. കിടപ്പ് രോഗിയെ അതാതു പ്രദേശത്തെ സർക്കാർ ആശുപത്രിയിലെ നഴ്സ് മാസത്തിലൊരിക്കൽ പോയി കാണും. കിടപ്പ് രോഗികൾക്ക് ഇതുമതിയാവുമോ എന്ന കാര്യം പരിശോധിക്കണം. 

കോവിഡ് കാലമല്ലായിരുന്നെങ്കിൽ ബന്ധുക്കളെങ്കിലും വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കുമായിരുന്നുവെന്ന് ഓർക്കണം. ഇവരിൽ പലരും ഇപ്പോൾ പട്ടിണിയിലേക്കു നീങ്ങുകയായിരിക്കും. ഭക്ഷണത്തിനു മുട്ടില്ലാത്തവർക്ക് ആരോഗ്യ പ്രശ്നങ്ങൾ മാത്രമല്ല, അയൽക്കാരോട് പോലും ഒന്നു മിണ്ടാനില്ലാത്ത സ്ഥിതിയും കാര്യങ്ങൾ ഏറെ സങ്കീർണമാക്കുന്നു. കോവിഡ് കാലത്ത് സാമൂഹിക അകലം നിർബന്ധമായി പാലിക്കണം. 

പാലിയേറ്റീവ് കെയർ നെറ്റ്‌വർക്കുകളെ പൊതുവായ കുടക്കീഴിൽ അണിനിരത്തി എല്ലാവരും ചേർന്ന് ഒത്തുപിടിച്ചാലേ കാര്യങ്ങൾ കയ്യിൽ നിൽക്കൂ. ഇതല്ലാതെ നിലവിലെ സാഹചര്യത്തിൽ മറ്റു വഴികളില്ല. ഭൂരിപക്ഷത്തെ രക്ഷിക്കാൻ സർക്കാർ തീരുമാനമെടുത്തപ്പോൾ ന്യൂനപക്ഷങ്ങൾക്ക് കുറച്ചു പ്രശ്നങ്ങളുണ്ടാവുക എന്നതു സ്വാഭാവികം. 

നിലവിൽ പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്നു ലഭിക്കാത്തവരുടെ രോഗം സങ്കീർണമാകുന്ന ആഴ്ചകളായിരിക്കും വരാൻ പോകുന്നത്. ചുരുക്കം ചില റസിഡൻസ് അസോസിയേഷനുകൾ ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റു സഹായങ്ങളും ചെയ്യുന്നുണ്ട്. സർക്കാരിന് പലപ്പോഴും പരിമിതികളുണ്ടാവും. പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളും മറ്റു സന്നദ്ധപ്രവർത്തകരും ചേർന്നു പരിപാടികൾ ആവിഷ്കരിച്ചാൽ സർക്കാർ ചെയ്തുവരുന്ന പ്രവർത്തനത്തോട് പരസ്പരപൂരകമാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com