ADVERTISEMENT

ലോകമെമ്പാടും കോവിഡ് ഭീതി പരത്തുമ്പോൾ, അതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ് കേരളം. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സർക്കാർ നടപ്പാക്കിയ കരുതൽ നടപടികളും ആരോഗ്യപ്രവർത്തകരും സന്നദ്ധ, യുവജന സംഘടനകളുമടക്കം നടത്തിയ ബോധവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ സഹായിച്ചു.

സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന കരുതൽ നിർദേശങ്ങൾ സമൂഹം ഒറ്റക്കെട്ടായി കൃത്യമായി പാലിച്ചാൽ ഇൗ കൊറോണ കാലത്തെയും നാം അതിജിവിക്കും. ആശങ്കകൾക്കിടയിലും കൊറോണ നമ്മുടെ നാട്ടിൽ വൈകിയാണ് വന്നതെന്ന ആശ്വാസമുണ്ട്. അതുകൊണ്ട് നമുക്ക് മുന്നൊരുക്കം നടത്താൻ സമയം ലഭിച്ചു. സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് ഉദ്ദേശിച്ച ഫലം കിട്ടണമെങ്കിൽ സാമൂഹിക അകലവും രോഗബാധിതർ നിർബന്ധമായും െഎസലേഷനും പാലിക്കണം. സോപ്പോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച്  കൈ നന്നായി കഴുകുക, വീട്ടിൽത്തന്നെയിരുന്ന് മറ്റുള്ളവരിൽ നിന്നു സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ കൃത്യമായി നാം പാലിക്കണം

എന്തിനു വെറുതേ ആകുലപ്പെടണം?

എവിടെയും കൊറോണയെക്കുറിച്ചുള്ള വാർത്തകളാണ്. വിദേശരാജ്യങ്ങളിലെ മരണനിരക്കുകളും നാട്ടിലെ രോഗബാധിതരുടെ കണക്കുകളും കേട്ടാൽ ആർക്കാണ് ഭയം തോന്നാത്തത്. സാഹചര്യം വളരെ മോശമാണെങ്കിലും അമിതമായി ഉത്കണ്ഠപ്പെട്ടാൽ ശരീരത്തിൽ അനാവശ്യമായി ഹോർമോണുകളുടെ തോത് വർധിക്കുകയും രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും ചെയ്യും. പ്രമേഹം, ഹൃദ്രോഗം, അമിത രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവർക്ക് കൊറോണ കാലത്ത് അതീവ ശ്രദ്ധ വേണം. കഴിക്കുന്ന മരുന്നുകൾക്ക് മുടക്കം വരാതെ നോക്കുകയും അത്യാവശ്യം വേണ്ട മരുന്നുകൾ കരുതിവയ്ക്കുകയും വേണം. പ്രമേഹ രോഗികൾ വീട്ടിലെ ഗ്ലൂക്കോ മീറ്ററിൽ രക്തത്തിലെ പഞ്ചസാരയുടെ കൃത്യമായ ഇടവേളകളിൽ അളവ് നോക്കണം. അമിത രക്തസമ്മർദമുള്ളവർ ബിപി അപ്പാരറ്റസ് കൊണ്ട് രക്തസമ്മർദ്ദം പരിശോധിക്കണം.

അമിത ഉത്കണ്ഠയോട് തത്ക്കാലം ബൈ പറഞ്ഞ് ആത്മവിശ്വാസത്തിനു കൈ കൊടുക്കാം. ആത്മവിശ്വാസം എന്ന് പറയുമ്പോൾ, എനിക്ക് കൊറോണയൊന്നും ഏൽക്കില്ല എന്ന ചിന്തയല്ല. വ്യക്തിശുചിത്വവും ചിട്ടയായ ജീവിതവും വഴി രോഗസാഹചര്യങ്ങളോട് ദൂരം പാലിക്കുന്ന ബോധപൂർവമായ ശ്രമമാണ്. ലോക്ഡൗൺ ദിനങ്ങളിൽ അമിത ഉത്കണ്ഠയോടെ കഴിയാതെ നമ്മുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വിനിയോഗിക്കാം. കൊറോണയുമായുള്ള ഇൗ യുദ്ധത്തിൽ വിജയിക്കാൻ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം.

ഒന്ന്: സർക്കാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (െഎഎംഎ) നൽകുന്ന നിർദേശങ്ങൾ പാലിക്കുക. സാമൂഹിക അകലം പാലിക്കാൻ പറയുമ്പോൾ പലർക്കും ബുദ്ധിമുട്ടായി തോന്നും. എത്ര നാൾ വീട്ടിലിങ്ങനെ വെറുതെയിരിക്കുമെന്നാകും ആദ്യ ചോദ്യം. അങ്ങനെ വെറുതെയിരിക്കുമ്പോൾ എന്തു ചെയ്യുമെന്നാകും അടുത്ത ചോദ്യം. മനസ്സുണ്ടെങ്കിൽ ഇൗ ലോക്ഡൗൺ കാലം നല്ലൊരു നാളെയ്ക്കായി ബുദ്ധിപൂർവം വിനിയോഗിക്കാം. 

രണ്ട്: പ്രതിരോധശേഷി വർധിപ്പിക്കാം

രോഗം വരുന്നതു വരെ ആരും ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാറില്ല. എനിക്കൊന്നും വരില്ലെന്നു പറയുന്നവർ പോലും നിസ്സാര രോഗങ്ങൾക്കു മുൻപിൽ തോറ്റു പോയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നാലു കാര്യങ്ങൾ നിർബന്ധമായും ചെയ്യണം.

1. ഉറക്കം ഉറപ്പാക്കുക

ശരീരത്തിന് ആവശ്യമായ വിശ്രമം ഉറപ്പാക്കുന്നതാണ് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ആദ്യ പടി. എട്ടു മണിക്കൂറെങ്കിലും നന്നായി ഉറങ്ങാൻ ശ്രമിക്കണം. രാത്രി തന്നെ ഉറങ്ങണമെന്നു നിർബന്ധമില്ല. ഇൗ സമയത്ത് വേണമെങ്കിൽ പകലും ഉറങ്ങാം. 

2. വ്യായാമം മുടക്കരുത്

കുറച്ചു നാൾ വെറുതെയിരിക്കുമ്പോൾ മടി വരാൻ പലർക്കും സാധ്യതയുണ്ട്. അങ്ങനെ തുടർന്നാൾ ലോക്ഡൗൺ കാലം കഴിയുമ്പോൾ ശരീരഭാരം കൂടാനും മറ്റ് അസുഖങ്ങൾ വരാനും സാധ്യതയുണ്ട്. രാവിലെ അരമണിക്കൂറെങ്കിലും വ്യായാമത്തിനു ചെലവഴിക്കണം. ജോലി ചെയ്യുന്ന പലർക്കും ‘വർക്ക് അറ്റ് ഹോം’ സംവിധാനം മിക്ക കമ്പനികളും നൽകി കഴിഞ്ഞു. ജോലിക്കിടെ എന്ത് വ്യായാമം എന്ന ചോദിക്കുന്നവരും കുറവല്ല. ഒറ്റയിരിപ്പിനു ജോലി ചെയ്താൽ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് ഒരു മണിക്കൂർ കഴിയുമ്പോൾ എഴുന്നേറ്റ് അൽപം നടക്കുകയോ വീട്ടിലെ പടികൾ കയറി ഇറങ്ങുകയോ ചെയ്യുക.

3. ദേഷ്യം നിയന്ത്രിക്കുക

വെറുതെ വീട്ടിലിരുക്കുമ്പോൾ അനാവശ്യമായി ചിന്തിച്ചു കൂട്ടിയാൽ ശരീരത്തിനു ദോഷമാണ്. അനാവശ്യ ഹോർമോണുകൾ ഉൽപാദിക്കപ്പെടുകയും പെട്ടെന്ന് ദേഷ്യം വരികയും ചെയ്യാം. ഇതെല്ലാം രോഗപ്രതിരോധശേഷിയെ സാരമായി ബാധിക്കുകയും രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയും ചെയ്യും.

4. മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക

പനിയും ജലദോഷവും സർവസാധാരണമായ നമ്മുടെ നാട്ടിൽ കൊറോണകാലത്ത് ചെറിയൊരു തോണ്ട വേദന വന്നാൽ പോലും ആളുകൾ ഭയക്കും. രോഗ നിർണയത്തിനുള്ള സംവിധാനങ്ങൾ എല്ലായിടത്തും ലഭ്യമാകാത്തതിനാൽ സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കിൽ എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യമുണ്ട് – മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക. അതുകൊണ്ട് ചെറിയ അസ്വസ്ഥതയാണെങ്കിൽ പോലും സ്വയം മാറി നിൽക്കാൻ ശീലിക്കുക. ജലദോഷമോ പനിയോ മറ്റുള്ളവരിലേക്ക് പകരാതെ നോക്കാൻരോഗം മാറുന്നത് വരെ  വീട്ടിൽ ഒരു മുറിയിൽ അടങ്ങിയിരിക്കുക. കുഞ്ഞുങ്ങളും പ്രായമുള്ളവരുമുള്ള വീടാണെങ്കിൽ രോഗ ലക്ഷണമുള്ളവർ അതീവ ശ്രദ്ധ പാലിക്കണം. അതാണ് കുടുംബത്തോടും സമൂഹത്തോടുമുള്ള നമ്മുടെ ആത്മാർഥതയുടെ തെളിവ്.

English Summary : Healthy ways to strengthen your immune system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT