ADVERTISEMENT

നഴ്സിങ് എത്രത്തോളം മഹത്തരമായ പ്രവൃത്തിയാണെന്നും നഴ്സുമാരുടെ കരുതലും സ്നേഹവും എത്രത്തോളമുണ്ടെന്നും അനഭവിച്ചറിഞ്ഞവരാണ് കോവിഡ് അതിജീവിച്ചെത്തിയ ചെങ്ങളം സ്വദേശികളായ റോബിനും റീനയും. അപ്രതീക്ഷിതമായി രോഗം സ്ഥിരീകരിച്ചപ്പോഴും പിന്നീട് അതിന്റെ ഓരോ ഘട്ടത്തിൽ നിന്നു മുക്തി നേടാനും ആരോഗ്യപ്രവർത്തകർ നൽകിയ സപ്പോർട്ട്, അവർ നൽകിയ കരുതൽ, സ്വന്തം കുടുംബാംഗത്തെപ്പോലെ സംരക്ഷിച്ച നഴ്സുമാർ... ഇതെല്ലാം പങ്കുവയ്ക്കുകയാണ് ഈ നഴ്സസ് ദിനത്തിൽ റോബിനും റീനയും. ഒപ്പം മനോരമ ഓൺലൈനിലൂടെ എല്ലാ നഴ്സുമാർക്കും നഴ്സസ് ദിനാശംസകളും നേരുന്നു.

‘ഈ കോവിഡ് കാലത്ത് ഏറ്റവും റിസ്കിൽ ജോലി ചെയ്യുന്നത് നഴ്സുമാരാണ്. ഒരു രോഗിയുടെ അടുത്ത് രാവിലെയും വൈകുന്നേരവും വന്ന് ഡോക്ടർമാർ രോഗവിവരം അന്വേഷിച്ചു മടങ്ങും. എന്നാൽ നഴ്സുമാരാകട്ടെ എപ്പോഴും എത്തും. നമ്മൾ എന്തെങ്കിലും ആവശ്യത്തിന് ആശ്രയിക്കുന്നതും അവരെത്തന്നെയാണ്. ഡോക്ടറെക്കാളും രോഗിയോട് അടുത്തിടപഴകേണ്ടി വരുന്നതും നഴ്സുമാർക്കുതന്നെ. അത്രയും നല്ല മനസ്സുണ്ടെങ്കിലെ ഈ ജോലി ചെയ്യാനും സാധിക്കൂ. 

robin-reena

കോവിഡ് സ്ഥിരീകരിച്ചതു മുതൽ കോട്ടയം മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിലുണ്ടായിരുന്ന ഒരു നഴ്സിനെയും മറക്കാൻ സാധിക്കില്ല, അവർ ചെയ്തുതന്ന സേവനങ്ങളും. ആശുപത്രിയിൽനിന്ന് ഞങ്ങൾക്ക് രാത്രി കഴിക്കാൻ ചപ്പാത്തി അല്ലെങ്കിൽ മസാലദോശയായിരുന്നു കിട്ടിയിരുന്നത്. എന്നാൽ എനിക്കും മോൾക്കും രാത്രി ചോറ് കഴിക്കാനാണ് ഇഷ്ടം. ഇതറിഞ്ഞ ത്രേസ്യാമ്മ സിസ്റ്റർ വീട്ടിൽനിന്ന് ഞങ്ങൾക്കായി ചോറു കൊണ്ടുത്തന്നിരുന്നു.

അതുപോലെ ഒരു ദിവസം സംസാരത്തിനിടയിൽ പാപ്പാ ഹെൻട്രി സിസ്റ്ററോടു പൊറോട്ടയും ബീഫും കഴിക്കുന്ന കാര്യം പറഞ്ഞു. വെറുതെ പറഞ്ഞതാണെങ്കിലും ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് ഡ്യൂട്ടി കഴിഞ്ഞ് സിസ്റ്റർ പുറത്തു പോയി ആരെയോ കൊണ്ട് ഏതോ ഹോട്ടലിൽനിന്ന് പൊറോട്ടയും ബീഫും വാങ്ങിക്കൊണ്ടുത്തന്നു. ഇടയ്ക്കിടെവന്ന് എന്താ വേണ്ടത്, കുഞ്ഞിന് എന്തെങ്കിലും വേണോ എന്നൊക്കെ ചോദിച്ചുവരുന്ന പാപ്പാ ഹെൻട്രി സിസ്റ്ററെ കുറിച്ചൊക്കെ എന്താ പറയേണ്ടത്. മോൾക്കു വേണ്ടി സോപ്പ്, സ്ക്രബർ, ക്രയോൺസ് തുടങ്ങിയ സാധനങ്ങളൊക്കെ സ്വന്തം കയ്യിൽനിന്ന് കാശു മുടക്കി വാങ്ങിക്കൊണ്ടുത്തരുന്ന പാപ്പാ സിസ്റ്റർ. ഇടയ്ക്കിടെ മോളും കൊഞ്ചലുമായി ആന്റി എനിക്കത് വാങ്ങിത്തരുമോ എന്നൊക്കെ ചോദിച്ചെത്തുമായിരുന്നു. അതെല്ലാം അവർ വാങ്ങിക്കൊടുക്കുകയും ചെയ്യും.'

ആ സ്നേഹമാണ് ഞങ്ങൾ രോഗമുക്തരായി വീട്ടിലേക്കു പുറപ്പെട്ടപ്പോൾ പാപ്പാ സിസ്റ്റർ ഓടിവന്ന് മോളെ എടുത്തത്. ഇവരുടെയൊക്കെ സ്നേഹവും കരുതലും തന്നെയായിരുന്നു ഞങ്ങൾക്ക് ആ ഐസലേഷൻ വാർഡിലെ ആശ്വാസവും.

robin-reena-pappa
സിസ്റ്റർ പാപ്പാ ഹെൻട്രിക്കൊപ്പം

ഈ കോവിഡ് കാലത്ത് സ്വന്തം സുരക്ഷ നോക്കാതെ രോഗികളെ ശുശ്രൂഷിക്കുന്ന എല്ലാ നഴ്സുമാർക്കും ഒരിക്കൽക്കൂടി നഴ്സസ് ദിനാശംസകൾ.

English Summary: Nurses Day 2020, COVID survivors Robin and Reena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com