ADVERTISEMENT

തൊടുപുഴ ജില്ലാ ആശുപത്രിയിലെ കോവിഡ് ഐസലേഷൻ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് (ഗ്രേഡ്1) കെ.പി. ആൻസി ആ ദിവസങ്ങളിലെ ഓർമകൾ പങ്കുവയ്ക്കുന്നു...

‘ഏപ്രിൽ  27 നു രാവിലെയാണ് ഐസലേഷൻ വാർഡിൽ ഡ്യൂട്ടിക്കു കയറുന്നത്. ദിവസവും രാവിലെ 6 മുതൽ 10 വരെ 4 മണിക്കൂറാണ് ഡ്യൂട്ടി. അങ്ങനെ 14 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് ഇപ്പോൾ തൊടുപുഴയിലെ വീട്ടിൽ ക്വാറന്റീനിലാണ്. ആദ്യദിവസം ഡ്യൂട്ടിക്കു കയറുമ്പോൾ കോവിഡ് സ്ഥിരീകരിച്ച 3 പേരും, രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന 2 പേരുമടക്കം 5 പേരാണ്  വാർഡിൽ ഉണ്ടായിരുന്നത്. ഗ്രേഡ് ടു അറ്റൻഡർ ശോശാമ്മ ജോൺ എന്ന ചേച്ചിയും ഞാനുമായിരുന്നു ഒരേ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. 

രാവിലെ 5 നു എഴുന്നേൽക്കും. പിപിഇ കിറ്റൊക്കെ ധരിച്ച്  അഞ്ചേമുക്കാലോടെ റെഡിയാകും. വെള്ളം മാത്രം കുടിച്ചിട്ടാണ് ഡ്യൂട്ടിക്കു പോകുന്നത്. രോഗികൾക്കും അല്ലാതെ നിരീക്ഷണത്തിൽ ഉള്ളവർക്കുമെല്ലാം ഒരേ രീതിയിൽ തന്നെയുള്ള ശ്രദ്ധയും പരിചരണവുമാണ്  നൽകുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആദ്യം ഭക്ഷണവും വെള്ളവും മരുന്നുമൊക്കെ നൽകും. അതിനുശേഷമാണു രോഗം സ്ഥിരീകരിച്ചവർക്ക് ഇവ നൽകുക. 

എപ്പോൾ വിളിച്ചാലും സഹായത്തിനു ഞങ്ങൾ ഉണ്ടാകും. ആരും സംസാരിക്കാൻ പോലുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അവരോടു ഇടയ്ക്കു പോയി കുറേ നേരം സംസാരിക്കും. അതു അവർക്കു  സന്തോഷവും ആത്മവിശ്വാസവും നൽകുന്ന കാര്യമാണ്. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ശരിയായ കൈകഴുകൽ രീതികളുമൊക്കെ പറഞ്ഞു കൊടുക്കും. പിപിഇ കിറ്റൊക്കെ ധരിച്ച് 4 മണിക്കൂർ ഡ്യൂട്ടി ചെയ്യുമ്പോഴേക്കും ശരീരം വിയർത്ത് വസ്ത്രമൊക്കെ നനയുന്ന അവസ്ഥയാകും. മാസ്ക് മുറികിയിരിക്കുന്നതു മൂലം മുഖത്ത് പാടും ചെവിയ്ക്കു വേദനയുമൊക്കെ ഉണ്ടാകും. ഡ്യൂട്ടി കഴിഞ്ഞാൽ ആശുപത്രിയോടനുബന്ധിച്ചു സജ്ജമാക്കിയിരിക്കുന്ന താമസ സ്ഥലത്തേക്കു പോകും. റൂമിൽ കയറുന്നതിനു മുൻപു തന്നെ കുളിച്ച് വേറെ വസ്ത്രം ധരിക്കും. 

ധരിച്ചിരുന്ന വസ്ത്രങ്ങൾ നന്നായി കഴുകി പുറത്ത് വിരിച്ചിടും. ചെരുപ്പും കഴുകി വൃത്തിയാക്കും. തുടർന്നു 11 മണിയോടെ രാവിലത്തെ ഭക്ഷണം കഴിക്കും. മൊബൈൽ ഫോൺ മുറിയിൽ വച്ചിട്ടാണ് ഡ്യൂട്ടിക്കു പോകുന്നത്. തിരിച്ചെത്തുന്നതിനു മുൻപ് ആരെങ്കിലുമൊക്കെ വിളിച്ചിട്ടുണ്ടാകും. ഇവരെയെല്ലാം തിരിച്ചു വിളിക്കും. പിന്നെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കും. താമസിക്കുന്നിടത്ത് എപ്പോഴും ഞങ്ങൾ 10 പേരുണ്ടാകും. 

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മുടങ്ങാതെ കാണാറുണ്ട്. രാത്രി പത്തരയോടെ ഉറങ്ങാൻ കിടക്കും രോഗീ ശുശ്രൂഷയുടെ അടുത്തൊരു പ്രഭാതത്തിനായി. 

English Summary: Nureses Day, Covid isolation ward experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com