ADVERTISEMENT

കോവിഡ് ഭീതി എന്നു മാറുമെന്ന് അറിയാതെ വലയുകയാണ് ജനം. സമ്പന്ന രാജ്യമായൃ അമേരിക്കയിലെയും സ്ഥിതി വ്യത്യസ്തമല്ല. രോഗത്താൽ വലയുന്നവർ ഒരു വശത്ത്, മാസങ്ങളായി രോഗം ഭേദമാകാതെ ആശുപത്രിയിൽതന്നെ കഴിയുന്നവർ മറുവശത്ത്. അമേരിക്കയിലെ കോവിഡിന്റെ ഒരു ചിത്രം വരച്ചു കാട്ടുകയാണ് റെസ്പിറേറ്ററി തെറപ്പിസ്റ്റ് ആയ ശ്രീരേഖ കുറുപ്പ്.

'മഞ്ഞുകാലം മാറി ഇടയ്ക് പെയ്യുന്ന മഴയും തളിരിടുന്ന പ്രകൃതിയുമായി വസന്തം വന്നണഞ്ഞു. താമസിയാതെ വേനലും വന്നെത്തും. വർഷത്തിൽ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന  ഈ  രണ്ടു രണ്ടര മാസക്കാലം.  അമേരിക്കയിൽ രണ്ടു മാസം മുന്നേ തുടങ്ങിയതാണ് കോവിഡുമായിട്ടുള്ള ഞങ്ങളുടെ യുദ്ധം. മെയ് മാസം പകുതിയിലേക്ക് കടന്നിട്ടും യുദ്ധം ജയിക്കാൻ പോയിട്ട് ശത്രുവിനെ വരുതിയിലാക്കാൻ പോലും ആയിട്ടില്ല. പല യുദ്ധമുറകളും പയറ്റി കുറെ ജീവനെ പിടിച്ചു നിർത്താൻ നോക്കുമ്പോൾ ചിലത് പിടിവിട്ട് പോകുന്നു. ഡോക്ടർമാർ ഇന്നും ഇതിനെ പഠിച്ചു കൊണ്ടിരിക്കുകയാണ്. പലരെയും പലതരത്തിൽ ആണ് ഇത് ആക്രമിച്ചു  വീഴ്ത്തുന്നത്. ചിലർ ഭാഗ്യം കൊണ്ട് വൈറസ് ബാധ ഏറ്റിട്ടും വലിയ അസുഖങ്ങൾ ഒന്നും വരാതെ രക്ഷപെട്ടു പോകുന്നു. 

ഒരുപാട് പേര് വെന്റിലേറ്ററിൽ കിടക്കുന്നില്ല എങ്കിലും വരുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. ഈ അവസരത്തിൽ ഓരോ പൗരനും സ്വയം സംരക്ഷിക്കുകയും ഒപ്പം സമൂഹത്തെ സംരക്ഷിക്കാനും തയാറാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ലോകത്തെ  പിടിച്ചു കുലുക്കിയ ഈ  മഹാവ്യാധി ഉടനെ ഒന്നും നമ്മെ വിട്ട് പോകും എന്നും തോന്നുന്നില്ല. നമ്മൾ ഈ വൈറസുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ ശീലിക്കേണ്ടിയിരിക്കുന്നു. അതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ ആശുപത്രിയിൽ പോലും കാണാം. ഇപ്പോൾ മാസ്കും ഗൗണും ഗോഗിൾസും ഞങ്ങളുടെ നിത്യോപയോഗ വസ്തുക്കൾ ആയി മാറി കഴിഞ്ഞു. ചിരിക്കുന്ന കണ്ണുകൾ നോക്കി ആളെ അറിയാൻ എല്ലാവരും ശ്രമിക്കുന്നു. മാസ്ക് മാറ്റുമ്പോൾ  മുഖത്ത് നിസ്സംഗ ഭാവം നിലനിൽക്കുന്നു. ചില അനുഭവങ്ങൾ മറക്കാനാവാത്ത നോവ് തന്ന് ഓർമയിൽ കുരുങ്ങി കിടക്കുന്നു. അതിൽ ഒരാളാണ് മാർട്ടിൻ(ശരിയായ പേരല്ല). 

രണ്ടു മാസത്തോളം ആയി വെൻറിലേറ്ററിൽ കഴിയുന്ന മാർട്ടിനെ കഴിഞ്ഞ ദിവസം കണ്ടപ്പോൾ എന്തിനോ എന്റെ കണ്ണ് നിറഞ്ഞു. വെന്റിലേറ്ററിലായ ആദ്യ ദിവസങ്ങളിൽ മാർട്ടിൻ എന്റെ പേഷ്യൻറ് ആയിരുന്നു. പിന്നീട് കുറെ നാളിനു ശേഷം ആണ് മാർട്ടിൻ വീണ്ടും എന്റെ  ലിസ്റ്റിൽ വന്നത്.  മാർട്ടിന് ശ്വാസം എടുക്കാൻ ഇപ്പോൾ തൊണ്ടയിൽ കൂടി ട്യൂബ് ഇട്ടിരിക്കുകയാണ്. ഇതിന് ട്രക്കിയോസ്റ്റമി (tracheostomy)എന്ന് പറയും. ഇപ്പോഴും വെന്റിലേറ്ററിലാണ്. ഞാൻ മാർട്ടിന്റെ മുറിയിൽ കേറിയപ്പോൾ തന്നെ ആള് കണ്ണ് തുറന്നു. മാർട്ടിൻ അങ്ങിനെ  പ്രതികരിക്കുന്നത് ആദ്യമായി കാണുകയായിരുന്നു ഞാൻ. എന്നെ കണ്ടതും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു. തൊണ്ടയിൽ ട്യൂബ് ഉള്ളത്  കാരണം സംസാരിക്കാൻ കഴിയില്ലല്ലോ. ചുണ്ടിൽ നിന്നും എനിക്കറിയാം ചോദിക്കുന്നത് വെള്ളമാണ്, കൊടുക്കാൻ നിർവ്വാഹമില്ല.  ഒരു സ്പഞ്ച് നനച്ചു വായിൽ വച്ചു കൊടുത്തപ്പോൾ ആർത്തിയോടെ അയാൾ അത് ചുണ്ട് കൂട്ടി വലിച്ചു. ഒരു തുള്ളി വെള്ളത്തിനായി ഒരു മനുഷ്യൻ എന്റെ മുന്നിൽ കിടന്നു കേഴുകയാണ്. ഇനിയും വേണം എന്ന് വാശി പിടിച്ചപ്പോൾ എനിക്ക് മുഖം തിരിക്കേണ്ടി വന്നു.  ഈ ദുരവസ്ഥയിൽ നിന്നും ഈ മനുഷ്യന് ഒരു മോചനം എന്നുണ്ടാവും? ആർക്കും ഉത്തരമില്ലാത്ത ചോദ്യം. 

ദിവസമോ, മാസമോ, വർഷമോ അറിയാതെ ഒരു കട്ടിലിൽ നാല്പത്തഞ്ചോളം ദിവസം ഒരു മനുഷ്യൻ കിടക്കേണ്ടി വരുന്ന അവസ്ഥ ഊഹിക്കാൻ പോലും സാധാരണക്കാരനെ കൊണ്ട് കഴിയില്ല. ഈ കിടപ്പ് തുടരുമ്പോൾ ശരീരത്തിൽ പ്രഷർ കൊണ്ട് വ്രണങ്ങൾ ഉണ്ടാവും. അതിന്റെ വേദന. നടക്കാതെ, മസിലുകൾ ഉപയോഗിക്കാതെ ശരീരം താനേ തളർന്നു പോകുന്ന അവസ്ഥ. കൺ മുന്നിൽ ഇങ്ങനെ കിടന്നു പിടയുന്ന മനുഷ്യരെ കണ്ട് കണ്ടു മനസ്സിലാകെ ഒരു മരവിപ്പാണ്. 

ഞങ്ങൾ റെസ്പിറേറ്ററി തെറപ്പിസ്റ്റുകൾക്ക് ഇപ്പോൾ ഒന്നിരിക്കാൻ കൂടി നേരം കിട്ടാറില്ല.  എല്ലാവരും ഏതെങ്കിലും ഓക്സിജൻ കിട്ടുന്ന മെഷിനിൽ ആയിരിക്കും. ഒരു യൂണിറ്റിൽ (വാർഡിൽ) നിൽകുമ്പോൾ ആയിരിക്കും മറ്റേ യൂണിറ്റിൽ (വാർഡിൽ) നിന്നും വിളിക്കുന്നത്.  ഷിഫ്റ്റ്‌ തുടങ്ങും മുതൽ മുഖത്തു മാസ്കും വച്ചു ഓട്ടം തന്നെ ഓട്ടം. ഇതിനിടയിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും വരും വിളി. മാസ്ക് (n95) മാറ്റാൻ പറ്റാത്ത അവസ്ഥ. എല്ലാവരുടെയും ഓക്സിജന്റെ അളവ് നോർമൽ ആകുക എന്നത് ഞങ്ങളുടെ  ഉത്തരവാദിത്തം ആണ്. വെന്റിലേറ്ററിൽ നിന്ന് ഒരാൾ മാറിയാൽ ഉടനെ അത് വൃത്തിയാക്കി ഉപയോഗപ്രദമാക്കണം. ഏത് നിമിഷവും അടുത്ത ആളെ പ്രവേശിപ്പിക്കേണ്ടി വരും.'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com