ADVERTISEMENT

കാറോടിക്കുമ്പോൾ കാറിനുള്ളിൽ മാസ്ക് ധരിക്കുന്നതെന്തിനെന്ന ചോദ്യം ചുറ്റും ധാരാളം. കാറിനുള്ളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നതിലെ ശാസ്ത്രീയത നമുക്കൊന്ന് പരിശോധിക്കാം.

ഒരു വീട്ടിൽ താമസിക്കുന്ന ഭാര്യയും ഭർത്താവുമാണ് യാത്ര ചെയ്യുന്നതെന്ന് കരുതുക. മാസ്ക് ധരിക്കുന്നത് ഡ്രോപ്‌ലെറ്റിലൂടെ കൊറോണ  രോഗം പകരാതിരിക്കാനെന്ന അടിസ്ഥാന തത്വം ഓർത്തുകൊണ്ടുതന്നെ ഇതിനെ ഒന്ന് വിശകലനം ചെയ്യാം.

ഇവർ  കൂടാതെ വീട്ടിലെ മറ്റുള്ളവർ, രോഗലക്ഷണം കാട്ടുകയോ,  രോഗം സ്ഥിരീകരിക്കുകയോ ചെയ്തില്ല എന്നുതന്നെ കരുതുക

വീടിനുള്ളിൽ  മാസ്‌ക് ധരിക്കാതെ അടുത്തിടപഴകുന്ന വ്യക്തികളെന്ന നിലയിൽ, കാറിനുള്ളിൽ മാസ്ക് ധരിക്കുക എന്നുള്ളത് യുക്തിസഹമല്ല.

ഈ നിർദ്ദേശത്തിന് ഈ സാഹചര്യങ്ങളിൽ ശാസ്ത്രീയമായ അടിത്തറ ചൂണ്ടിക്കാണിക്കാനും ആകില്ല.

എന്നാൽ മറ്റു സാഹചര്യങ്ങൾ കൂടി നോക്കണം.

കാറിൽ യാത്ര ചെയ്യുമ്പോൾ  പൊലീസ് ചെക്കിങ്  നടത്തുന്നുവെന്ന് കരുതുക.

പൊലീസുകാരോട് സംസാരിക്കുമ്പോൾ തീർച്ചയായും മാസ്ക് ഉണ്ടാകണം. അതവരെ ഭയന്നാകരുത്.

മാസ്ക് ധരിക്കാതെ വരുന്ന ആൾക്കാരോട് സംസാരിക്കുന്നത് തീർച്ചയായും ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് റിസ്ക് കൂട്ടും  എന്നതിൽ സംശയമില്ല.

ഇനി പൊലീസ് ചെക്കിങ് പോയിന്റ് എത്തുമ്പോൾ മാത്രം മാസ്ക്  ധരിക്കാമെന്ന വാദമുയരുമ്പോൾ മാസ്ക് എങ്ങനെ ധരിക്കണമെന്നുള്ളതിനെ കുറിച്ചുള്ള കൃത്യമായ അവബോധം  തീർച്ചയായും ഉണ്ടാകണം.

മുൻപ് ഉപയോഗിച്ച്  എവിടെയെങ്കിലും ഉപേക്ഷിച്ച മാസ്‌ക്  എടുക്കരുത്.

ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയശേഷം പുതിയ മാസ്ക് വള്ളികളിൽ മാത്രം പിടിച്ച് ധരിക്കുക.

മസ്‌കിന്റെ  മുൻഭാഗത്ത് തൊടുകയേ അരുത്.

കാറിൽ മാസ്ക് ധരിക്കേണ്ട എന്ന് നിർബന്ധമുണ്ടെങ്കിൽ പരിശോധന കഴിഞ്ഞാൽ വീണ്ടും ആ മാസ്ക് അഴിച്ചു മാറ്റണം.

അപ്പോഴും  കൈകൾ വൃത്തിയാക്കിയശേഷം മസ്‌കിന്റെ  മുൻഭാഗത്ത് തൊടാതെ വള്ളികളിൽ മാത്രം പിടിച്ച് അതു മാറ്റുക

വീണ്ടും ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു എങ്കിൽ  മാസ്ക് അണുവിമുക്തമായ കവറിലിട്ട് കാറിൽ തന്നെ സൂക്ഷിക്കാം.

ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ ഓഫിസുകളിലാണെങ്കിലും കടകളിലാണെങ്കിലും വീണ്ടും ഈ പ്രക്രിയ ആവർത്തിക്കണം.

പക്ഷേ ഏറ്റവും നല്ലത് ഒരോ പ്രാവശ്യവും  പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ്.

അതിന് ഒന്നിലേറെ മാസ്ക്കുകൾ  വേണ്ടിവരും.

അതിനർത്ഥം കാറിനുള്ളിൽ നിരന്തരം ഇടപെടുന്ന ഒരാളുമായി യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കണമെന്ന് നിബന്ധന ശാസ്ത്രീയ അടിത്തറയുള്ളതല്ല.

എന്നാൽ മറ്റുള്ളവരുമായി സംസാരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മാസ്ക്  അത്യാവശ്യമാണ്. മാത്രമല്ല കാറിൽ യാത്രചെയ്യുമ്പോൾ ആണെങ്കിലും മാസ്ക് ധരിക്കാതെ മുഖം കാണിക്കുന്നത് "ഡോക്ടർ പോലും മാസ്ക് ഇടുന്നില്ല " എന്ന ഒരു സന്ദേശം മറ്റുള്ളവരിൽ എത്തിക്കാൻ സാധ്യതയുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ  കാർ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കണം എന്നുള്ളതിന്  ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിൽ പോലും മറ്റുള്ളവരുമായി ഇടപഴകുന്ന സാഹചര്യത്തിൽ അതു  ഉണ്ടാകണമെന്ന്  നിർബന്ധം. അപ്പോൾ ധരിച്ചാൽ പോരേ എന്ന ചോദ്യത്തിന് അപ്പോൾ ശാസ്ത്രീയമായി മാസ്ക് ധരിക്കണമെന്ന് ഉത്തരം.

തൽക്കാലം നിയമം അനുസരിക്കുകയെ നിവർത്തിയുള്ളൂ. മാസ്ക് ഏറെനേരം ധരിച്ച് വണ്ടിയോടിച്ചത് മൂലം കാർ അപകടത്തിൽ പെട്ടുവെന്ന കഥയ്ക്ക് ശാസ്ത്രീയ അടിസ്ഥാനവുമില്ല. 12 ,18 മണിക്കൂർ വരെ മാസ്ക് ധരിച്ച് ഓപ്പറേഷൻ തിയേറ്ററിൽ, ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടർമാർക്ക് ഒന്നും സംഭവിക്കുന്നില്ല എന്നോർക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com