ADVERTISEMENT

കോവിഡ് വ്യാപനം തടയുന്നതില്‍ കേരളം ബഹുദൂരം മുന്നിലാണ്. എന്നാല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ധാരാളം ആളുകൾ ജോലിക്കും മറ്റുമായി പുറത്തിറങ്ങുന്നുണ്ട്. മറ്റു രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും പ്രവാസികൾ എത്തുന്നുണ്ട്. വ്യവസായ സ്ഥാപനങ്ങളും ഓഫിസുകളും മറ്റും തുറക്കുന്നതിനാൽ ധാരാളം പേർ അവിടെയെത്തുന്നുണ്ട്. ഇതെല്ലാം രോഗവ്യാപന സാധ്യത കൂട്ടുകയാണ്. 

എങ്കിലും ലോക്ഡൗൺ സ്ഥിരം പ്രതിരോധ മാര്‍ഗ്ഗമായി സ്വീകരിക്കാൻ സാധിക്കില്ല. അപ്പോൾ, കോവിഡ് നമുക്ക് ചുറ്റുമുണ്ടെന്ന് മനസ്സിലാക്കി എങ്ങനെ സുരക്ഷിതമായി ജീവിക്കാം എന്നതാണ് പ്രധാനം. ചെറിയ അശ്രദ്ധ പോലും രോഗവ്യാപനത്തിനു കാരണമാകാം. അതുകൊണ്ട് പുതിയ ആരോഗ്യ ശീലങ്ങളും ജീവിത ശൈലിയും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ്‌ സാമൂഹിക അകലം?

രണ്ട് വ്യക്തികള്‍ തമ്മില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട ശാരീരിക അകലമാണിത്.

∙ ഇതിന്‍റെ ഭാഗമായി മറ്റു വ്യക്തികളില്‍ നിന്ന് കുറഞ്ഞതു 3 അടി അകലം (1 മീറ്റര്‍) പാലിക്കുക

∙ പൊതുവിടങ്ങളിലോ മറ്റു വ്യക്തികളുമായോ മാത്രമല്ല സ്വന്തം ഭവനങ്ങളില്‍ പോലും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രസക്തി നാള്‍ക്കു നാള്‍ വർധിക്കുകയാണ്. 

∙ ഉല്‍സവം, വിവാഹം, മരണം അടക്കമുള്ള പൊതുചടങ്ങുകളിലും  പരിപാടികളിലും പങ്കെടുക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണം

∙ മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിശ്ചിത അകലം പാലിച്ചുകൊണ്ട് മാത്രം ഇടപാടുകള്‍ നടത്തുക.

∙ സ്ഥാപനങ്ങളിലും മറ്റും സാമൂഹിക അകലം പാലിക്കുന്നതിനായി അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവിടെ മാത്രം നില്‍ക്കുക.

∙ തിരക്ക് കൂട്ടരുത്. 

∙ റിവേഴ്സ് ക്വാറന്‍റീനിന്‍റെ ഭാഗമായി, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമായും രോഗസാധ്യത കൂടുതലുള്ളവരുമായും ശാരീരിക അകലം  പാലിക്കുന്നത് ഉത്തമമായിരിക്കും

covid-19-fb-alert-social-distancing

മാസ്ക്  അല്ലെങ്കില്‍ മുഖാവരണം എപ്പോള്‍ ? എവിടെ ? എങ്ങനെ?

ഫെയ്‌സ് മാസ്ക് ധരിക്കുന്നത് 3 രീതിയില്‍ നമ്മെ സഹായിക്കുന്നു.

∙ രോഗം ബാധിച്ച വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ, അന്തരീക്ഷത്തിലേക്ക് രോഗാണുക്കൾ പടരുന്നത് തടയാന്‍ മാസ്ക് സഹായിക്കുന്നു. 

∙ മാസ്ക് ധരിക്കുന്നയാൾ സ്വന്തം വായിലും മൂക്കിലും തൊടുന്നതു തടയാന്‍ സാധിക്കുന്നു 

∙ മാസ്ക് അതു ധരിക്കുന്നവരിൽനിന്നുള്ള രോഗബാധ മറ്റുള്ളവരിലെത്താതെ സംരക്ഷിക്കുന്നു.

∙ വീടിനു പുറത്തിറങ്ങുന്ന സാഹചര്യങ്ങളിലെല്ലാം നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. വീടുകളില്‍ മാസ്ക് ധരിക്കേണ്ടതില്ല. എന്നാല്‍ പനി, ചുമ, തൊണ്ട വേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ വീടുകളില്‍ മാസ്ക് ധരിക്കുന്നത് നല്ലതാണ്.

∙ മാസ്ക് ധരിക്കുന്നതിനു മുമ്പ് സോപ്പ് ഉപയോഗിച്ചു കൈ കഴുകുക, അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.

∙ മുഖത്ത് മാസ്ക് സുഗമമായി ധരിച്ച ശേഷം മുഖത്തിന്‍റെ വശങ്ങളിലൂടെ പുറകിലേക്ക് വലിച്ചു കെട്ടുക.

∙ മാസ്ക് മൂക്കും വായയും മൂടുന്ന വിധത്തിലായിരിക്കണം ധരിക്കേണ്ടത്

∙ മാസ്കിന്‍റെ പുറം ഭാഗം ഒരിക്കലും  തൊടരുത്.

∙ മാസ്ക് നീക്കം ചെയ്യുമ്പോഴും പുറം ഭാഗം തൊടരുത്. ചരടുകളില്‍ പിടിച്ച് മാസ്ക് നീക്കംചെയ്യുക.  മാസ്ക് നീക്കം ചെയ്യുമ്പോൾ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടാതിരിക്കാൻ ശ്രദ്ധിക്കണം. മാസ്ക് കഴുകുന്നതിനായി ഊരി മാറ്റിയ ഉടനെ തന്നെ സിപ് ലോക്ക് കവര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുക. ഒരിക്കലും മറ്റു വസ്ത്രങ്ങളുടെ കൂടെ അലക്കാന്‍ പാടില്ല.

∙ തുണി മാസ്കുകള്‍ ഉപയോഗശേഷം സോപ്പ് അല്ലെങ്കിൽ ഡിറ്റര്‍ജന്‍റ് ഉപയോഗിച്ച് കഴുകി സൂര്യപ്രകാശത്തില്‍ ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കാം.

∙ മാസ്കുകള്‍ പരസ്പരം പങ്കിടാന്‍ പാടുള്ളതല്ല

∙ മലിനമാകുന്നില്ലെങ്കില്‍ 6 മണിക്കൂര്‍വരെ മാസ്കുകള്‍ ഉപയോഗിക്കാവുന്നതാണ്

∙ മാസ്കുകള്‍ ഒരു കാരണവശാലും വലിച്ചെറിയരുത്. ഉപയോഗശേഷം മാസ്കുകള്‍ അണുനശീകരണം വരുത്തി കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യുക.

കൈകളുടെ ശുചിത്വം

∙ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തടയുന്നതിന് ഇടയ്ക്കിടക്ക് സോപ്പോ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകേണ്ടതാണ്. 

∙ സോപ്പോ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുമ്പോള്‍ കൈകളുടെ ഉള്‍ഭാഗം, പുറംഭാഗം, വിരലുകള്‍, വിരലുകള്‍ക്കിടയിലുള്ള ഭാഗം, മണിബന്ധം എന്നിവിടങ്ങള്‍ ശരിയായ രീതിയില്‍ ശുചിയാകേണ്ടതുണ്ട്  .

∙ കൈകള്‍ തുടയ്ക്കുന്നതിനായി ഓരോരുത്തരും വേവ്വേറെ ടവലുകള്‍ ഉപയോഗിക്കുക.

covid-19-fb-alert-image

∙ ഭക്ഷണം തയ്യാറാക്കുന്നതിനു മുന്‍പും ശേഷവും  സോപ്പ് ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്.

∙ ടോയ്‍ലറ്റില്‍ പോയതിനു  ശേഷം കൈകള്‍ സോപ്പും ഉപയോഗിച്ചു കഴുകേണ്ടതാണ്.

പൊതുസ്ഥലങ്ങളില്‍ നിന്നു വീട്ടിലേക്കു തിരിച്ചെത്തുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

∙ പൊതു സ്ഥലങ്ങളിലോ ഓഫിസുകളിലോ പോയി തിരികെ വന്നാല്‍ ഉടൻ വസ്ത്രങ്ങള്‍ മാറി കുളിച്ചതിനു ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക

∙ പുറത്തുപോയിവന്ന ശേഷം  കഴിവതും വീടിനു പുറത്തെ ശുചിമുറി ഉപയോഗിക്കുക.

∙ ചെരുപ്പുകള്‍ പുറത്ത് അഴിച്ചു വയ്ക്കേണ്ടതാണ്.

വീടുകളില്‍ സമ്പര്‍ക്ക വിലക്കിലോ നിയന്ത്രണത്തിലോ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ക്വാറന്‍റീന് വേണ്ടി തെരെഞ്ഞെടുത്ത മുറിയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുക.

∙ നന്നായി കാറ്റും വെളിച്ചവും കടക്കുന്ന മുറി ആയിരിക്കണം.

∙ കഴിയുന്നതും മുറി ബാത്ത് അറ്റാച്ച്ഡ് (കക്കൂസ് & കുളിമുറി) ആയിരിക്കണം.

∙ കൈകൾ സോപ്പിട്ട് കഴുകാൻ സൗകര്യം ഉണ്ടായിരിക്കണം

∙ മേൽ പറഞ്ഞ സൗകര്യങ്ങൾ മറ്റുള്ളവർ ഉപയോഗിക്കാൻ പാടുള്ളതല്ല

∙ വീട്ടിലെ മറ്റ് താമസക്കാർ ഈ മുറിയിൽ കയറാൻ പാടില്ല 

∙ ക്വാറന്‍റീനിൽ ഉള്ള വ്യക്തി പ്രത്യേകം കിടക്കവിരികൾ, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുക. അവ സോപ്പ് / ഡിറ്റർജന്റ് ഉപയോഗിച്ച്  നന്നായി അവരവര്‍ തന്നെ കഴുകുക

∙ 60 കഴിഞ്ഞവരെയും രോഗ സാദ്ധ്യത കൂടുതലുള്ളവരെയും ബന്ധു വീടുകളിലേക്കോ അയല്‍ വീടുകളിലേക്കോ മാറ്റുക. 

∙നിരീക്ഷണത്തിലുളഅള വ്യക്തിയെ ആരോഗ്യ പ്രവർത്തകർ വിളിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക 

ക്വാറന്‍റീനിലുള്ള വ്യക്തികള്‍ക്ക് പരിചരണം ആവശ്യമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ സമ്പർക്കം പുലർത്തുന്ന വ്യക്തി മുറിയിൽ കയറുമ്പോൾ വായും, മൂക്കും പൂർണമായി മൂടുന്ന രീതിയിൽ  മാസ്ക്ക് ധരിച്ചിരിക്കണം.

∙ സ്രവങ്ങളും മറ്റും കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ കയ്യുറകൾ നിർബന്ധമായും ധരിച്ചിരിക്കണം

∙ ഉപയോഗിച്ച കയ്യുറയും, മാസ്ക്കും പുനരുപയോഗിക്കാൻ പാടില്ല.

∙ ഭക്ഷണം കൊടുക്കുന്ന ആൾ അത് റൂമിന്‍റെ വാതിലിനു പുറത്ത് വച്ച ശേഷം മാറി നിൽക്കുകയും, ഭക്ഷണം എടുത്ത ഉടനെ വാതിൽ അടയ്ക്കുകയും ചെയ്യുക 

∙ വീട്ടിലെ എല്ലാവരും വായിച്ച ശേഷം മാത്രം ക്വാറന്‍റീനിൽ ഉള്ള വ്യക്തിക്ക് പത്രം/മാസികകള്‍ നൽകുക. നിരീക്ഷണത്തിലുള്ള വ്യക്തി വായിച്ച പത്രം/മാസികകള്‍ ആ റൂമിൽ തന്നെ സൂക്ഷിക്കുക. മറുള്ളവർ അത് കൈകാര്യം ചെയ്യാൻ പാടില്ല. 

ശുചീകരണം

സമ്പര്‍ക്ക വിലക്കിലോ/ സമ്പര്‍ക്കനിയന്ത്രണത്തിലോ ഉള്ള  വ്യക്തി ഉപയോഗിക്കുന്ന മുറിയും പതിവായി സ്പർശിക്കുന്ന പ്രതലങ്ങളും (ഉദാ. ബെഡ് ഫ്രെയിമുകൾ, മേശ, കസേരകൾ, വാതില്‍പ്പിടികള്‍ മുതലായവ) 1% ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് ദിവസവും അണുവിമുക്തമാക്കുക.

∙ ബ്ലീച്ച് ലായനി / ഫിനോളിക് അണുനാശിനി ഉപയോഗിച്ച് ടോയ്‌ലറ്റ് ഉപരിതലങ്ങൾ  ദിവസവും അണുവിമുക്തമാക്കുക 

സാധാരണ സോപ്പ് /ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റ് തുണികളും സ്വയം കഴുകി  സൂര്യപ്രകാശത്തിൽ ഉണക്കി മാത്രം ഉപയോഗിക്കുക.

∙ വായു കടക്കാത്ത അടച്ച പാത്രത്തിലേക്ക് തുപ്പുക, പിന്നീട് 1% ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം ടോയ്‌ലറ്റിൽ നിക്ഷേപിക്കുക.

∙ സമ്പര്‍ക്ക വിലക്കിലോ സമ്പര്‍ക്കനിയന്ത്രണത്തിലോ ഉള്ള വ്യക്തിയുടെ ഭക്ഷണ അവശിഷ്ടങ്ങള്‍ വളര്‍ത്തു  മൃഗങ്ങൾക്കും പക്ഷികൾക്കും നൽകരുത്

ബ്ലീച്ച് ലായനി തയ്യാറാക്കുന്ന വിധവും അണുനശീകരണവും

സാധാരണയായി അണുനശീകരണത്തിനു 1% വീര്യമുള്ള ബ്ലീച്ചു ലായനിയാണു ഉപയോഗിക്കുന്നത്.

∙ 1 ലീറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ അഥവാ 6 ടീ സ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ ലയിപ്പിച്ചുണ്ടാക്കുന്നതാണ് 1 % വീര്യമുള്ള ബ്ലീച് ലായനി.

∙ ബ്ലീച്ചു ലായനി തുറന്നു വയ്ക്കാന്‍ പാടില്ല.

∙ ഒറ്റത്തവണ തയാറാക്കുന്ന ലായനി 6-8 മണിക്കൂര്‍ വരെ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

covid-19-fb-alert-helpline

റിവേഴ്സ് ക്വാറന്‍റീനിലുള്ളവര്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ 

കോവിഡ് പ്രതിരോധ മാര്‍ഗ്ഗമെന്ന നിലയില്‍, രോഗസാധ്യത കൂടുതലുള്ളവരെ സമ്പര്‍ക്ക വിലക്കില്‍ പ്രവേശിപ്പിക്കാറുണ്ട്. ഇതാണ് റിവേഴ്സ് ക്വാറന്‍റീൻ.

രോഗസാധ്യത കൂടുതലുള്ള വിഭാഗത്തില്‍പ്പെടുന്നവര്‍ (High Risk Categories) ആരൊക്കെയാണ്?

∙ പ്രായമായവർ

∙ പ്രമേഹ രോഗികൾ, രക്താതിമർദ്ദമുള്ളവര്‍, അര്‍ബുദ ബാധിതര്‍, ദീര്‍ഘകാലമായി ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍

∙ സ്റ്റിറോയിഡ് ചികിത്സയിലുള്ളവർ / രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവര്‍

∙ അടുത്തിടെ അവയവം മാറ്റിവച്ച വ്യക്തികള്‍

∙ ഗർഭിണികൾ

∙ ഭിന്നശേഷിക്കാരായ കുട്ടികൾ

ഹൈ റിസ്ക് വിഭാഗത്തിലുള്ളവർക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങൾ

∙ ഒരു പ്രതിരോധ മാര്‍ഗ്ഗമെന്ന നിലയില്‍, വീട്ടിലെത്തുന്ന അതിഥികളുമായി ഇടപെടുമ്പോള്‍ മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കുക.

∙ സോപ്പോ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക.

∙ വസ്ത്രങ്ങൾ, സമ്മാനങ്ങൾ, ഫോണുകൾ, ലാപ്‌ടോപ്പുകൾ, പെൻ ഡ്രൈവുകൾ തുടങ്ങി വ്യക്തിഗത വസ്തുക്കൾ കുടുംബാംഗങ്ങൾക്കിടയിൽ പങ്കിടരുത്

∙ സമീകൃതാഹാരം കഴിക്കുക

∙ അനാവശ്യ യാത്രകള്‍  ഒഴിവാക്കുക.

∙ ശാരീരിക അകലം സൂക്ഷിച്ച് സൗഹൃദങ്ങള്‍ പങ്കുവയ്ക്കുക

∙ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ മാർഗനിർദ്ദേശങ്ങള്‍ക്കായി ഉടനടി സമീപത്തെ പ്രാദേശികാരോഗ്യ കേന്ദ്രങ്ങളുമായോ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറുമായോ (0471 2552056, അല്ലെങ്കിൽ 1056) ബന്ധപ്പെടുക.

∙ അയൽക്കാരും ബന്ധുക്കളും മറ്റ് അഭ്യുദയകാംക്ഷികളും റിവേഴ്സ് ക്വാറന്റീനില്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കുക. 

∙ നിങ്ങളുടെ സംശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ഫോണിലൂടെ ഡോക്ടറെ ബന്ധപ്പെടുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com