ADVERTISEMENT

കോവി‍ഡിന്റെ പിടിയിൽ നിന്നു ജീവൻ തിരിച്ചുകിട്ടിയതു ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആത്മാർഥതകൊണ്ടെന്ന് മഹാരാഷ്ട്ര ഭവന മന്ത്രിയും എൻസിപി നേതാവുമായ ജിതേന്ദ്ര ആവാഡ് (54). ‌

മരണത്തിന്റെ വക്കിൽ നിന്നു തിരിച്ചെത്തിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നു: ‘മുളുണ്ടിലെ ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ചത് ഓർമയില്ല. ബോധം വീണ്ടുകിട്ടിയപ്പോൾ ഭക്ഷണം നൽകിയ പാത്രത്തിൽ കോവിഡ് പേഷ്യന്റ് എന്ന് എഴുതിയതു കണ്ടു. ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. രക്ഷപ്പെടാൻ 30% മാത്രമേ സാധ്യതയുള്ളൂവെന്ന് ഡോക്ടർമാർ വീട്ടുകാരെ അറിയിച്ചു. സ്ഥിതി മോശമാകുമ്പോഴും ഡോക്ടർമാരും നഴ്സുമാരും അശ്രാന്ത പരിശ്രമം നടത്തി എന്നെ രക്ഷിച്ചെടുത്തു. നഴ്സുമാരേറെയും മലയാളികളായിരുന്നു. ആത്മവിശ്വാസവും ഉൗർജവും പകർന്നത് അവരാണ്. എനിക്കു പിന്നാലെ ഭാര്യയും ആശുപത്രിയിലായതോടെ എല്ലാം കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം മകളുടെ ചുമലിലായി. 

എൻസിപി അധ്യക്ഷൻ ശരദ് പവാറും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നൽകിയ പിന്തുണ വലുതാണ്. മുഖ്യമന്ത്രി ജ്യേഷ്ഠനെപ്പോലെയാണ് ഇടപ്പെട്ടത്; കുടുംബംപോലെ ബലം നൽകി സർക്കാർ ഒപ്പം നിന്നു. 

ലോക്ഡൗണിൽ കുടുങ്ങിപ്പോയവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിക്കാൻ തുടക്കം മുതലേ ഞാൻ രംഗത്തുണ്ടായിരുന്നു. ഓഫിസിലുള്ളവർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കടുത്ത ക്ഷീണമല്ലാതെ, എനിക്കു രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. രോഗം വരില്ലെന്ന അമിത ആത്മവിശ്വാസമാണു വിനയായത്. സർക്കാർ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച്, അതീവ ജാഗ്രതയിലൂടെ മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാവൂ’ – താനെയിലെ വസതിയിൽ വിശ്രമിക്കുന്ന മന്ത്രിയുടെ വാക്കുകൾ. 

എൻസിപിയിൽ ശരദ് പവാറിന്റെ വിശ്വസ്തനാണ്, താനെയിലെ മുംബ്ര-കൽവ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ജിതേന്ദ്ര. സർക്കാർ രൂപീകരണം പ്രതിസന്ധിയിലായപ്പോൾ ശിവസേന, എൻസിപി, കോൺഗ്രസ് എംഎൽഎമാരെ അണിനിരത്തിയുള്ള ശക്തിപ്രകടനത്തിന്റെ സൂത്രധാരൻ ഇദ്ദേഹമായിരുന്നു. 

Englisg Summary: Maharashtra Minister Jithendra Awhad about Covid days, COVID- 19 survivor, Corona virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com