ADVERTISEMENT

അടുത്തകാലത്തൊന്നും കോവിഡ്– 19 എന്ന മഹാമാരി വിട്ടുപോകില്ലെന്ന സാഹചര്യത്തിൽ, വൈറസിനെതിരെ വാക്സിൻ കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഗവേഷകർ. ലോകത്ത് വിവധ ഭാഗങ്ങളിൽ നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നു. എന്നാൽ രോഗം സുഖപ്പെട്ടതായി ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. യുഎസ് കമ്പനികളായ മോഡേണ, നോവ്ക്സ് എന്നിവ മനുഷ്യരിൽ രണ്ടാംഘട്ട ട്രയൽ ആരംഭിച്ചു കഴിഞ്ഞു. മറ്റു നിരവധി കമ്പനികളും മനുഷ്യനിൽ പരീക്ഷണം ആരംഭിച്ചു. ഏറ്റവും പുതിയതായി നാം കേട്ടത് ഓക്സ്ഫഡ് സർവകലാശാല റീസസ് കുരങ്ങുകളിൽ നടത്തിയ വാക്സിൻ ട്രയലിനെക്കുറിച്ചാണ്. ഇപ്പോഴിതാ ഗവേഷകർ പുകയിലയിലെ പ്രോട്ടീനിൽനിന്ന് വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിപ്പോൾ മനുഷ്യനിൽ പരീക്ഷിക്കാൻ തയാറായിക്കഴിഞ്ഞു.

യുഎസ് ഗവൺമെന്റിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും ഓക്സ്ഫഡ് സർവകലാശാലയും സംയുക്തമായാണ് ഈ വാക്സിൻ വികസിപ്പിച്ചത്. ഗവേഷകർ പ്രതീക്ഷയിലാണ്. കാരണം ആറ് റീസസ് കുരങ്ങുകളിൽ ഈ വാക്സിൻ കോവിഡ് 19 നെതിരെ സംരക്ഷണം നൽകി. വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റിബോഡികളെ ഉൽപാദിപ്പിക്കാൻ ഇവയ്ക്കു കഴിഞ്ഞു.

കോവിഡ് 19 ബാധിച്ച ഒരുകൂട്ടം കുരങ്ങുകളിൽ വാക്സിൻ നൽകി. ആറു കുരങ്ങുകളുടെ ശ്വാസകോശത്തിലും ശ്വാസനാളിയിലും വൈറസ് വളരെ കുറഞ്ഞതായി കണ്ടു. ഇതാണ് പ്രതീക്ഷ നൽകുന്നത്. കാരണം റീസസ് കുരങ്ങുകളുടെ രോഗപ്രതിരോധ സംവിധാനം മനുഷ്യന്റേതുമായി സാമ്യമുള്ളതാണ്. വാക്സിൻ ന്യുമോണിയയ്ക്കെതിരെയും സംരക്ഷണം നൽകുന്നു, മാത്രമല്ല കുരങ്ങുകൾക്ക് പ്രതിരോധശക്തിയുമായി ബന്ധപ്പെട്ട ഒരസുഖവും ഉണ്ടായതുമില്ല. ഈ വാക്സിൻ, വൈറസിനെ പ്രതിരോധിക്കുന്ന ശരിയായ ആന്റിബോഡികളെ ഉൽപാദിപ്പിക്കുന്നതായും കണ്ടു. 

ഇതേ സമയം ബ്രിട്ടിഷ് അമേരിക്കൻ ടുബാക്കോ എന്ന സിഗരറ്റ് നിർമാതാക്കൾ, കോവിഡ് 19 നെതിരെയുള്ള അവരുടെ പുകയില അടിസ്ഥാനമാക്കിയ വാക്സിൻ മനുഷ്യനിലെ പരീക്ഷണങ്ങൾക്കു തയാറാണെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും പറയുന്നു. ക്ലിനിക്കൽ ടെസ്റ്റിങ്ങിനു മുൻപുള്ള ഘട്ടത്തിൽ, ഈ പരീക്ഷണ വാക്സൻ പോസിറ്റീവ് പ്രതിരോധ പ്രതികരണം ഉണ്ടാക്കിയതായും നിർമാതാക്കൾ അവകാശപ്പെടുന്നു. കൊറോണ വൈറസിന്റെ ഒരു ഭാഗം കൃത്രിമമായി നിർമിച്ച് അതിനെ അടിസ്ഥാനമാക്കിയതാണ് ഈ വാക്സിൻ. ഇതിനെ ഒരു ആന്റിജൻ എന്നു വിളിക്കാം. ഈ ആന്റിജൻ, പുകയില ചെടികളിൽ കുത്തിവയ്ക്കുന്നു. ഈ ചെടികൾ വിളവെടുക്കുമ്പോൾ ആന്റിജൻ പ്യൂരിഫൈ ചെയ്യപ്പെട്ടിരിക്കും. മനുഷ്യനിൽ എത്തിയാൽ ഈ ആന്റിജൻ, ശരീരത്തിൽ നിന്നും ഒരു പ്രതിരോധപ്രതികരണം ഉണ്ടാക്കും..

കോവിഡ് 19 രോഗികളിൽ നിക്കോട്ടിന്റെ ഫലങ്ങളെപ്പറ്റി മുൻപഠനങ്ങൾ ഉണ്ടായിട്ടുണ്ട്. പുകവലിക്കാരെ കൊറോണ വൈറസിന്റെ പുതിയഇനം അധികം ബാധിക്കാത്തതാണ് പഠനത്തിൽ വിദഗ്ധർക്ക് താൽപര്യം വരാൻ കാരണം. ഇത് നിക്കോട്ടിന്റെ പ്രവർത്തനം മൂലമാകാമെന്നാണ് കരുതുന്നത്. 

ഇതുമാത്രമല്ല, ഗുരുതരാവസ്ഥയിൽ നിന്ന് രോഗികളെ രക്ഷിക്കാൻ ചില വിദഗ്ധർ നിക്കോട്ടിൻ പാച്ചുകൾ ഉപയോഗിക്കുകയും ചെയ്തു. എന്നാൽ ഇതിനർഥം രോഗത്തെ പ്രതിരോധിക്കാൻ പുകവലിച്ചു തുടങ്ങാം എന്നല്ലെന്നു ഗവേഷകർ പറയുന്നു. പുകവലി മരണകാരണമാണ്. എന്നാൽ പുകയിലച്ചെടിയിൽനിന്ന് ഒരു വാക്സിൻ വികസിപ്പിക്കാനായാൽ അത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേർക്ക് ആശ്വാസമാകാം.

English Summary: COVID-19 vaccine: A cure may be possible from tobacco leaves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com