ADVERTISEMENT

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം അൻപതുലക്ഷം കടന്നു. മരണസംഖ്യ മൂന്നുലക്ഷത്തി മുപ്പതിനായിരവും. വളരെ പെട്ടെന്നു പകരുന്ന സ്വഭാവം ഉള്ളതിനാലും ലക്ഷണങ്ങൾ പ്രകടമാകാത്തതിനാലും രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാം. ഇതിന്റെ ഫലമായി നോവൽ കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാൻ ലോകത്തെ വിവിധ രാജ്യങ്ങൾ ഒരു സംഘമായി ചേർന്നു പ്രവർത്തിക്കുകയാണ്. ഇപ്പോൾ നൂറോളം വാക്സിനുകൾ വികസനത്തിന്റെ പല ഘട്ടങ്ങളിലാണ്.

ഇപ്പോഴത്തെ നില

മനുഷ്യ ഉപയോഗത്തിന് ഫലപ്രദമായ വാക്സിൻ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇതിനായി മുൻനിരയിലെത്തിയ ഏഴു മുതൽ എട്ടുവരെ വരുന്ന ഗവേഷകസംഘത്തെയും ലോകാരോഗ്യസംഘടനയും തിരിച്ചറിഞ്ഞു. വിദഗ്ധരും വൈദ്യശാസ്ത്ര ഗവേഷകരും വാക്സിൻ കണ്ടെത്താൻ അതിവേഗത്തിൽ ശ്രമിക്കുകയാണ്. യഥാർഥത്തിൽ ഒരു വാക്സിൻ വികസിപ്പിക്കാൻ വർഷങ്ങൾ എടുക്കുമ്പോഴാണിത് എന്നോർക്കണം. എത്രവേഗത്തിലായാലും വാക്സിൻ നിരവധി പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇതിനുതന്നെ 12 മുതൽ 18 മാസംവരെ എടുക്കും. കാരണം ഒരു വാക്സിൻ സുരക്ഷിതം ആകണമെങ്കിൽ ഓരോ ഘട്ടവും പൂർത്തിയാക്കേണ്ടതുണ്ട്. വിവിധതരം വാക്സിനുകളുടെ നില അറിയാം.

∙ ആർഎൻഎ അടിസ്ഥാനമാക്കിയ വാക്സിൻ

വാക്സിൻ വികസിപ്പിക്കുന്നതിൽ മുൻനിരക്കാരായ യുഎസ് ആസ്ഥാനമായ മോഡേണ എന്ന കമ്പനി കൊറോണ വൈറസ വാക്സിന്റെ ഒന്നാംഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ആർഎൻഎ അടിസ്ഥാനമാക്കിയ mRNA- 1273 എന്നു പേരിട്ട ഈ വാക്സിൻ സാധാരണ വാക്സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ബദൽമാർഗം ആണ് ഉപയോഗിക്കുന്നത്.

mRNA വാക്സിൻ, mRNAശ്രേണിയെ വഹിക്കുന്നു. ഇത് വൈറൽ പ്രോട്ടീനുകളെ നിർമിക്കാനും കോശങ്ങളോട് അവയെ നിർമിക്കാൻ നിർദേശം നൽകുകയും ചെയ്യുന്നു. ശരീരം അപ്പോൾ പുതിയ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികളെ നിർമിക്കും. SARS Cov 2 ന്റെ സ്പക്ക് പ്രോട്ടീൻ അടങ്ങിയ mRNAസ്ട്രാൻഡ് ആണ് മോഡേണ വികസിപ്പിച്ച mRNA 1273.

ഈമാർച്ചിൽ എട്ടുപേരിൽ നടത്തിയ പരീക്ഷണം വിജയമായിരുന്നുവെന്നും അവരിൽ വൈറസിനെതിരെയുള്ള സംരക്ഷിത ആന്റിബോഡികൾ ഉണ്ടായതായും ബയോടെക് കമ്പനി അവകാശപ്പെടുന്നു. വാക്സിന്റെ ഗുണഫലങ്ങൾ വ്യക്തമാകാൻ കൂടുതൽ പേരിൽ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് ഈ കമ്പനി. ജൂലൈയിൽ ഇത് ആരംഭിക്കും.

∙ ഓക്സഫഡ് സർവകലാശാല വാക്സിൻ

ഓക്സഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ സാധാരണ ജലദോഷ വൈറസായ അഡിനോവൈറസിന്റെ ഒരു വകഭേദമാണ്. താരതമ്യേന ദുർബലമായ ഈ വിഭാഗം ആണ് ചിമ്പാൻസികളിൽ അണുബാധ ഉണ്ടാക്കുന്നത്. അവർ ഇതിനെ SARS Cov 2 ന്റെ സ്പൈക്ക് പ്രോട്ടീന്റെ ജനിതകവസ്തുവുമായി യോജിപ്പിച്ചു. മൂന്നു മാസത്തിനുള്ളിൽ വികസിപ്പിച്ച ഇതിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചു. 

എന്നാൽ chAdOxl nCov-19 എന്ന വാക്സിൻ മകാക്കു റീസസ് കുരങ്ങുകളിൽ അണുബാധ തടയാൻ പര്യാപതമല്ലെന്ന് അടുത്തിടെ ഒരു റിപ്പോർട്ടിൽ പറയുന്നു. മൃഗങ്ങളിൽ വൈറൽ ന്യുമോണിയയിൽ നിന്നു സംരക്ഷണമേകാൻ ഈ വാക്സിന് ആകുമെന്നതിനാൽ ഇത് ഭാഗികമായി ഫലപ്രദമാണെന്നു പറയാം. എന്നാൽ കോവിഡ് 19നെ തടയാൻ ഇതിനാവില്ല. 

∙ സിനോവാക് വാക്സിൻ

ബെയ്ജിങ് അസ്ഥാനമായ സിനോവാക് ബയോടെക് ലിമിറ്റഡ്, വാക്സിൻ ആയ PiCoVaccയുടെ അവസാനഘട്ട പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ്. ആന്റിബോഡികളെ ഉൽപ്പാദിപ്പിക്കുവാൻ സാധിക്കുന്നതായിക്കണ്ട ഈ വാക്സിന്റെ മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയമായിരുന്നു. കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിൽ ഈ വാക്സിൻ സംരക്ഷണമേകുന്നതായി തെളിഞ്ഞുവെന്ന് bioRxiv ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

∙ പിഫിസെർ ആൻഡ് ബയോഎൻടെക് വാക്സിൻ

യുഎസ് ആസ്ഥാനമായി പിഫിസെർ, ജർമൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോ എൻടെക്കുമായി ചേർന്ന് നോവൽ കൊറോണ വൈറസിനെതിരെ നാല് ആർഎൻഎ വാക്സിനുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. പ്രത്യേകമായി രൂപകൽപ്പന ചെയ്ത മെസ്സെൻജർ ആർഎൻഎയെ അടിസ്ഥാനമാക്കിയതാണ് ഈ വാക്സിൻ. ജർമനിയിൽ ഇതിന്റെ ക്ലിനിക്കൽ പരീക്ഷങ്ങൾ പൂർത്തിയായി.

യുഎസ് വാക്സിനായ BNT162, 360 ആരോഗ്യസന്നദ്ധ പ്രവർത്തകർക്ക് വിവധ ഡോസുകളിൽ നൽകി അവർ ജൂലൈ ആരംഭത്തോടെ ഈ പരീക്ഷണങ്ങൾ യുഎസിലെ വിവിധ ഭാഗങ്ങളിലെ എണ്ണായിരത്തോളം പേരിൽ നടത്താൻ ആലോചിക്കുന്നു.

∙ നോവാവാക്സ് വാക്സിൻ

യുഎസ് ആസ്ഥാനമായ നോവാവാക്സ് തങ്ങളുടെ വാക്സിനായ NVX- cov 2373, മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങുന്നു. ഇതിനായി coalition for Epidemic Preparedness Innovation-ൽ നിന്നും 388 മില്യൻ ഡോളർ സാമ്പത്തികസഹായം കമ്പനിക്കു ലഭിച്ചു. 

നോവാവാക്സിന്റെ വാക്സിൻ മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയമായിരുന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള 130 സന്നദ്ധപ്രവർത്തകരിൽ പരീക്ഷണം നടത്താനൊരുങ്ങുകയാണ് കമ്പനി. SARS Cov 2ന്റെ ജനിതകശ്രേണിയിൽ നിന്ന് നിർമിച്ചെടുത്തതാണ് കോവിഡ് 19നെതിരെയുള്ള ഈ വാക്സിൻ.

∙ ബ്രിട്ടീഷ് സിഗരറ്റ് കമ്പനിയുടെ വാക്സിൻ

ലോകത്തിലെ രണ്ടാമത്തെ സിഗരറ്റ് നിർമാതാക്കളായ ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ കമ്പനി കോവിഡ് 19നെതിരെ വാക്സിൻ നിർമിക്കുന്നു. പുകയിലച്ചെടിയുടെ ഇലയിൽ നിന്നുള്ള പ്രോട്ടീൻ ഉപയോഗിച്ചാണ് ഇവർ വാക്സിൻ നിർമിക്കുന്നത്. പ്രീക്ലിനിക്കൽ ട്രയലുകളിൽ ഇത് വിജയിച്ചതായി അവർ അവകാശപ്പെടുന്നു. ഒന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ, മനുഷ്യരിൽ നടത്താനുള്ള എഫ്ഡിഎയുടെ അനുമതിക്കായി കാത്തിരിക്കുകയാണവർ.

∙ ഇനോവിയോ വാക്സിൻ

ഇനോവിയോ ഫാർമസ്യൂട്ടിക്കൽസ് ഡിഎൻഎ അടിസ്ഥാനമാക്കിയ ഒരു വാക്സിൻ അവരുടെ സാൻഡീ‌ഗോ ലാബിൽ വികസിപ്പിച്ചുവരുന്നു. ആദ്യഘട്ടങ്ങളിൽ ഇവ വിജയമായിരുന്നുവെന്നും എലികളിലും ഗിനിപ്പന്നികളിലും സംരക്ഷിത ആന്റിബോഡികൾ ഉണ്ടായതായും കമ്പനി അവകാശപ്പെടുന്നു. ഏപ്രിലിൽതന്നെ ഇവർ മനുഷ്യനിൽ പരീക്ഷണങ്ങൾ ആരംഭിച്ചു. INO-4800 വാക്സിൻ രണ്ടു ഡോസുകളിലായി ആരോഗ്യമുള്ള 40 പേർക്കു നൽകി. നാലാഴ്ച കൊണ്ടാണ് ഇതു നൽകിയത്. ജൂൺ അവസസാനത്തോടെ ഈ വാക്സസിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെക്കുറിച്ചും അറിയാനാകുമെന്നാണ് പ്രതീക്ഷ.

∙ ഫാവിപിരവിർ:കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന്

ലോകത്തെ നിരവധി കമ്പനികൾ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലായിരിക്കുമ്പോൾ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈട്രഡ്സ് favipiravir എന്ന മരുന്ന് പരീക്ഷിക്കാൻ തയാറെടുത്തുകഴിഞ്ഞു. കോവിഡ് 19 സുഖപ്പെടുത്താൻ ഈ മരുന്നിനു കഴിയുമെന്ന് കരുതപ്പെടുന്നു. മരുന്നു നൽകാനുള്ള ക്ലിനിക്കൽ ട്രയലിനായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് കമ്പനിക്ക് അംഗീകാരം കിട്ടിക്കഴിഞ്ഞു. 2014-ൽ ഈ മരുന്ന് ഇൻഫ്ലുവൻസയ്ക്കെതിരെ ജപ്പാൻ അംഗീകരിച്ചതാണ്. Arenavirus, bunya viruses, Filoviruses മുതലായ ആർഎൻഎ വൈറസുകൾക്കെതിരെ ഈ മരുന്ന് ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ടെന്ന് pubMdigov-ൽ പ്രസിദ്ധീകരിച്ച ഗവേഷണഫലം പറയുന്നു. ചികിത്സിച്ചു ഭേദമാക്കാനാവാത്ത ആർഎൻഎ വൈറൽ ഇൻഫെ‌ക്‌ഷനുകൾക്കെതിരെ ഫാവിപിരാവിർ ഒരു ഫലപ്രദമായ മരുന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ബെംഗലൂരു അടിസ്ഥാനമാക്കിയ സൈട്രെഡ്സ്ഫാർമയെ കൂടാതെ മറ്റൊരു ഇന്ത്യൻ കമ്പനിയായ ഗ്ലെൻമാർക്കും ഫാവിപിരാവിർ മരുന്നിന്റെ ഫലപ്രാപ്തി പരീക്ഷിക്കുന്നുണ്ട്. മൂന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളാണ് ഇവർ നടത്തുക.

∙ ഉയർന്ന ഗുണനിലവാരമുള്ള വാക്സിൻ: ഇന്ത്യയിൽ പ്രതീക്ഷ ആർപ്പിച്ച് ഡബ്ലുഎച്ച്ഒ

കോവിഡ് 19 പകർച്ചവ്യാധി വ്യാപനം തടയാൻ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളെ ലോകാരോഗ്യസംഘടന അഭിനന്ദിച്ചു. ഇന്ത്യയ്ക്ക് വാക്സിൻ നിർമിക്കാനുള്ള കഴിവുണ്ടെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി ഡബ്ലുഎച്ച്ഒ വക്താവ് പറഞ്ഞു.

English Summary: Coronavirus vaccine current update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com