ADVERTISEMENT

തോർത്തും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ചു കൂടുതൽ സുരക്ഷിതമായ മുഖമറ നിർമിച്ചാണ് വാപ്പാലശേരി കല്ലേലി ലോനപ്പൻ കോവിഡിനെ പ്രതിരോധിക്കുന്നത്.  സ്കൂൾ സീസണായതിനാൽ ഒട്ടേറെ പേർ ടൗണിലെ തയ്യൽക്കടയിൽ വരുമെന്നതിനാലാണ് മുഖം മുഴുവൻ മറയ്ക്കുന്ന മുഖമറ ഉണ്ടാക്കിയത്. 

സ്വന്തം ആവശ്യത്തിനായി നിർമിച്ചതാണെങ്കിലും ലോനപ്പന്റെ മുഖമറയ്ക്കിപ്പോൾ ആവശ്യക്കാർ ഏറെയാണ്. തോർത്ത് ഉപയോഗിച്ചു പരീക്ഷിച്ച മുഖമറ കോട്ടൺ തുണിയിൽ തയ്ക്കാനുള്ള തയാറെടുപ്പിലാണ് ലോനപ്പൻ.

എൽഎഫ് ആശുപത്രി ജംക്‌ഷനു സമീപം ജോളി കട്പീസ് സെന്റർ ആൻഡ് ടെയ്‌ലേഴ്സ് ഷോപ്പ് നടത്തുന്ന ലോനപ്പൻ സാധാരണ മുഖമറകൾ ആശുപത്രികളിലേക്കു തയ്ച്ചു നൽകുന്നുണ്ട്. 

അത്തരം മുഖമറ ഉപയോഗിക്കുമ്പോൾ ശ്വാസോച്ഛാസത്തിന് തടസ്സങ്ങൾ ഉണ്ടെന്നു തോന്നിയതിനാലാണ് സ്വയം അനുയോജ്യമായ മുഖമറ പരീക്ഷിച്ചതെന്നു ലോനപ്പൻ പറഞ്ഞു. 

മുഖം മുഴുവൻ മറയും. എന്നാൽ സുഗമമായി ശ്വാസോച്ഛാസം നടത്താം. മറ്റുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമുള്ള സ്രവങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. കാഴ്ചയ്ക്കുള്ള ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റാണ് തുന്നിപ്പിടിപ്പിച്ചത്. മുഖമറ ചേർത്തു നിർത്താൻ ഇലാസ്റ്റിക് ഉപയോഗിക്കുന്നത്.

പ്രായാധിക്യമുള്ളവർ ഏറെ സൂക്ഷിക്കണമെന്ന ആരോഗ്യവകുപ്പിന്റെ പ്രചരണങ്ങളാണ് 67 വയസുകാരനായ ലോനപ്പനെ കൂടുതൽ സുരക്ഷിതമെന്നു തോന്നിയ മുഖമറ തുന്നാൻ പ്രേരിപ്പിച്ചത്. 

സർക്കാർ നിർദേശ പ്രകാരം കടകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയ അന്നുതന്നെ ലോനപ്പൻ ഈ മുഖമറ നിർമിച്ചു. ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു.

എന്നാൽ കോവിഡ് പ്രതിരോധം മാത്രമല്ല ഇത്തരത്തിലൊരു മുഖമറയുടെ ഉപയോഗമെന്നു ലോനപ്പൻ പോലും തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. 

ജാതിതോട്ടത്തിൽ പോകുമ്പോൾ മുഖത്ത് കൊതുകു കടിക്കാതിരിക്കാൻ മുഖമറ നിർമിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമീപിച്ചപ്പോഴാണ് മുഖമറയുടെ മറ്റൊരു ഉപയോഗം തിരിച്ചറിഞ്ഞതെന്നും ലോനപ്പൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com