ADVERTISEMENT

കേരളത്തിൽ എല്ലാ വർഷവും മഴക്കാലത്ത് ചില സാംക്രമിക രോഗങ്ങൾ വ്യാപകമാകാറുണ്ട് - മരണങ്ങളും ഉണ്ടാവാറുണ്ട്. പക്ഷേ കോവിഡിന്റെ കടന്നുവരവോടെ ഈ വർഷം പ്രശ്നം കൂടുതൽ സങ്കീർണമാവുകയാണ്. അതിനു പല കാരണങ്ങളുണ്ട്.

1. ഏറ്റവും പ്രധാനം കോവിഡ്- 19 തന്നെ. മറ്റു രാജ്യങ്ങളിൽനിന്നുംസംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികളഉം മറ്റും എത്തിത്തുടങ്ങിയതോടെ കേസുകളുടെ എണ്ണത്തിൽ ദിവസവും വർധനവ് ഉണ്ടാകുന്നു. പൊതുജനാരോഗ്യ പ്രവർത്തകരും മറ്റും കൂടുതൽ സമയവും കോവിഡ് പ്രതിരോധത്തിൽ വ്യാപൃതരായിരിയിരിക്കുന്നതിനാൽ മഴക്കാല രോഗങ്ങളെ തടയാനുള്ള പ്രവർത്തനങ്ങൾ ശരിയായി നടക്കണമെന്നില്ല.

2. ഈ വർഷം വേനൽമഴ വളരെ കൂടുതലാണ്. മഴയോടൊപ്പം ഇടയ്ക്ക് ഉണ്ടാവുന്ന വെയിലും രോഗാണുവാഹകരായ കൊതുകിനും രോഗാണുക്കൾക്കും വംശവർധനവിന് സഹായിക്കുന്നു. വീടിന്റെയും മറ്റും പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകിന് മുട്ടയിട്ട് പെരുകുന്നതിനും അന്തരീക്ഷത്തിൽ ഈർപ്പം (humidity) ഉണ്ടാവുന്നത് രോഗാണുക്കളായ വൈറസിനും ബാക്ടീരിയകൾക്കും സഹായമാവുന്നു. ഇപ്പോൾത്തന്നെ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മേയ് പതിമൂന്നാം തീയതി വരെ 885 ഡെങ്കിപ്പനി കേസുകൾ ആണ് ഉണ്ടായിരിക്കുന്നത്. പല ജില്ലകളിലും ഡെങ്കിപ്പനി, എലിപ്പനി എന്നിവ മൂലമുള്ള ഏതാനും മരണങ്ങളും ഉണ്ടായി.

3. മഴക്കാലത്ത് എലിമാളങ്ങളിൽ വെള്ളം കയറുന്നതുമൂലം എലികൾ കൂട്ടത്തോടെ പുറത്തേക്കു വരികയും വെള്ളം വ്യാപകമായി എലിമൂത്രവും വിസർജ്യവും കൊണ്ട് മലിനമാവുകയും ചെയ്യുന്നു. ഈ മലിനജലവുമായി നമ്മുടെ ത്വക്ക് സമ്പർക്കം പുലർത്തുവാൻ ഇടയായാൽ എലിപ്പനിയുടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് രോഗമുണ്ടാക്കുന്നു.

4. ശുചിത്വം പൊതുവേ കുറവുള്ള കാലമാണ് മഴക്കാലം. ഭക്ഷണാവശിഷ്ടങ്ങളും ചപ്പുചവറുകളും വീടിനു പുറത്തേക്കു വലിച്ചെറിയുന്നത് എലികളും ഈച്ചകളും മറ്റും വർധിക്കുന്നതിനു കാരണമാവും.

5. മഴക്കാലത്ത് കുടിവെള്ളം മലിനമാകാൻ സാധ്യത കൂടുതലാണ്. ഇത് ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്‍ഡ്, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുന്നു.

6. ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി കുറവുള്ള സമയമാണ് മഴക്കാലം. പോഷകാഹാരങ്ങളുടെ കുറവും  വ്യായാമം ഇല്ലാതാവുന്നതുമാണ് കാരണം.

കോവിഡ്- 19 വ്യാപകമാവുന്ന സമയത്തുതന്നെ മഴക്കാല സാംക്രമിക രോഗങ്ങളായ വൈറൽപ്പനി, ഡങ്കിപ്പനി, എലിപ്പനി എന്നിവ എത്തുന്നത് രോഗനിർണയത്തിന് കാലതാമസമുണ്ടാക്കാം. കാരണം ഇവയുടെ എല്ലാം പ്രാരംഭ ലക്ഷണങ്ങൾ ഒന്നുതന്നെയാണ്. പനി, തലവേദന, ശരീരവേദന എന്നിവയോടെയാണ് എല്ലാത്തിന്റെയും തുടക്കം. ഏതുതരം പനിയാണ് ബാധിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു വേണം ചികിത്സ. കോവിഡ് 19 ന്റെ വ്യാപനശേഷി കൂടുതലാണല്ലോ. ആരംഭത്തിൽ തന്നെ രോഗനിർണയം നടത്തിയില്ലങ്കിൽ അത് സമൂഹ വ്യാപനത്തിന് തന്നെ കാരണമാവാം.

English Summary: Crona virus community spread, COVID- 19, Rainy season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com