ADVERTISEMENT

ചൈനയിലെ വുഹാനില്‍ നിന്നായിരുന്നു ആദ്യത്തെ കൊറോണ കേസ് ലോകത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ചോര്‍ന്നതാണ് വൈറസ് എന്ന തരത്തിലും പല വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍നിന്നാണ് വൈറസ് മനുഷ്യരിലേക്കു പടര്‍ന്നതെന്നാണ് ചൈനീസ് ഗവേഷകര്‍ പറയുന്നത്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാന്നിധ്യം ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ സംശയത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഇതിലൊന്നും ഒരു സത്യവുമില്ല എന്നാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പറയുന്നത്.

സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 1,500 ഓളം വ്യത്യസ്ത തരം വൈറസുകള്‍ സൂക്ഷിച്ചിരിക്കുന്ന വൈറസ് ബാങ്ക് ആണ് വുഹാനിലെ ഈ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവിടെ വവ്വാലുകളില്‍നിന്നു ശേഖരിച്ച കൊറോണ വൈറസുകള്‍ ഉണ്ടെന്നു കഴിഞ്ഞ ദിവസം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.

SARS-CoV-2 വൈറസുമായി ഏറ്റവും സാമ്യത ഇതില്‍ ഏതിനാണ് ഉള്ളതെന്ന് കണ്ടെത്താന്‍ ഇവര്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇവയൊന്നും തന്നെ ഇപ്പോള്‍ പടരുന്ന കൊറോണ വൈറസുമായി സാമ്യത കാണിക്കുന്നില്ല എന്ന് റിപ്പോര്‍ട്ട്‌ ഉണ്ട്. 

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നു തന്നെയാണോ കൊറോണ പടര്‍ന്നതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ചൈനീസ് അധികൃതര്‍ക്കു പോലും സംശയമുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. വവ്വാലുകളില്‍ കാണുന്ന സാര്‍സിനു സമാനമായ കൊറോണ വൈറസിനെ കൈകാര്യം ചെയ്യാനുള്ള സുരക്ഷയൊന്നും സ്ഥാപനത്തിനില്ലെന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

പുതിയ ആരോപണത്തെക്കുറിച്ച് സ്ഥാപനം ഇതുവരെ പ്രതികരിച്ചിട്ടില്ല. അഭ്യൂഹങ്ങള്‍ തള്ളിക്കളയുന്നുവെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ ലാബ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഡിസംബര്‍ 30 ന് പുതിയ ഒരു വൈറസിന്റെ സാംപിള്‍ ലഭിക്കുകയായിരുന്നുവെന്നും ജനുവരി രണ്ടിന് വൈറസിനെ തിരിച്ചറിഞ്ഞുവെന്നും ലാബ് വ്യക്തമാക്കുന്നു. ജനുവരി 11 നു തന്നെ ലോകാരോഗ്യ സംഘടനയ്ക്ക് പുതിയ രോഗാണുവിനെക്കുറിച്ച് റിപ്പോര്‍ട്ടു നല്‍കിയിരുന്നുവെന്നും ലാബ് ചൂണ്ടിക്കാട്ടുന്നു. കൊറോണ വ്യാപനത്തിനു കാരണം വൈറോളജി ലാബാണെന്ന ആരോപണം ചൈനീസ് വിദേശകാര്യ വകുപ്പ് തള്ളിയിരുന്നു. വൈറസിനെ കഴിഞ്ഞ ഡിസംബര്‍ അവസാനമാണു കണ്ടെത്തിയതെന്നാണു ധാരണ. എന്നാല്‍ ഇപ്പോഴത്തേതുമായി 96 % സാമ്യമുള്ള വൈറസിനെ വര്‍ഷങ്ങള്‍ക്കു മുന്‍പു കണ്ടെത്തിയിട്ടുണ്ടെന്നു ചൈനീസ് ഗവേഷക ഴെങ് ലി ഷി വ്യക്തമാക്കിയിരുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞയായ ഷി ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇതുവരെ ലോകത്താകമാനം 340,000 ആളുകള്‍ ആണ് കൊറോണ വൈറസ് മൂലം മരണമടഞ്ഞത്.

English Summary: Wuhan lab had three live bat coronaviruses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com