ADVERTISEMENT

കൂടുതൽ പേർക്കു കോവിഡ് 19 സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർ കൂടുതൽ ജാഗ്രത പാലിക്കണമെന്നു വിദഗ്ധർ. എറണാകുളം ജില്ലയിൽ 2 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെ കേരളത്തിൽ പത്തിലേറെ ആരോഗ്യ പ്രവർത്തകർക്ക് ഇതിനകം കോവിഡ് ബാധിച്ചിട്ടുണ്ട്.

മാസ്കും വ്യക്തിഗത സുരക്ഷ വസ്ത്രങ്ങളും കൈകാര്യം ചെയ്യുന്നതിലെ വീഴ്ച പോലും രോഗം പകരാൻ കാരണമാകും. ബോധവൽക്കരണത്തിന്റെ അഭാവവും അവബോധമുണ്ടെങ്കിലും അതു പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതിലെ വീഴ്ചയും പ്രശ്ന കാരണമാണെന്ന് ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ പറഞ്ഞു.

ആശുപത്രികളിൽ സുരക്ഷ മുൻകരുതലുകൾ എത്രത്തോളം പാലിക്കുന്നുണ്ടെന്നതു സംബന്ധിച്ചു വ്യക്തമായ കണക്കെടുപ്പ് നടക്കണം. ചുറ്റിലും കൊറോണ വൈറസ് ഉണ്ടെന്നു തിരിച്ചറിഞ്ഞ് ആരോഗ്യ പ്രവർത്തകർ മുൻകരുതലെടുക്കണം. സഹപ്രവർത്തകരോടു പോലും സാമൂഹിക അകലം പാലിക്കണം. സുരക്ഷ പ്രോട്ടോക്കോൾ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കു കൃത്യമായ പരിശീലനം നൽകണം– ഡോ. രാജീവ് ജയദേവൻ പറഞ്ഞു.

ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ടത്

∙ കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുകയും സാനിറ്റൈസ് ചെയ്യുകയും വേണം. ഗ്ലൗസ് ഇടുന്നതിനു മുൻപു ശേഷവും കൈ കഴുകുക.

∙ ആരോഗ്യ പ്രവർത്തകർ തുണി കൊണ്ടുള്ള മാസ്ക് ഉപയോഗിക്കരുത്. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന സർജിക്കൽ മാസ്കുകൾ തന്നെ ഉപയോഗിക്കണം.

∙ പിപിഇ നിഷ്കർഷിച്ചിട്ടുള്ള ഇടങ്ങളിൽ അതില്ലാതെ രോഗിയെ പരിചരിക്കരുത്. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രോഗം പകരാനുള്ള സാധ്യത ഏറുമെന്നോർക്കുക.

∙ കൈവിരലുകൾ മുഖത്തേക്കു കൊണ്ടു വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ മുന്നിലെത്തുന്ന എല്ലാവരും കൊറോണ വൈറസ് വാഹകരാണെന്നു കരുതിയുള്ള മുൻകരുതലുകളെടുക്കണം.

∙ പനി, ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങളുള്ളവരെ പരിചരിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം.

∙ ലിഫ്റ്റ് പരമാവധി ഒഴിവാക്കാം. ലിഫ്റ്റിലെ അന്തരീക്ഷം രോഗപകർച്ചയ്ക്കു കാരണമാകാം. ലിഫ്റ്റിലെ ബട്ടണുകളിലും വൈറസ് ഉണ്ടാവാം.

∙ ജോലി കഴിഞ്ഞാൽ മാസ്ക്, ഗ്ലൗ എന്നിവ അതതു ബിന്നുകളിൽ നിക്ഷേപിക്കുക. ഉപയോഗിച്ചിരുന്ന പേന, കത്രിക, കണ്ണട, മൊബൈൽ ഫോൺ എന്നിവ അണുവിമുക്തമാക്കണം.

∙ ഡ്യൂട്ടി സമയത്തെ യൂണിഫോം ധരിച്ച് ആശുപത്രിക്കു പുറത്തേക്കു യാത്ര വേണ്ട.

∙ വീട്ടിൽ എത്തിയാൽ ആദ്യം കൈ സോപ്പിട്ടു കഴുകുക, പിന്നീട് കുളിക്കുക.

∙ ഡ്യൂട്ടി സമയത്ത് ധരിച്ച വസ്ത്രങ്ങൾ അപ്പോൾ തന്നെ അലക്കുക.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. രാജീവ് ജയദേവൻ, പ്രസിഡന്റ്, ഐഎംഎ കൊച്ചി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com