ADVERTISEMENT

മെയ്‌മാസം 31 പുകയില വിരുദ്ധ ദിനമായി (World No Tobacco Day) ലോകം മുഴുവൻ ആചരിക്കുകയാണ്. പുകയില ഉപയോഗിക്കുന്ന  വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും സമൂഹത്തിന് മൊത്തമായും ഉണ്ടാകുന്ന നാശ നഷ്ടങ്ങളെപ്പറ്റി അവരെ  ബോധവാന്മാരാക്കുന്നതിനും പുകയില ഉപയോഗം നിർത്താൻ അവരെ പ്രേരിപ്പിക്കുന്നതിനുമായിട്ടാണ് ഈ ദിവസം  ആചരിക്കുന്നത്.

പുകവലിക്കുന്നവർ സ്വന്തം വീട്ടിലും ജോലി സ്ഥലത്തും പൊതു സ്ഥലത്തും  ഉള്ളവരെ പുകയിലജന്യ രോഗങ്ങളിലേക്ക് തള്ളി വിടുന്നു(Second Hand Smoke). അതിനാൽ പുകവലി സമൂഹത്തോട് നടത്തുന്ന ഒരു വെല്ലുവിളിയായി കണക്കാക്കണം.

നമുക്ക് പേരറിയാവുന്ന മിക്ക രോഗങ്ങൾക്കും കാരണം പുകയില പുക നേരിട്ടോ അല്ലാതെയോ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നതാണ്‌.

കൊറോണയും പുകവലിയുമായി എന്താണ് ബന്ധം? കൊറോണ മരണ നിരക്ക് കൂടുന്നതും വൈറസ് ബാധ പടരുന്നതും പ്രധാനമായി ഇമ്മ്യൂണിറ്റി കുറവുള്ളവർ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, കാൻസർ  രോഗികൾ, ഹൃദ്രോഗം ഉള്ളവർ, പ്രമേഹരോഗികൾ  എന്നിവരിലാണ്. 

കൊറോണ പ്രതിരോധം മനസിലാക്കാൻ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം ഒന്നു മനസിലാക്കാം. ഏതാണ്ട് 8 ലക്ഷം കോടി കോശങ്ങളാണ് രോഗപ്രതി രോധത്തിനായി ശരീരത്തിൽ  ഉള്ളത്  അതിലൊരു വിഭാഗമാണ് ശ്വേതാണുക്കൾ (WBC). അതിലുള്ള ലിംഫോസൈറ്റ്സ് ആണ് വൈറസ് ബാധ തടയാൻ നമ്മെ സഹായിക്കുന്നത്. 

ഇവരിൽതന്നെ രണ്ട് വിഭാഗങ്ങൾ ഉണ്ട്. ബി കോശങ്ങളും ടി കോശങ്ങളും(B Cells, T Cells). അതിൽ ബി സെല്ലുകൾ മിലിട്ടറി ഇന്റലിജൻസ് പോലെയാണ്. ടാർഗറ്റ് കണ്ടുപിടിച്ചു സിഗ്നൽ കൊടുക്കുന്നു. ടി സെല്ലുകൾ പട്ടാളക്കാരെപോലെയും, ബി കോശങ്ങൾ കണ്ടുപിടിച്ച ടാർഗറ്റ് നശിപ്പിച്ചു കളയുന്നു.

ശരീരത്തിൽ വൈറസ് കയറിയാൽ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിലെ ബി കോശങ്ങൾ പ്രവർത്തനനിരതമാകുകയും Interferon (ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്നതും പല രോഗാണുക്കളെയും നിരോധിക്കുന്നതുമായ പ്രോട്ടീന്‍) പുറപ്പെടുവിക്കുകയും, അസുഖം ബാധിച്ച കോശത്തെ നശിപ്പിക്കാൻ ടി വിഭാഗത്തിൽപ്പെട്ട Natural  Killer കോശങ്ങൾക്ക് സിഗ്നൽ കൊടുക്കുകയും ചെയ്യുന്നു.

ഈ ബാലൻസ് തെറ്റിയാൽ നമ്മൾ വൈറസ് ബാധയാൽ മരണപ്പെടുന്നു. കൊറോണയിൽ നിന്നു രക്ഷപ്പെടാൻ പ്രതിരോധ ശേഷി എത്രത്തോളം  അത്യാവശ്യമാണ് എന്ന് മനസിലായി കാണുമല്ലോ.

പുകവലിക്കാരുടെ  ഇമ്മ്യൂണിറ്റി  രണ്ടുരീതിയിലാണ് തകരാറിലാകുന്നത് 

1. പുകയിലയിൽ ഏതാണ്ട് 7000 ത്തോളം ഹാനികരമായ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട് (chemicals and chemical compounds). ഈ  പദാർഥങ്ങൾ  മജ്ജയിൽ ഉണ്ടാക്കപ്പെടുന്ന ലിംഫോസൈറ്റുകളുടെ എണ്ണം കുറയ്ക്കുകയോ അല്ലെങ്കിൽ പ്രവർത്തന വൈകല്യം ഉണ്ടാക്കുകയോ  ചെയ്യുന്നു. 

2. Free radical injury അഥവാ oxidative stress.  നമ്മുടെ ശരീരത്തിൽ നടക്കുന്ന  രാസപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകൾ ശരീരത്തിലെ കോശങ്ങൾക്ക്  ദോഷകരമാണ്.  ശരീരം ആന്റിഓക്സിഡന്റുകൾ ഉപയോഗിച്ച് ഇവയെ  നശിപ്പിക്കുകയാണ് പതിവ്.

ഈ ബാലൻസ് തെറ്റിയാൽ നമ്മുടെ പ്രതിരോധ ശേഷിയും(ഇമ്മ്യൂണിറ്റി )വല്ലാതെ  നശിച്ചുപോകും.

പുകവലി ഈ ഫ്രീ റാഡിക്കലുകളുടെ അളവ് വല്ലാതെ കൂട്ടും. അപ്പോൾ  ശരീരത്തിന്റെ  ഓക്സിഡേറ്റീവ്  സ്ട്രെസ് കൂടുകയും  ബി  സെൽ, ടി  സെൽ  പ്രവർത്തനം  മന്ദീ ഭവിക്കുകയും ചെയ്യുന്നു.  അതിനാൽ  പുകവലിക്കാർ  എപ്പോഴും  ഇമ്മ്യൂണിറ്റി  കുറവുള്ളവർ ആയിരിക്കും. കൊറോണയ്ക്ക് ഇവരെ കീഴ്പ്പെടുത്താൻ  എളുപ്പമാണ്. 

കൂടാതെ പുകവലി നേരിട്ട്  ശ്വാസകോശപ്രവർത്തനം താറുമാറാക്കുന്നതിനാൽ കോവിഡ്ബാധ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുകയും  ചെയ്യുന്നു. തൊണ്ടയും വായും മൂക്കുമെല്ലാം പുകവലി മൂലം പ്രവർത്തനക്ഷമമല്ലാത്തതിനാൽ രോഗം ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ ഈ മഹാമാരിയിൽ നിന്നു രക്ഷപെടാൻ നമുക്ക് പുകവലി ഉപേക്ഷിക്കാം. അപ്പോൾ നിങ്ങൾ പറയുമായിരിക്കും ഞാൻ ഇത്രനാളും പുകവലിച്ചില്ലേ ഇപ്പോൾ നിർത്തിയാൽ എന്തെങ്കിലും പ്രയോജനം ലഭിക്കുമോ? തീർച്ചയായും. 

പുകവലി നിർത്തിയാൽ,

After 1 hour: ഹൃദയമിടിപ്പ് നോർമൽ അകാൻ തുടങ്ങുന്നു.

After 12 hours: ശരീരത്തിലെ കാർബൺ മോണോക്സൈഡ് കുറയുന്നു. ഓക്സിജൻ നോർമൽ ആകുന്നു.

After one day: ഹാർട്ട് അറ്റാക്ക് സാധ്യത കുറയുന്നു. രക്തസമ്മർദ്ദം സാധാരണനിലയിലേക്ക്.

After two days: രുചിയും മണവും നന്നാവുന്നു, ലോക്കൽ ഇമ്മ്യൂണിറ്റി  കൂടുന്നു 

After three days: അൽപം പ്രശ്നങ്ങൾ - Nicotine Withdrawal - വലിക്കാനു ള്ള തോന്നൽ - ഇത് കടന്നു കിട്ടിയാൽ ആദ്യത്തെ കടമ്പ കടന്നു എന്ന് വേണം കരുതാൻ .

After one month: ശ്വാസകോശ പ്രവർത്തനം നന്നാവാൻ തുടങ്ങുന്നു. കഫകെട്ട്  കുറയുന്നു 

After 1 - 3 months: രക്തയോട്ടം സാധാരണ നിലയിലേക്ക്.

After 9 months: ശ്വാസകോശത്തിന്റെ ഭിത്തികൾ കുറച്ചുകൂടെ സാധാരണ നിലയിലേക്ക് - smokers cough കുറയുന്നു.

After 1 year: ഹാർട്ട് അറ്റാക്ക് സാധ്യത പകുതിയായി കുറയുന്നു.

After 5  years: ശരീരത്തിലെ രക്തയോട്ടം ഏതാണ്ട് പുകവലിക്കാത്തവരുടെ നിലയിലേക്ക് എത്തുന്നു.

After 10 years: ശ്വാസകോശ അർബുദ നിരക്ക് കുറയുന്നു.

After 15 years: ഹാർട്ട് അറ്റാക്ക് നിരക്ക് പുകവലിക്കാത്തവരുടെ ഒപ്പം ആകുന്നു.

After 20 years: മരണ നിരക്ക് പുകവലിക്കാത്തവരുടെ ഒപ്പം എത്തുന്നു.

കാൻസർ ഉണ്ടാവാനുള്ള സാധ്യതാ 5 വർഷം കൊണ്ട് പകുതിയായി മാറും. ഈ ലോക പുകയില വിരുദ്ധ ദിനത്തിൽ കൊറോണയിൽ നിന്നു രക്ഷപെടാൻ പുകവലിയോട് നമുക്ക് നോ പറയാം.

(കോട്ടയം കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഓങ്കോ സർജൻ ആണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com