ADVERTISEMENT

കോവിഡ്-19 രോഗികളില്‍ ആരോഗ്യസ്ഥിതി വഷളാകുന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ് പെട്ടെന്ന് താഴേക്ക് പതിക്കുന്ന ശരീരത്തിലെ ഓക്‌സിജന്റെ അളവ്. ഇത് രക്തചംക്രമണത്തിന്റെ താളെ തെറ്റിക്കുകയും ശ്വാസതടസ്സമുണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍തന്നെ കോവിഡ് രോഗികള്‍ അവരുടെ ശരീരത്തിലെ ഓക്‌സിജന്റെ നില നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കണം. ഇതിനായി വീട്ടില്‍തന്നെ ഐസൊലേഷനിലുള്ള കോവിഡ് രോഗികള്‍ക്കെല്ലാം സൗജന്യമായി പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രഖ്യാപിച്ചു. 

പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയാല്‍ രോഗികള്‍ക്ക് വീട്ടില്‍തന്നെ ഓക്‌സിജന്‍ സിലിണ്ടറും ഗവണ്‍മെന്റ് ലഭ്യമാക്കും. രോഗി അടുത്തുള്ള കോവിഡ്-19 ആരോഗ്യ കേന്ദ്രത്തിലെത്തുന്നതുവരെ നില വഷളാകാതിരിക്കാന്‍ ഇത് സഹായിക്കും. രോഗം ഭേദമാകുന്നവര്‍ ഈ ഓക്‌സിമീറ്ററുകള്‍ ഗവണ്‍മെന്റിന് തിരികെ നല്‍കണം. ഒരു ലക്ഷത്തോളം പള്‍സ് ഓക്‌സിമീറ്ററുകളാണ് ഡല്‍ഹി ഗവണ്‍മെന്റ് ഇതിനായി വാങ്ങുന്നത്. 

നിലവിലെ മാര്‍ഗരേഖയനുസരിച്ച് ഒരു കോവിഡ് രോഗിയുടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ 90 ശതമാനത്തിലോ അതിലും താഴേക്കോ വന്നാല്‍ ആ രോഗിയെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിക്കണം.(സാധാരണ റേഞ്ച് 95 മുതല്‍ 100 ശതമാനം). 

വിരല്‍ത്തുമ്പില്‍ ഘടിപ്പിക്കുന്ന ക്ലിപ്പ് ഓണ്‍ യന്ത്രമായ പള്‍സ് ഓക്‌സിമീറ്ററിന് 1000 മുതല്‍ 3000 രൂപ വരെയാണ് വില. കാല്‍വിരലുകളിലും ചെവിയിലും വേണമെങ്കിലും ഇവ ഘടിപ്പിക്കാം. 

രക്തത്തിലൂടെ ചെറിയ പ്രകാശകിരണങ്ങള്‍ കടത്തി വിട്ടാണ് പള്‍സ് ഓക്‌സിമീറ്റര്‍ ഓക്‌സിജന്‍ നില അളക്കുന്നത്. ശരീരത്തിലെ ഓക്‌സിജന്‍ നില മാത്രമല്ല, ഹൃദയമിടിപ്പും ഈ യന്ത്രം അളക്കും. 

രക്തത്തിലെ ഓക്‌സിജന്റെ നില നിരീക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ആര്‍ട്ടീരിയല്‍ ബ്ലഡ് ഗ്യാസ് അഥവാ എബിജി ടെസ്റ്റാണ്. ഇതിനായി ധമനികളില്‍ നിന്ന് രക്ത സാംപിള്‍ എടുക്കണമെന്നതിനാല്‍ ഇത് വീട്ടില്‍  ചെയ്യാന്‍ ബുദ്ധിമുട്ടാകും. ഇതിനെ അപേക്ഷിച്ച് എളുപ്പത്തിലും വേഗത്തിലും ഓക്‌സിജന്‍ നില അറിയാന്‍ പള്‍സ് ഓക്‌സിമീറ്റര്‍ സഹായിക്കും.

രോഗലക്ഷണങ്ങളില്ലാത്ത രോഗികളും ശരീരത്തിലെ ഓക്‌സിജന്‍ നില നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓക്‌സിജന്റെ അളവ് നിശ്ശബ്ദം കുറയുന്നത് രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളില്‍ ഹൃദയാഘാതം ഉണ്ടാക്കാം. ഇവിടെയാണ് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്ന എല്ലാ കോവിഡ് രോഗികളും പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കേണ്ടതിന്റെ പ്രസക്തി.

English Summary: Delhi govt to provide pulse oximeters to COVID-19 patients in home isolation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com