ADVERTISEMENT

ഷാന്റല്ല ബ്രൗൺ യങ്, ഒരു കനേഡിയൻ സുന്ദരിക്കുട്ടി. ഏതൊരു പെൺകുട്ടിയെയും പോലെ സഹോദരിമാർക്കൊപ്പം പൂമ്പാറ്റയെ പോലെ പറന്നു നടന്ന കുട്ടിക്കാലം.

നാലാം വയസ്സിൽ യാദൃച്ഛികമായാണ് മുഖത്തു ഒരു നിറവ്യത്യാസം അമ്മ ശ്രദ്ധിക്കുന്നത്. പരിശോധനകൾക്കു ശേഷം വെള്ളപ്പാണ്ട് (വിറ്റിലിഗോ) എന്ന രോഗമാണ് എന്ന് ഡോക്ടർ. തുടക്കത്തിൽ കുഞ്ഞു ഷാന്റല്ലക്കു കാര്യം ഒന്നും പിടികിട്ടിയിലെങ്കിലും ക്രമേണ കാര്യങ്ങൾ മാറി മറിഞ്ഞു. ശരീരത്തിൽ കൂടുതൽ പാടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ രോഗം പകരുമെന്ന് കരുതി കൂട്ടുകാർ കൂടെ കൂട്ടാതെയായി. പരിഹാസവും ഒറ്റപ്പെടുത്തലും ആ കുഞ്ഞുമനസ്സിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. സീബ്ര എന്ന പരിഹാസം നിറഞ്ഞ വിളി താങ്ങാനാവാതെ പല സ്കൂളുകൾ മാറി. കളിയാക്കലിലും ഒറ്റപ്പെടുത്തലിലും മനം നൊന്ത് ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ച നാളുകൾ. അന്നു നിറകണ്ണുകളോടെ സ്കൂളിന്റെ പടിയിറങ്ങിയ ഷാന്റല്ലയെ പിന്നീടു ലോകം അറിയുന്നത് വർഷങ്ങൾക്കു ശേഷം വെള്ളപ്പാണ്ട് ചിത്രമെഴുതിയ കൈകളുയർത്തി ആത്മാഭിമാനത്തോടെ സദസ്സിനെ അഭിവാദ്യം ചെയ്യുന്ന വിന്നി ഹാർലോ എന്ന ലോക പ്രശസ്ത മോഡലായാണ്. തൊലിയുടെ നിറമല്ല, ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിത്തറ എന്നവൾ തെളിയിച്ചു. ഇന്ന് അവൾ ലോകപ്രശസ്ത മോഡലും വെള്ളപ്പാണ്ട് രോഗത്തിന്റെ വക്താവുമാണ്.

ജൂൺ 25, ലോക വെള്ളപ്പാണ്ട് ദിനമാണ്. ലോക പ്രശസ്ത പോപ്പ് ഗായകൻ മൈക്കൽ ജാക്സന്റെ ചരമദിനം ഇതിനായി തിരഞ്ഞെടുത്തതിനു കാരണം അദ്ദേഹത്തിന് ഈ രോഗം ഉണ്ടായിരുന്നു എന്നതു തന്നെയാണ്.

ലോകജനതയുടെ ഏകദേശം ഒരു ശതമാനത്തെ വർഗ–വംശഭേദമന്യേ വെള്ളപ്പാണ്ട് ബാധിക്കുന്നു. ഏതു പ്രായക്കാരെയും ബാധിക്കാമെങ്കിലും, ചെറുപ്പക്കാരിലാണ് സാധാരണയായി രോഗം കണ്ടു വരുന്നത്.

എന്താണ് വെള്ളപ്പാണ്ട് / വിറ്റിലിഗോ (vitiligo) ?

ചർമത്തിനു നിറം നൽകുന്നത് മെലാനിൻ (melanin) എന്ന പദാർത്ഥമാണ്. ത്വക്കിലെ മെലാനോസൈറ്റ് (melanocyte) കോശങ്ങളാണ് മെലാനിൻ ഉല്പാദിപ്പിക്കുന്നത്. വെള്ളപ്പാണ്ടിൽ ഈ കോശങ്ങൾ നമ്മുടെ തന്നെ പ്രതിരോധശ്രേണിയാൽ നശിപ്പിക്കപ്പെടുന്നു. തന്മൂലം മെലാനോസൈറ്റ് കോശങ്ങൾ ഇല്ലാതെ വരുന്ന ഭാഗങ്ങളിൽ മെലാനിൻ ഉല്പാദിപ്പിക്കാൻ കഴിയാതെ, ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ടു വെള്ളപ്പാടുകൾ രൂപപ്പെടുന്നു.

ശരീരത്തിന്റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമായതിനാൽ വെള്ളപ്പാണ്ട് ഉള്ള രോഗികളിൽ തൈറോയ്ഡ്, പാരാതൈറോയ്‌ഡ്, ഡയബറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ കണ്ടു വരാറുണ്ട്.

വെള്ളപ്പാണ്ട് പകരുമോ?

വെള്ളപ്പാണ്ട് പകരില്ല. എന്നാൽ ഏകദേശം 30 ശതമാനത്തോളം രോഗികളിൽ അടുത്ത ബന്ധുക്കളിലും ഈ രോഗം കണ്ടു വരുന്നതിനാൽ ജനിതകമായ ഘടകങ്ങളും വെള്ളപാണ്ടിനു പിന്നിൽ പ്രവർത്തിക്കുന്നതായി കരുതി വരുന്നു.

ലക്ഷണങ്ങൾ

∙ ശരീരത്തിന്റെ ഏതു ഭാഗത്തു വെള്ളപ്പാടുകൾ പ്രത്യക്ഷപ്പെടാമെങ്കിലും കൈകാലുകളിലും മുഖത്തും ആണ് സാധാരണ കണ്ടു വരാറ്.

∙പേപ്പർ പോലെ വെളുത്ത, ചൊറിച്ചിലോ മറ്റോ ഇല്ലാത്ത പാടുകളാണ് രോഗലക്ഷണം. ഇത്തരം വെള്ളപ്പാടിനുള്ളിലെ രോമങ്ങളും നരച്ചു കാണപ്പെടുന്നു.

∙ പരിക്കുകൾ ഏൽക്കുന്ന മാതൃകയിൽ പുതിയ പാടുകൾ പ്രത്യക്ഷപ്പെടുന്നത് രോഗം ആക്റ്റീവ് ആണ് എന്നതിന്റെ ലക്ഷണമാണ്.

പാടുകൾ കാണപ്പെടുന്ന ശരീരഭാഗങ്ങൾക്ക് അനുസൃതമായി പലതരം വെള്ളപ്പാണ്ട് ഉണ്ട്.

സെഗ്മെന്റൽ വിറ്റിലിഗോ (Segmental Vitiligo)

കുട്ടികളിൽ കൂടുതലായി ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായി കണ്ടു വരുന്ന ഇനമാണിത്.

മുക്കോസൽ വിറ്റിലിഗോ (Mucosal vitiligo)

വായ, ചുണ്ട് തുടങ്ങിയ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്നു.

ലിപ്-ടിപ്പ് അല്ലെങ്കിൽ ഏക്രോ-ഫേഷ്യൽ വിറ്റിലിഗോ (Lip tip or Acrofacial vitiligo)

വിരലുകളുടെ അഗ്രങ്ങളിലും ചുണ്ടിലും ലിംഗാഗ്രത്തിലും കണ്ടു വരുന്നു. താരതമ്യേന മറ്റു തരങ്ങളെ അപേക്ഷിച്ചു നിറം തിരികെ വരാൻ കൂടുതൽ സമയം എടുക്കാനും ദീർഘകാലം ചികിത്സ വേണ്ടി വരാനും സാധ്യത കൂടുതലാണ്, സർജറിയും വേണ്ടി വന്നേക്കാം.

കുറച്ചു ശരീരഭാഗത്തു മാത്രം ഒതുങ്ങി നിൽക്കുന്ന ഫോക്കൽ വിറ്റിലിഗോ (Focal vitiligo), കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്ന ജനറലൈസ്ഡ് വിറ്റിലിഗോ (Generalized vitiligo), ശരീരഭാഗങ്ങളെ ഏകദേശം പൂർണമായും ബാധിക്കുന്ന യൂണിവേഴ്സൽ വിറ്റിലിഗോ (Universal vitiligo) എന്നിവയാണ് മറ്റിനങ്ങൾ.

പരിശോധന

ലക്ഷണങ്ങളാണ് രോഗനിർണയത്തിന്റെ ആധാരശില. അതിനാൽതന്നെ രോഗനിർണയത്തിനായി ടെസ്റ്റുകളുടെ ആവശ്യമില്ല. ഒരു ത്വക് രോഗവിദഗ്ധനു പ്രഥമദൃഷ്ട്യാതന്നെ രോഗനിർണയം സാധ്യമാണ്.

പ്രാരംഭഘട്ടത്തിലെ പാടുകൾക്ക് ചിലപ്പോൾ കുഷ്ഠം, ചുണങ്ങ്, തുടങ്ങിയ മറ്റു രോഗങ്ങളുമായി സാദൃശ്യം തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളിൽ ബയോപ്സി പരിശോധന വേണ്ടി വന്നേക്കാം. മറ്റ് ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടോ എന്നറിയാനായി തൈറോയ്‌ഡ് ഫങ്ഷൻ ടെസ്റ്റ്‌, രക്തത്തിലെ പഞ്ചസാരയുടെ അളവ് മുതലായ ടെസ്റ്റുകൾ ചെയ്യാറുണ്ട്.

ചികിത്സ

പാടുകൾ ചികിൽസിച്ചു പൂർണമായും പൂർവസ്ഥിതിയിൽ ആക്കാവുന്നതാണ്‌. എന്നാൽ, കാലപ്പഴക്കം ചെന്ന രോഗം, രോമങ്ങൾ നരച്ച പാടുകൾ, ശ്ലേഷ്മ സ്തരത്തിലെയും വിരൽ തുമ്പുകളിലെയും പാടുകൾ എന്നിവയിൽ ചികിത്സയോടുള്ള പ്രതികരികരണം താരതമ്യേന കുറവാണ്.

രോഗത്തിന്റെ തീവ്രത, ബാധിച്ച ശരീര ഭാഗങ്ങൾ എന്നിങ്ങനെ പല ഘടകങ്ങൾ അനുസരിച്ചു വിവിധ തരം ചികിത്സാ രീതികൾ നിലവിലുണ്ട്.

ലേപനങ്ങൾ

സ്റ്റിറോയ്ഡ്, ടാക്രോലിമസ് തുടങ്ങി നിരവധി ലേപനങ്ങൾ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയിൽ ലേപനങ്ങൾ മാത്രം മതിയാകും.

ഫോട്ടോതെറാപ്പി

അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങൾ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദർഭങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.

ഗുളികകൾ

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ.

സർജറി

വെള്ളപ്പാടുകൾ ഇല്ലാത്ത തുടയിലെയോ മറ്റോ ചർമം രോഗം ബാധിച്ച ഭാഗത്തേക്ക്‌ പൂർണമായോ മെലാനോസൈറ്റ് കോശങ്ങൾ വേർതിരിച്ചെടുത്തോ ഗ്രാഫ്റ്റ് ചെയ്യാം.

ഓർക്കുക

∙ വെള്ളപ്പാണ്ട് പകരില്ല

∙ ശരിയായ ചികിൽസയിലൂടെ ചർമം പൂർണമായും പൂർവസ്ഥിതിയിലാക്കാൻ സാധിക്കും

∙ വിവേചനമല്ല, വിവേകമാണ് വേണ്ടത്

സൗന്ദര്യമല്ല ആത്മവിശ്വാസമാണ് അഴകെന്നു ലോകത്തെ പഠിപ്പിച്ച മൈക്കേൽ ജാക്‌സണെയും വിന്നി ഹാർലോയേയും സ്മരിച്ചു കൊണ്ടു, വിറ്റിലിഗോ രോഗികളെ ചേർത്തു പിടിച്ചു കൊണ്ട് ഈ ലോക വിറ്റിലിഗോ ദിനം നമുക്ക് ആചരിക്കാം.

English Summary: World vitiligo day, Vitiligo: Symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com