ADVERTISEMENT

മുതിര്‍ന്നവരെ അപേക്ഷിച്ച് കോവിഡ്-19 ബാധിച്ച കുട്ടികളില്‍ ബഹുഭൂരിപക്ഷവും രോഗത്തോട് മെച്ചപ്പെട്ട പ്രതിരോധം കാഴ്ച വച്ചതായി പഠനങ്ങള്‍. 26 രാജ്യങ്ങളിലെ 7780 കുട്ടികളുടെ കോവിഡ് രോഗവിവരങ്ങളുടെ ഡേറ്റ വിശലകനം ചെയ്തു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ടെക്‌സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ളവരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്.

ദ ലാന്‍സെറ്റിന്റെ ജേണലായ ഇ ക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് കോവിഡ് ബാധിച്ച കുട്ടികളില്‍ അഞ്ചിലൊരാള്‍ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചില്ല. 21 ശതമാനം കുട്ടികളുടെ ശ്വാസകോശ എക്‌സ്‌റേയില്‍ നേരിയ തോതിലുള്ള മുറിവ് കോശസംയുക്തങ്ങളില്‍ കണ്ടെത്തി. 

പഠനത്തിന് വിധേയരാക്കിയ കുട്ടികളില്‍ 5.6 ശതമാനത്തിന് കോവിഡിനൊപ്പം പനി പോലെയുള്ള ചില അണുബാധകള്‍ ഉണ്ടായി. 3 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഐസിയു പരിചരണം ആവശ്യമായി വന്നത്. ഏഴു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

കോവിഡ് ബാധിച്ച കുട്ടികളില്‍ ഏറ്റവും കൂടുതലായി കാണപ്പെട്ട ലക്ഷണങ്ങള്‍ പനിയും ചുമയുമാണ്. രോഗലക്ഷണങ്ങളുണ്ടായവരില്‍ 59 ശതമാനം പേരില്‍ പനിയും 56 ശതമാനം പേരില്‍ ചുമയുമാണ് പ്രത്യക്ഷപ്പെട്ടത്. 

ഇതില്‍ 233 കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ പെട്ട രോഗങ്ങളുടെ ചരിത്രമുണ്ടായിട്ടുണ്ട്. 152 കുട്ടികള്‍ രോഗ പ്രതിരോധ സംവിധാനത്തില്‍ പ്രശ്‌നമുള്ളവരും ശ്വാസകോശ, ഹൃദയസംബന്ധമായ രോഗമുള്ളവരുമാണ്. തീവ്രമായ തോതിലുള്ള കോവിഡ് ചില കുട്ടികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത് വളരെ അപൂര്‍വമാണെന്ന് പഠനത്തില്‍ പങ്കെടുത്ത ടെക്‌സാസ് സര്‍വകലാശാലയിലെ ഗവേഷക അല്‍വാരോ മൊറൈര പറയുന്നു. 

ഒന്‍പത് കുട്ടികളില്‍ വീതം കിഡ്‌നി തകരാറും കരള്‍ തകരാറും കണ്ടെത്തി. വെന്റിലേഷന്‍ ആവശ്യമായി വന്നത് 42 കുട്ടികള്‍ക്കാണ്. താരതമ്യേന ഭേദപ്പെട്ടതാണ് കോവിഡിനോടുള്ള കുട്ടികളുടെ പ്രതിരോധമെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

English Sumary: hildren more resilient against Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com