ADVERTISEMENT

'അതെ, ഡോക്ടർ ആർ ടി പി സി ആർ ചെയ്തോ?' അടുക്കളയിൽ റോജിയെ സഹായിക്കാൻ പുതുതായി വരാൻ തയാറായ വനിതയുടെ ചോദ്യം. ചോദ്യങ്ങൾക്ക്‌ കൃത്യമായ ഉത്തരം കിട്ടിയാൽ ജോലിക്കു വരുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നത്രെ നിലപാട്.

ചോദ്യങ്ങൾ തീർന്നില്ല

'ഡോക്ടർ കൊറോണ രോഗികളെ ചികിത്സിക്കുന്നുണ്ടോ?

പി പി ഇ ധരിക്കാറുണ്ടോ ?

ക്വാറന്റീനിലോ ഐസലേഷനിലോ പോയിട്ടുണ്ടോ?

ഉപയോഗിക്കുന്ന മാസ്‌ക് നല്ലതാണോ ?'

എനിക്ക് മതിപ്പു തോന്നി !

ആ വനിതയെ കുറിച്ച് മാത്രമല്ല , മൊത്തം മലയാളികളെ കുറിച്ച്‌.

അതായത് പത്താം തരം വരെ പഠിച്ച വനിതക്ക്

ആർ ടി സി പി സി ആർ, ക്വാറന്റീൻ, ഐസലേഷൻ, പി പി ഇ ഇതൊക്കെ കൃത്യമായി അറിയാം. അദ്ഭുതമൊന്നും വേണ്ട. ഇത് നമ്മുടെ കൊച്ചു കേരളം. കേരളത്തിലെ നേട്ടങ്ങളുടെ അടിസ്ഥാനം കേരളീയരുടെ സാക്ഷരത വിദ്യാഭ്യാസ ആരോഗ്യ അവബോധം ഇവ തന്നെയാണ്.

കോവിഡ് 19 നെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരു അവബോധം സൃഷ്ടിക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങൾ ചെയ്ത പങ്ക് അതിശക്തമാണ്. 24 മണിക്കൂറിൽ 99 ശതമാനവും അവലോകനങ്ങൾക്ക്‌ മാറ്റിവച്ച മാധ്യമങ്ങൾക്ക് നല്ല നമസ്കാരം.

അപ്പോൾ പിന്നെ ഇതും കൂടി ഇരിക്കട്ടെ. മിക്കവാറും എല്ലാർക്കും ഇതൊക്കെ അറിയാം. എന്നാലും ഒട്ടും കൺഫ്യൂഷൻ വേണ്ട.

ആർ ടി പി സി ആർ സ്രവ പരിശോധന 

റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്‌ഷൻ ടെസ്റ്റ്. കോവിഡ്19 ന്റെ ഗോൾഡ് സ്റ്റാൻഡേർഡ് ടെസ്റ്റ്. രോഗം കൺഫോം ചെയ്യുന്നതിന് ഈ ടെസ്റ്റ് ലോകത്തെമ്പാടും ഉപയോഗിച്ചുവരുന്നു.

മോളിക്കുലാർ വൈറോളജി അടിസ്ഥാനമാക്കി കൃത്യമായ സുരക്ഷാ മാർഗങ്ങളുപയോഗിച്ച് വേണം ഈ ടെസ്റ്റുകൾ ചെയ്യുവാൻ. സാംപിൾ ലഭിച്ചാൽ നാലു മുതൽ അഞ്ചു മണിക്കൂർ വരെ റിസൾട്ട് നൽകുവാൻ വേണ്ടി വന്നേക്കും. അതുകൊണ്ടുതന്നെ പ്രത്യേക ലാബോറട്ടറി സംവിധാനങ്ങളും ഉപകരണങ്ങളും ഇതിന് കൂടിയേ കഴിയുകയുള്ളൂ.

ട്രൂ നാട്ട് , സിബിനാറ്റ്

ഇതും സ്രവ പരിശോധനയാണ്. ഈ ടെസ്റ്റുകളുടെ കിറ്റുകൾ ചെറിയ ആശുപത്രികളിൽ പോലും ലഭ്യമായതിനാലാണ് ഈ ടെസ്റ്റുകളും കോവിഡ്19 നായി ഉപയോഗിക്കുന്നത്. ഈ ടെസ്റ്റുകൾ 30 മുതൽ 60 മിനിറ്റിനുള്ളിൽ റിസൽട്ടുകൾ നൽകും എന്നുള്ളതാണ് പ്രത്യേകത. പോസിറ്റീവ് ആയ വ്യക്തിക്ക്‌ ആർ ടി പി സി ആർ ചെയ്യേണ്ടതുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്.

റാപ്പിഡ് പി ഒ സി ആന്റിജൻ ടെസ്റ്റ്

രക്ത പരിശോധന : ഇതിൽ ശരീരത്തിലുള്ള ആന്റിജനുകൾ പരിശോധിക്കുന്നു. പക്ഷേ ഈ ടെസ്റ്റ് പോസിറ്റീവായി വന്നാൽരോഗമുണ്ടെന്നുതന്നെ ഉറപ്പിക്കാം. എന്നാൽ രോഗലക്ഷണം ഉള്ള ആൾക്കാരിൽ നെഗറ്റീവ് റിസൾട്ട് വന്നാലും ആർ ടി സി ആർ ഉപയോഗിച്ചത് നെഗറ്റീവ് ആണെന്ന് കൺഫോം ചെയ്യേണ്ടതുണ്ട്.

ആന്റി ബോഡി ടെസ്റ്റ്

രക്ത പരിശോധന : ഐ ജി ജി , ഐ ജി എം ആന്റിബോഡി ടെസ്റ്റുകൾ ചെയ്യുന്നത് രോഗനിർണയത്തിനല്ല മറിച്ച് രോഗപ്രതിരോധശേഷിയുള്ള ആന്റിബോഡികൾ ശരീരത്തിൽ വന്നിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിന് സീറോ സർവെയ്‌ലൻസ് ഭാഗമായിട്ടാണ്.

ഐ ജി എം ഇപ്പോൾ നിലനിൽക്കുന്ന അണു ബാധയും ഐ ജി ജി രോഗ പ്രതിരോധ ശക്തി കാണിക്കുന്ന ആന്റിബോഡിയുമാണ്

ഭാരതത്തിൽ ഏതാണ്ട് ആയിരത്തിലേറെ ടെസ്റ്റിങ് സെന്ററുകൾ കോവിഡ്-19 ആയി നിലവിലുണ്ട്. ഇതിൽ 730 സർക്കാർ മേഖലയിലും 270 ഓളം സ്വകാര്യമേഖലയിലും

ആർ ടി പി സി ആർ നു 550 സെന്ററുകൾ ട്രൂ നാട്ടിന് 350 സിബി നാറ്റിന് 80ഓളം സ്ഥലങ്ങളിലും ആണ് അനുവദിച്ചിട്ടുള്ളത്

ഇതൊക്കെ ടെസ്റ്റുകളെ കുറിച്ചുള്ള ഒരു സാധാരണ ഔട്ട്‌ലൈൻ.

ഇനി ഈ ടെസ്റ്റുകൾ ആർക്കൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നിലവിലുണ്ട്. മിക്കവർക്കും ഇതെല്ലാം അറിയാമെന്നുറപ്പ്. എങ്കിലും എല്ലാം ഒന്ന്കൂടി ഉറപ്പിച്ചു വയ്ക്കണം. ചോദ്യം എവിടുന്നു വരുന്നുവെന്നറിയില്ലല്ലോ.

മികച്ച ആരോഗ്യ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വവും ആരോഗ്യമേഖലയ്ക്ക് ശക്തിപകർന്നുവെന്നുള്ളതിന് ഒരു സംശയവുമില്ല

എന്നാലും ആ വനിത ഉന്നയിച്ച ചോദ്യാവലി, അതിലൂടെ അവർ വ്യക്തമാക്കിയ ആരോഗ്യ അവബോധം, സാക്ഷരതയും അടിസ്ഥാന വിദ്യാഭ്യാസവും ഇതുതന്നെയാണ് കേരളത്തിലെ ആരോഗ്യമേഖലയിലെ വൻ നേട്ടങ്ങളുടെ ഏറ്റവും പ്രാധാന്യമുള്ള ഘടകമെന്ന് ഒന്നുകൂടെ ഉറക്കെ വിളിച്ചു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com