ADVERTISEMENT

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ ആദ്യത്തെ സൂപ്രണ്ട് ഡോ. മാത്യു വർഗീസ്, മെഡിക്കൽ കോളജ് കാർഡിയോളജി വകുപ്പിന്റെ സ്ഥാപകനും മുൻ വകുപ്പു മേധാവിയുമായ ഡോ. ജോർജ് ജേക്കബ് എന്നിവർ നവതിയുടെ നിറവിൽ. ജൂലൈ ഒന്നിനാണ് ഡോക്ടേഴ്സ് ദിനം 

ഡോ. മാത്യു വർഗീസ്

40 വർഷങ്ങൾക്കു മുൻപാണ് സംഭവം. വാഹനാപകടത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു നുറുങ്ങിയ നിലയിൽ കോട്ടയത്തെ ഒരു വ്യവസായ പ്രമുഖനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയാലും ജീവൻ നിലനിർത്താനാകുമെന്ന് ഉറപ്പില്ല. ‘ഇദ്ദേഹത്തെ അടിയന്തരമായി ട്രക്കിയോസ്റ്റെമിക്കു വിധേയനാക്കണം’ ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ. മാത്യൂ വർഗീസിന്റേതായിരുന്നു നിർദേശം. കഴുത്തിൽ ദ്വാരമിട്ടതിനുശേഷം ശ്വാസനാളത്തെ കൃത്രിമ കുഴലുമായി ബന്ധിപ്പിച്ച് ശ്വസന സഹായം നൽകുന്ന പ്രക്രിയയാണു ട്രക്കിയോസ്റ്റെമി. രണ്ടു വട്ടമെങ്കിലും ആലോചിച്ചതിനു ശേഷം എടുക്കേണ്ട തീരുമാനത്തിനു ഡോ. മാത്യു വർഗീസിനു നിമിഷങ്ങളേ വേണ്ടി വന്നുള്ളു. ട്രക്കിയോസ്റ്റെമിക്കുശേഷം ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ വ്യവസായ പ്രമുഖൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, പൂർണ ആരോഗ്യവാനായിത്തന്നെ!

അപ്രതീക്ഷിതമായതിനെ  തരണം ചെയ്യുന്നതിലുള്ള ഡോ. മാത്യു വർഗീസിന്റെ വൈദഗ്ധ്യം വെളിവാക്കാൻ ഈ ഒരൊറ്റ ഉദാഹരണം മതി. ഇത്തരത്തിലുള്ള സംഭവങ്ങളുടെ നീണ്ട നിരയാണ് ഇദ്ദേഹത്തിന്റെ വിദ്യാർഥികളുടെ പക്കൽ ഉള്ളത്. ആഗ്നേയ ഗ്രന്ധിയുടെ ശസ്ത്രക്രിയയിലൂടെ ആഗോള പ്രശസ്തി നേടിയ കോട്ടയം മെഡിക്കൽ കോളജ് മുൻ സൂപ്രണ്ട് ഡോ.മാത്യു വർഗീസ് കുരുടാമണ്ണിലിന്റെ 90–ാം പിറന്നാൾ ജൂൺ 16ന് ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ജന്മദിനത്തിൽ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ജോസ് ടോം, മുൻ സൂപ്രണ്ടുമാരായ ഡോ.പി.ജി.ആർ പിള്ള, ഡോ.ടിജി തോമസ് ജേക്കബ് എന്നിവർ വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു.

1947ൽ മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. തുടർന്ന് എംഎസും നേടി. ഇംഗ്ലണ്ടിൽ നിന്ന് എഫ്ആർസിഎസ് നേടി. 1959ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസി. പ്രഫസറായി സർക്കാർ സർവീസിൽ പ്രവേശിച്ചു. പിന്നീട് യുഎസിൽ ഉപരിപഠനത്തിനു പോയി. 1964 കോഴിക്കോട് മെഡിക്കൽ കോളജിലും സേവനം ചെയ്തു. കോട്ടയം ജനറൽ ആശുപത്രിയിൽ ആരംഭിച്ച മെഡിക്കൽ കോളജ് ആർപ്പൂക്കരയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുക എന്ന ദൗത്യത്തോടെയാണ് 1968ൽ ഇദ്ദേഹത്തെ സൂപ്രണ്ടായി നിയമിക്കുന്നത്. 1970ൽ മെഡിക്കൽ കോളജിന്റെ ആർപ്പൂക്കരയിലേക്കുള്ള മാറ്റത്തിന് ചുക്കാൻ പിടിച്ചു. സൗമ്യ വ്യക്തിത്വത്തിന് ഉടമയായിരുന്ന ഇദ്ദേഹം ഒരിക്കൽപ്പോലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ലെന്നു സഹപ്രവർത്തകർ ഓർക്കുന്നു. 1986ൽ സർവീസിൽ നിന്നു വിരമിച്ചു.  ആർപ്പൂക്കര ചെമ്മനംപടിക്കു സമീപം വിശ്രമ ജീവതത്തിലുള്ള ഇദ്ദേഹത്തെ കാണാൻ പഴയ വിദ്യാർഥികൾ ഇപ്പോഴും എത്താറുണ്ട്. ഭാര്യ: മേരിക്കുട്ടി. 4 മക്കൾ: വർഗീസ് മാത്യു (എൻജിനീയർ, യുഎസ്), ഡോ. മാത്യു കുര്യൻ (ഇ ആൻഡ് ടി, ഇംഗ്ലണ്ട്), ഡോ. മാത്യു ജോർജ് (സർജൻ, യുഎസ്), ഡോ. ജോൺ മാത്യു (സർജൻ, ഇംഗ്ലണ്ട്). മരുമക്കൾ: അനുപ ( ആർക്കിടെക്ട്, യുഎസ്), ഡോ. മിനി ( പതോളജിസ്റ്റ്, ഇംഗ്ലണ്ട്), മുന്ന ( യുഎസ്), ഡോ. ക്ഷേമ ( ഡെന്റിസ്റ്റ്, ഇംഗ്ലണ്ട്)

ഡോ. ജോർജ് ജേക്കബ്

കൃഷിയും എൻജിനീയറിങ്ങും ഉപേക്ഷിച്ചാണു ഡോ. ജോർജ് ജേക്കബ് വൈദ്യശാസ്ത്രത്തിലേക്കു ചുവടു മാറ്റിയത്. പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞ് അലഹാബാദിലെ അഗ്രികൾചറൽ യൂണിവേഴ്‌സിറ്റിയിലാണ് ആദ്യം പ്രവേശനം കിട്ടിയത്. 

കുറച്ചുനാൾ കഴിഞ്ഞ് കൊൽക്കത്തയിലെ എൻജിനീയറിങ് കോളജിൽ സിലക്‌ഷൻ കിട്ടിയപ്പോൾ അവിടെ ചേർന്നു. അതും കഴിഞ്ഞ് കൊൽക്കത്തയിൽ തന്നെ എംബിബിഎസിനു പ്രവേശനം ലഭിക്കുമ്പോൾ കോഴ്സിനു ചേരാൻ ഡോ. ജോർജ് ജേക്കബ് രണ്ടാമതൊന്നാലോചിച്ചില്ല.  34 ഡോക്ടർമാരുള്ള പാമ്പാടി കോത്തല പുള്ളോലിക്കൽ തറവാട്ടിലെ ആദ്യത്തെ ഡോക്ടറാണ് ഡോ. ജോർജ് ജേക്കബ്, മധ്യ തിരുവിതാംകൂറിലെതന്നെ ആദ്യത്തെ കാർഡിയോളജിസ്റ്റും!

അര നൂറ്റാണ്ടിലേറെ കേരളത്തിന്റെ ഹൃദയത്തിനു കാവൽ നിന്ന ഡോ. ജോർജ് ജേക്കബ് ജൂലൈ 7ന് 90–ാം പിറന്നാൾ ആഘോഷിക്കും. ചികിത്സ തേടിയെത്തുന്ന രോഗിയെ ഒരിക്കൽപ്പോലും ‘പേഷ്യന്റ്’ എന്നു വിളിക്കാത്ത ഡോക്ടറുടെ ജീവിതം പല വിദ്യാർഥികൾക്കും ഇന്നും പാഠപുസ്തകമാണ്. ‘വോട്ട് ഇസ് ദിസ് ജന്റിൽ മാൻ സഫറിങ് ഫ്രം’ ആശുപത്രിയിലെത്തുന്നവരോടു സ്വതസിദ്ധ ശൈലിയിലുള്ള ഇദ്ദേഹത്തിന്റെ ചോദ്യം ഇങ്ങനെ. സൗമ്യ വ്യക്തിത്വം, ചിരിക്കുന്ന മുഖം. ഇതു രണ്ടുമാണു മുഖമുദ്ര.

വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിൽ നിന്നാണ് ചികിത്സ - അധ്യാപന ജീവിതത്തിന്റെ തുടക്കം. 

കൊൽക്കത്ത യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിബിഎസ്. പൂർത്തിയാക്കിയ ശേഷം വെല്ലൂരിൽ റജിസ്‌ട്രാർ ഇൻ കാർഡിയോളജി ആൻഡ് ജനറൽ മെഡിസിൻ ആയി ചേർന്നു. 1955 മുതൽ 60 വരെ ജോലി ചെയ്‌ത ശേഷം ഇംഗ്ലണ്ടിലേക്കു പോയി. 

യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്‌റ്റോളിൽ കാർഡിയോളജി വിഭാഗം റജിസ്ട്രാറായി 1964 വരെ പ്രവർത്തിച്ചു. പിന്നീടു കേരളത്തിൽ തിരിച്ചെത്തി കോട്ടയം മെഡിക്കൽ കോളജിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ അസി. പ്രഫസറായി. 1970ൽ കാർഡിയോളജി വിഭാഗത്തിന്റെ തുടക്കംമുതൽ പ്രഫസറും വകുപ്പു തലവനുമായി. 1986ൽ വിരമിച്ചു. പിന്നീട് കാരിത്താസ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ തലവനായി.

കോട്ടയത്ത് ആദ്യമായി ഹൃദ്രോഗ ചികിൽസ തുടങ്ങിയതും മെഡിക്കൽ കോളജിൽ പ്രത്യേക വിഭാഗം ആരംഭിച്ചതും ഇക്കോ ലാബ്, കാർഡിയാക് കത്തീറ്ററൈസേഷൻ എന്നിവ തുടങ്ങാൻ നേതൃത്വം നൽകിയതും ഇദ്ദേഹമാണ്.

 26 വർഷം കാരിത്താസിൽ ജോലി ചെയ്തതിനുശേഷം ഇപ്പോൾ സംക്രാന്തിയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്നു.

ഭാര്യ ഡോ. മേരി ജോർജ് കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ അനസ്‌തീസിയ വിദഗ്‌ധയാണ്. മക്കൾ: ദീപ ജോർജ്, ഡോ. തോമസ് ജോർജ് (കാർഡിയോളജിസ്റ്റ്, കാരിത്താസ് ആശുപത്രി). ഡോ. അനില ജോർജ് (പീഡിയാട്രീഷ്യൻ, യുഎസ്). മരുമക്കൾ: ജോർജ് പോൾ (ന്യൂഡൽഹി), സ്നേഹ തോമസ്,ഡോ. അജിത് തോമസ് (ന്യൂറോളജസ്റ്റ്, യുഎസ്)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com