ADVERTISEMENT

ഇന്ത്യയെപ്പോലെ ചൂടും ഈര്‍പ്പവും കൂടിയ ഉഷ്ണമേഖലാ പ്രദേശത്തെ കാലാവസ്ഥയില്‍ കോവിഡ്-19 നിലനില്‍ക്കില്ലെന്നായിരുന്നു വുഹാനില്‍ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പലരുടെയും ധാരണ. പക്ഷേ, ഇപ്പോള്‍ രാജ്യത്ത് അഞ്ച് ലക്ഷവും കടന്ന് മുന്നേറുകയാണ് രോഗബാധിതരുടെ എണ്ണം. ചൂട് മാറി പല സ്ഥലങ്ങളിലും കാലവര്‍ഷം തുടങ്ങിയതോടെയാണ് ഇത് സംഭവിക്കുന്നതെന്നു കരുതുന്നവരുണ്ട്. 

എന്നാല്‍ ഇത്തരം വാദങ്ങള്‍ക്കൊന്നും ശാസ്ത്രീയമായി അടിസ്ഥാനമില്ലെന്നും കോവിഡിനൊരു കാലാവസ്ഥാ ക്രമം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഹാര്‍വഡ് സര്‍വകലാശാലയില്‍ പൊതുജനാരോഗ്യത്തെ കുറിച്ച് പഠനം നടത്തുന്ന ഡോ. മൃണാളിനി ദര്‍സ്‌വാള്‍ പറയുന്നു. ചൂട്, മഴ, തണുപ്പ് എന്നിങ്ങനെ കാലാവസ്ഥ ഒരു മുഴുനീള വട്ടം പൂര്‍ത്തിയാക്കിയാലല്ലാതെ കോവിഡും കാലാവസ്ഥാ മാറ്റവും തമ്മിലുള്ള ബന്ധം നിര്‍ണയിക്കാനാകില്ല. എന്നിരുന്നാലും കൂടുതല്‍ കോവിഡ് കേസുകള്‍ നാളിതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ചൂടുള്ളതും കുറഞ്ഞ ഈര്‍പ്പമുള്ളതുമായ പ്രദേശങ്ങളിലാണെന്നും ഡോ. മൃണാളിനി പറയുന്നു.

ഇന്ത്യയില്‍ കോവിഡ് ബാധയുടെ ആദ്യ തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും ഈ ഗവേഷക അഭിപ്രായപ്പെടുന്നു. കോവിഡ് പൂര്‍ണമായും അപ്രത്യക്ഷമാകാന്‍ പോകുന്നില്ലെന്നും എച്ച്‌ഐവിയുടെ  കാര്യത്തിലെന്ന പോലെ അതിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നും ഡോ. മൃണാളിനി ചൂണ്ടിക്കാട്ടുന്നു. വാക്‌സിന്‍ കണ്ടെത്തി എല്ലാവരും ഇതെടുക്കും വരെ ഈ ഭീഷണി നിലനില്‍ക്കും. അതേവരെ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകള്‍ കഴുകിയും തിരക്കുകള്‍ ഒഴിവാക്കിയും പട്ടാളച്ചിട്ടയോടെ ജീവിക്കേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികള്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും അവരെ കണ്ടെത്താന്‍ വ്യാപകമായ പരിശോധന കൂടിയേ തീരൂ എന്നും ഐഎഎസ് ഉദ്യോഗസ്ഥ കൂടിയായ ഈ ഗവേഷക അടിവരയിട്ടു പറയുന്നു. മെഡിക്കല്‍ അടിസ്ഥാനസൗകര്യ വികസനം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. കുറഞ്ഞ രോഗനിരക്ക് ഉണ്ടായിട്ടു കൂടി ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്തിയ ഒഡീഷ പോലുള്ള സംസ്ഥാനങ്ങള്‍ മാതൃകയാണ്.  ഓരോ സംസ്ഥാനവും കോവിഡ് അനുബന്ധ ഡേറ്റ തത്സമയം ശേഖരിക്കണമെന്നും അവ 100 ശതമാനം സത്യസന്ധമാകണമെന്നും ഡോ. മൃണാളിനി നിര്‍ദ്ദേശിക്കുന്നു. 

ഒഡീഷ കേഡറിലെ 2002 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ഡോ. മൃണാളിനി. ആരോഗ്യ മന്ത്രാലയത്തില്‍ സ്‌പെഷല്‍ സെക്രട്ടറി, ഡല്‍ഹി ഹെല്‍ത്ത് ആന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com