കൊറോണ മാറ്റിമറിച്ച ഡോക്ടർമാരുടെ ജീവിതം; കോവിഡ്‌കാലത്ത് എങ്ങനെയാണ് അവരുടെ ഒരു ദിനം?

SHARE

‘ഇത് ഞങ്ങളുടെ ജോലിയല്ലേ, എന്നും ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ. കോവിഡ് അതിൽ കുറച്ചു മാറ്റം വരുത്തിയെന്നു മാത്രം...’ പുതിയ കൊറോണ വൈറസിനെതിരെ പോരാടുന്ന കേരളത്തിലെ ഡോക്ടർമാരിലൊരാളുടെ വാക്കുകളാണിത്. മഹത്വവൽക്കരിക്കാവുന്ന കാര്യങ്ങളല്ല ചെയ്യുന്നത് എന്നു പറയുമ്പോഴും പുറംലോകത്തുള്ളവരെ സംബന്ധിച്ചിടത്തോളം മഹത്വപൂർണമാവുകയാണ് കോവിഡ്‌കാലത്തെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ജീവിതം. കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാരിൽ ഭൂരിപക്ഷവും കുടുംബവുമായി അകന്ന് ഒറ്റയ്ക്കു കഴിയുകയാണ്. മാസങ്ങളായുള്ള ഈ ജീവിതരീതി എന്നുവരെ തുടരേണ്ടി വരും എന്നു പോലും തിരിച്ചറിയാനാകാത്ത അവസ്ഥ. എങ്ങനെയാണ് കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ ഒരു ദിവസം കടന്നു പോകുന്നത്...? ഈ ‘ഡോക്ടേഴ്സ് ഡേ’യിൽ അടുത്തറിയാം ആ ജീവിതം, ഒരു ഡോക്ടറുടെതന്നെ വാക്കുകളിലൂടെ...

doctor-s-day-wake-up

പതിവുപോലെ അതിരാവിലെ എഴുന്നേൽക്കുന്നു, കുളിക്കുന്നു. പഴ്സനൽ പ്രൊട്ടക്റ്റിവ് എക്യുപ്‌മെന്റ് (പിപിഇ) ധരിക്കേണ്ടതിനാൽ കട്ടി കുറഞ്ഞ രീതിയിലുള്ള കോട്ടൺ വസ്ത്രങ്ങളാകും തിരഞ്ഞെടുക്കുക. കോവിഡ് ഡ്യൂട്ടിയിലുള്ള ഭൂരിപക്ഷം ഡോക്ടർമാരും ഇപ്പോൾ കുടുംബങ്ങളിൽനിന്ന് അകന്നു കഴിയുകയാണ്. അതിനാൽത്തന്നെ പ്രാതൽ ഒറ്റയ്ക്കാണ്. മനസ്സു നിറയെ ആശുപത്രിയിലെ കാര്യങ്ങളായതിനാൽ പലപ്പോഴും പ്രാതൽ കഴിച്ചെന്നു വരുത്തും. ഒറ്റയ്ക്കാകുമ്പോൾ പ്രത്യേകിച്ച്.

doctor-s-day-ppe-kit

ഡ്യൂട്ടി സമയം തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപ് ആശുപത്രിയിൽ എത്തും. പിപിഇ ധരിക്കാൻ 10–15 മിനിറ്റ് വരെ എടുക്കാം. പിപിഇ ധരിച്ചു കഴിഞ്ഞാൽ റൗണ്ട്സിനു പോകേണ്ട ഡോക്ടർമാർ അതിനും അല്ലാത്തവർ ഓപിയിലും ഇരിക്കും. പ്ലാസ്റ്റിക് കവറിലാക്കിയായിരിക്കും ഫോൺ സൂക്ഷിക്കുക. ഷിഫ്റ്റിലേക്കു മാറിക്കഴിഞ്ഞാൽ മാസ്ക് മാറ്റാൻ പാടില്ല, അതിന്മേൽ സ്പർശിക്കരുത്, വെള്ളം പോലും കുടിക്കാൻ സാധിക്കില്ല. അതിനിടയിൽ ചൂടെടുത്ത് വിയർത്തൊലിക്കും, ഇടയ്ക്ക് ശുചിമുറിയിൽ പോകാനും സാധിക്കില്ല. ആറു മണിക്കൂറാണ് പിപിഇയുടെ കാലാവധി. അത്രയും സമയം ഈ രീതിയിൽ തുടരണം.

doctor-s-day-food

ഡ്യൂട്ടി സമയം കഴിയുമ്പോൾ പിപിഇ അഴിച്ച് ആശുപത്രിയിലെ നിർദിഷ്ട ബാസ്കറ്റിൽ ഇടും. ചില ഡോക്ടർമാർ അവിടുന്നുതന്നെ കുളിച്ച് വീട്ടിലേക്കു പോകും. അല്ലാത്തവർ വീട്ടിലെത്തി പുറത്തുനിന്നു കുളിച്ച് വസ്ത്രങ്ങളെല്ലാം കഴുകി ഫ്രഷ് ആയശേഷം വീട്ടിനകത്തേക്കു കയറും. പിപിഇ ധരിച്ചുള്ള ആറു മണിക്കൂർ നേരത്തെ പ്രവര്‍ത്തനം ഡോക്ടർമാരെ തളർത്തിയിട്ടുണ്ടാകും. അതിനാൽത്തന്നെ ഭക്ഷണമുണ്ടാക്കാൻ പോലും പലർക്കും മടുപ്പാണ്. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യമൊക്കെ അഡ്ജസ്റ്റ്മെന്റാണ്. ചിലപ്പോൾ പുറത്തുനിന്നു വാങ്ങിക്കഴിക്കും. വീട്ടിൽ ഒറ്റയ്ക്കിരുന്നുള്ള ഭക്ഷണം കഴിക്കലാണ് ഏറെ സങ്കടകരം.

doctor-s-day-covid-testing

കോവിഡ് സ്പെഷൽ ഡ്യൂട്ടി ഷിഫ്റ്റ് ആയതിനാൽത്തന്നെ ആ സമയത്ത് ജോലിഭാരം ഉണ്ടെങ്കിലും അല്ലാത്ത സമയത്തു വിശ്രമം ലഭിക്കും. കുടുംബം കൂടെ ഉള്ളവർക്ക്, വനിതാ ഡോക്ടർമാരെ സംബന്ധിച്ച് പ്രത്യേകിച്ച്, വീട്ടുകാര്യങ്ങൾ കൂടി നോക്കേണ്ടി വരുമ്പോൾ ബുദ്ധിമുട്ട് സ്വാഭാവികം. ഇതിനിടെ എന്തെങ്കിലും രോഗലക്ഷണങ്ങൾ വന്നാൽ ടെൻഷനാണ്. ഉടൻ ടെസ്റ്റിനു വിധേയരാകും. ചെറിയ അസുഖങ്ങളായാലും നൽകുന്ന സമ്മർദം വലുതാണ്. ഫലം വരുന്നതു വരെ ഈ സമ്മർദം തുടരും. നമുക്ക് രോഗം വരുമോ എന്നതിലല്ല, നമ്മളിലൂടെ മറ്റ് എത്ര പേർക്ക് കിട്ടുമെന്ന് ഓർത്തുള്ള ടെൻഷനാണ്. വീട്ടുകാരുടെ പിന്തുണയാണ് ഈ സമയത്ത് ഏറ്റവും വലുത്.

Covid Doctor's Day
ചിത്രീകരണം: ജെയിൻ ഡേവിഡ്.എം.

വീട്ടിൽ തിരിച്ചെത്തിയാലും നമ്മൾ പരിശോധിച്ച രോഗിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഇടയ്ക്കിടെ ഫോൺകോളുകൾ വരും. അസുഖം ഗുരുതരമായാൽ ആശുപത്രിയിലേക്കു തിരികെ പോകേണ്ടി വരും. വിവിധ ഗ്രൂപ്പിൽപ്പെട്ടവരുടെ രക്തം ഉൾപ്പെടെ ആശുപത്രിയില്‍ എല്ലാം ആവശ്യത്തിന് ലഭ്യമാണോയെന്ന ‘ലോജിസ്റ്റിക്സ്’ കാര്യവും ഡോക്ടർമാരുടെ കണ്ണെത്തേണ്ടയിടങ്ങളാണ്‌. ചില ദിവസങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട വിഡിയോ കോൺഫറൻസിലും പങ്കെടുക്കേണ്ടി വരും. എല്ലാ ദിവസവും ഒരേ ഷിഫ്റ്റായിരിക്കില്ല ഡോക്ടർമാർക്ക്. അതോടെ മൊത്തത്തിലുള്ള ‘ബയോളജിക്കൽ ക്ലോക്കും’ താറുമാറാകും. ശരിയായ ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കമില്ലായ്മ, ക്രമം തെറ്റിയ ഭക്ഷണം തുടങ്ങിയ പ്രശ്നങ്ങളാണ് ഭൂരിഭാഗം പേർക്കും.

എന്നു തീരുമെന്ന് ഒരു ധാരണയുമില്ലാത്ത വിധത്തിലാണിപ്പോൾ കോവിഡ് ഡ്യൂട്ടി. ദിവസംതോറും കേസുകളുടെ എണ്ണം കൂടുകയാണ്, ജനത്തിന്റെ ജാഗ്രത കുറയുന്നതായും തോന്നുന്നു. ‘ലിവിങ് വിത് കൊറോണ’ എന്നതു മാറി ‘ലിവിങ് ഫോർ കൊറോണ’ എന്ന രീതിയിലായിട്ടുണ്ട് കാര്യങ്ങളെന്നു പറയാം. എപ്പോൾ വേണമെങ്കിലും പിടി കൊടുക്കേണ്ടി വന്നേക്കാം. അനിശ്ചിതത്വവും ആശങ്കയും തുടരുകയാണ്. യുദ്ധം മുന്നിൽക്കണ്ട് സൈന്യം സജ്ജമായിരിക്കുന്ന പോലെയാണിപ്പോൾ ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും. ഒരേസമയം പോരാട്ടവും സ്വയം പ്രതിരോധവും വേണം. അതിനിടയിലും ഓരോ കോവിഡ് ബാധിതരും രോഗം ഭേദമായി തിരികെ വീട്ടിലേക്കു പോകുമ്പോഴുള്ള സന്തോഷം ചെറുതൊന്നുമല്ല.

English Summary: A Kerala doctor's day in Covid-Care Centre: Visual Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.