പ്രശസ്തിയല്ല, ഡോക്ടറുടെ കടമയാണ് വലുത്; പ്രവർത്തനം തുടരും: ഡോ. ഷിംന

SHARE

അടുത്തകാലത്ത് കുഞ്ഞുങ്ങൾക്ക് മീസല്‍സ് റുബല്ല വാക്സിനെടുക്കാൻ കുറേ മാതാപിതാക്കൾ മടിച്ചു നിന്നിരുന്നു കേരളത്തിൽ. അന്ന് ഒരു ക്ലാസിനിടെ സദസ്സിൽ നിന്നൊരു രക്ഷകർത്താവിന്റെ വെല്ലുവിളിയെ തുടർന്ന് ആ വാക്സിൽ പൊതുവേദിയില്‍ സ്വയം എടുക്കാൻ തയാറായൊരു ഡോക്ടർ വാർത്തയിലിടം നേടി. പ്രതിരോധ കുത്തിവയ്പ്പുകളോടുള്ള കുറേ ആളുകളുെട മനോഭാവത്തെത്തന്നെ മാറ്റിമറിക്കാൻ അവർക്കായി.  

ആ ഡോക്ടറുടെ ധൈര്യപൂർവമുള്ള  പ്രവൃത്തിയുടെ പ്രതിഫലനം കണ്ടത് അവിടുത്തെ വാക്സിനേഷന്റെ നിരക്ക് 20 ശതമാനത്തിൽനിന്ന് 85 ശതമാനത്തിലേറെയായി ഉയർന്നപ്പോഴാണ്. ആ ഒരൊറ്റ വാക്സിനേഷനിലൂടെ ഡോ. ഷിംന അസീസ് കേരളം മുഴുവൻ സംസാരവിഷയമായി. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ട്യൂട്ടറാണ്‌ ഡോ. ഷിംന. ആളുകളിലെ  കോവിഡ്കാല  സമ്മർദ്ദത്തെക്കുറിച്ചും തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ചില സംഭവങ്ങളെക്കുറിച്ചും മനോരമ ഓൺലൈനോട് സംസാരിക്കുകയാണ് ഡോക്ടർ

dr-shimna
ഡോ.ഷിംന അസീസ്

ആ സമ്മർദ്ദം പതിയെ കുറഞ്ഞുവരുന്നു

ഇപ്പോഴത്തെ പ്രധാന പ്രശ്നം സാമ്പത്തിക അരക്ഷിതാവസ്ഥയാണ്. കയ്യിൽ കാശില്ലാത്ത അവസ്ഥ കുടുബത്തിന്റെ ക്വാളിറ്റിയെ വല്ലാതെ ബാധിക്കും.  മറ്റൊന്ന് ആളുകൾക്ക് അസുഖം വന്നാൽ പോലും ആശുപത്രിൽ പോകാൻ പേടിയാണിപ്പോൾ. അതുപോലെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ടു, പാർക്കുകളില്ല, സിനിമാ തിയേറ്ററുകളില്ല. എല്ലാവർക്കും സദാ സമ്മർദ്ദം മാത്രം. ഈ സമ്മർദ്ദം പുറത്തുകളയാനുള്ള യാതൊരു മാർഗവും ഇന്നില്ല. അതുപോലെ ഗാർഹിക പീഡനങ്ങളും വർധിച്ചു. ഇരയും വേട്ടക്കാരനും ഇപ്പോൾ ഒരുമിച്ചാണല്ലോ? എന്നാൽ ലോക്ഡൗണിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന ആ സമ്മർദ്ദങ്ങൾ ആളുകളിൽ പൊതുവേ കുറഞ്ഞുവരുന്നതായാണ് കാണുന്നത്.

മാറ്റിനിർത്തപ്പെടുന്നവർ ഒന്നിക്കുന്നത് സന്തോഷം

വീടുകളിൽ അമ്മയോ ഭാര്യയോ ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളും മറ്റാരും പങ്കിട്ടിരുന്നില്ല.  എന്നാൽ ഇപ്പോഴത് എല്ലാവരും ഒരുമിച്ച് ചെയ്യുമ്പോൾ കുടുബത്തിൽ എന്താണ് നടക്കുന്നതെന്ന ധാരണ ഭർത്താവിനും കുട്ടികൾക്കുമുണ്ടാകുന്നു. അങ്ങനെ പല കാര്യങ്ങളിലും മാറി നിന്നിരുന്നവർ ഒന്നിക്കുന്നത് കാണുന്നതു തന്നെ സന്തോഷം..

ഫോണിന് അതിർവരമ്പ് അനിവാര്യം

ഓൺലൈൻ ക്ലാസുകളിൽ ഫോണും ഇന്റർനെറ്റും ഒഴിവാക്കാനാവില്ല. എന്നാൽ കുട്ടികൾക്ക് ഫോൺ കൊണ്ട് സ്വാതന്ത്രവും ദുഃസ്വാതന്ത്ര്യവുമുണ്ട്. കുട്ടി ഫോൺ ശരിയായ രീതിയിൽത്തന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കൃത്യമായ അതിർവരമ്പുകൾ കുടുബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനിക്കുക എന്നതാണ് ഇതിന് പരിഹാരം.

ലോക്ഡൗണും സാമ്പത്തികവും

ലോക്ഡൗൺ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നത് നേരാണ്. ഇവിടെ ചെലവ് ചുരുക്കുക എന്നതിലുപരി ചെലവ് കൃത്യമായി ഓർഗനൈസ് ചെയ്യുക എന്നതാണ് സാമ്പത്തിക സമ്മർദ്ദം ഒരു പരിധിവരെ കുറയ്ക്കാനുള്ള മാർഗം. അല്ലാത്ത പക്ഷം മാനസികമായും ശാരീരികമായുമെല്ലാം മനുഷ്യർ ബാധിക്കപ്പെടുമെന്നുറപ്പാണ്‌.

കൊറോണ 'ലീവെടുത്ത്' ‌എങ്ങും പോയിട്ടില്ല

ചിലരുടെ പ്രവൃത്തി കാണുമ്പോൾ കൊറോണ എവിടെയോ ലീവെടുത്ത് പൊയതാണെന്ന് തോന്നും.  ഈ വൈറസ്‌ ലീവെടുത്ത് എവിടെയും പോയിട്ടില്ല,  വീടിന് പുറത്തുതന്നെയുണ്ട്. കൈകൾ കൂടെക്കൂടെ കഴുകുന്നതും മാസ്‌ക്‌ ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും തുടരണം. പുറത്തുപോയി വന്നാൽ കുളിച്ച് വസ്ത്രം മാറുകയെന്നത് എല്ലാവരും ശീലമാക്കുക.

ആ ‘ഭയ്യ’യെ മറക്കാനാവില്ല

കോവിഡ് കാലത്ത് അന്യസംസ്ഥാനതൊഴിലാളികളെ അവരുടെ സ്ഥലങ്ങളിലേക്കു വിടുന്നതിന്റെ ഭാഗമായുള്ള ക്യാംപിൽ കണ്ട ആ ഭയ്യയെ മറക്കാനാവില്ല. തനിക്ക് ഇവിടെ ചികിത്സ ലഭിക്കില്ല, ഏത്ു വിധേനയും നാട്ടിൽ പോവണം. ഇവിടെ തുടർന്നാൽ താൻ മരിച്ച്‌ പോകും എന്നൊക്കെ ചിന്തിച്ച്‌ പകച്ചു നിന്ന അയാൾക്ക് വേണ്ട സഹായങ്ങളും ചികിത്സയും സഹപ്രവർത്തകരോടൊപ്പം ചേർന്ന്‌ ഏർപ്പാടാക്കാൻ സാധിച്ചിരുന്നു. അയാൾ ബംഗാളിലെത്തിയ ശേഷം കുടുംബസമേതം ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. ഇനി കൊറോണ കാലം കഴിഞ്ഞ്‌ തിരിച്ച്‌ ജോലിക്ക്‌ വരുമ്പോൾ കുടുംബത്തോടൊപ്പം കാണാൻ വരുമത്രേ. നമ്മുടെ ഒരു ചെറിയ പ്രവൃത്തി ഒരാളെ എത്രമാത്രമാണ് സന്തോഷിപ്പിക്കുന്നതല്ലേ.. എന്റെ മക്കളൊപ്പമില്ലായിരുന്ന പെരുന്നാളിന്റെ അന്ന് എന്നെ വിളിച്ചുണർത്തി ഈദ്‌ മുബാറക്‌ പറഞ്ഞ ഭയ്യയുടെ ആ ഫോൺകോൾ ജീവിതത്തിൽ തനിച്ചായ ആദ്യ പെരുന്നാളിന് എനിക്കുകിട്ടിയ വലിയ സമ്മാനമായിരുന്നു. 

ഇഷ്ടത്തോടെ തിരഞ്ഞെടുത്ത ജോലി

കോട്ടയും സിഎംഎസ് കോളജിൽ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് കഴിഞ്ഞാണ് എംബിബിഎസ് എടുക്കുന്നത്. കുടുംബത്തിലെ ചിലരുടെ രോഗങ്ങളും മരണങ്ങളും അതേതുടർന്നുള്ള ആശുപത്രിവാസവുമൊക്കയാണ് ഈയൊരു പ്രഫഷൻ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അന്നൊക്ക ആശുപത്രിയില്‍‍ നമുക്കവരോട് സംസാരിക്കാൻ സാധിക്കുമെങ്കിലും അവിടെ നമ്മൾ ആരുമല്ലാത്ത അവസ്ഥയായിരുന്നു. ഉപ്പയാണ് നീ എംബിബിഎസിന് പോകുന്നോ എന്ന് ചോദിക്കുന്നത്. കല്യാണം കഴിഞ്ഞ് മോൻ ഉണ്ടായതിന് ശേഷമാണ് ഞാൻ മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ ചേരുന്നത്. പഠിക്കുമ്പോഴേ മെഡിക്കൽ ബ്ലോഗ് ഒക്കെ എഴുതാൻ തുടങ്ങിയിരുന്നു.

മക്കളെ നന്നായി മിസ് ചെയ്യുന്നുണ്ട്.. എന്നാലും

പത്ത് വയസ്സുകാരൻ ഇഷാനും അഞ്ച് വയസ്സുകാരി അഫ്ഷീനും എന്റെ മാതാപിതാക്കൾക്കൊപ്പമാണിപ്പോൾ. മക്കൾക്കൊപ്പം നിന്നിട്ടിപ്പോൾ മൂന്ന് മാസത്തോളമാകുന്നു. വേണമെങ്കിൽ തൊടാതെയും പിടിക്കാതെയുമൊക്കെ അകലം പാലിച്ച്‌ വളരെ ശ്രദ്ധിച്ച് അവരെ പോയി കാണാം. പക്ഷേ അത് കൂടുതൽ സമ്മർദ്ദമുണ്ടാക്കും. 

ആ കമന്റുകൾ ഞാൻ ശ്രദ്ധിക്കാറില്ല

സോഷ്യൽ മീഡിയയിൽ എഴുതുമ്പോൾ ചിലപ്പോഴെങ്കിലും ധാരാളം നെഗറ്റീവ് കമന്റുകൾ വരാറുണ്ട്‌.. എന്നാൽ അതൊന്നും ഞാൻ മനസ്സിലേയ്ക്ക് എടുക്കാറേയില്ല. എന്റെ എഴുത്തുകൊണ്ട് ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അതുമതി എനിക്ക്. എന്നാൽ ഇൻബോക്സിൽ വന്ന് അനാവശ്യം പറയുന്നവരെ നിയമപരമായിത്തന്നെ നേരിടും. 

പബ്ലിസിറ്റിക്ക്‌ വേണ്ടിയാണ്‌ ഇതെല്ലാം എന്ന ആരോപണം

എന്നെ വിശ്വസിച്ച്‌ എത്രയോ പേർ പറയുന്ന ജീവിതങ്ങളുണ്ട്‌. എഴുതിയാൽ വായിക്കുന്നവർ പൊള്ളിയടരുന്നവ. അതേ പോലെ, വൈറൽ ആകണമെങ്കിൽ പബ്ലിഷ്‌ ചെയ്യാമായിരുന്ന ഒരുപാട്‌ ഫോട്ടോകളുണ്ട്‌. നമ്മളോടുള്ള സ്‌നേഹവും വിശ്വാസവും കൊണ്ട്‌ പച്ചമനുഷ്യർ പങ്കു വയ്ക്കുന്ന സ്വകാര്യ വിശേഷങ്ങളാണ്‌ അവയെല്ലാം. അതൊന്നും മറ്റാരോടും പങ്കുവയ്ക്കാനില്ല. പ്രശസ്തിയല്ല ലക്ഷ്യം. പറയുന്നവർ പറയട്ടെ. ഞാൻ പ്രവർത്തിക്കുകയാണ്‌. അത്‌ തുടരുക തന്നെ ചെയ്യും.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA